നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ

രണ്ട് മാസങ്ങൾക്ക് മുമ്പ് മാനസി യുടെ പിറന്നാളായിരുന്നു.
അവൾ ദില്ലിയിൽ നിന്നും എന്നെ വിളിച്ചു – “ചേച്ചീ ഇന്നെൻ്റെ പിറന്നാളാണ് മറ്റാരോടും പറയാൻ തോന്നിയില്ല എന്നാൽ ചേച്ചിയോട് – “
പറഞ്ഞു തീരും മുമ്പ് ഞാൻ ചിരിച്ചു. ” എന്നും ജീവിതത്തോട് പ്രണയമുണ്ടാവട്ടെ – പ്രണയിക്കാനും ആളുണ്ടാവട്ടെ “
“ആദ്യം പറഞ്ഞത് ഉണ്ടാവും – രണ്ടാമത് പറഞ്ഞത് – ” അവൾ നിർത്തി. “എല്ലാം അറിയുന്ന ചേച്ചിയാണോ ഇത് പറയുന്നത്?”
“ആർക്കറിയം മാനസി- നമ്മുക്കെയാക്കെ ഭാഗധേയം ഏത് വഴിയിലാണ് വീണു കിടക്കുന്നതെന്ന് – ആട്ടെ. മോളെ വിളിച്ചുവോ?”
“നല്ല കാര്യം – മോളല്ലേ എന്നെ വിളിച്ചുണർത്തിയത് – ഇവിടെ നല്ല തണുപ്പാ ചേച്ചീ ഇന്ന് അവധിയെടുത്തു. കുറച്ചുറങ്ങാമെന്ന് കരുതി – പക്ഷേ നക്ഷത്ര അനുവദിക്കുന്നില്ല .പെട്ടെന്ന് എണീറ്റ് കുളിക്കാൻ – മൊബൈലിൽ അവൾ ഉത്തരവിട്ടു. കുളിച്ചിട്ട് മതി, ചായ കുടി എന്ന്.
കുളിച്ചു – നല്ല നെയ്റോസ്റ്റും സാമ്പാറും ചട്നിയും ഉണ്ടാക്കി – ഒറ്റക്കാണെങ്കിലും ബർത്ഡേ സെലിബ്രേറ്റ് ചെയ്യണ്ടേ? ഉച്ചക്ക് ബിരിയാണി ഉണ്ടാക്കാനാ പ്ളാൻ – മൂന്നാല് ഫ്രണ്ട്സ് വരും -വൈകീട്ട് അവര്ടെ വക ദില്ലീലെ സുവർണ മഹൽ റെസ്റ്റാറണ്ടിൽ ട്രീറ്റ്, കേയ്ക്ക് കട്ടിംഗ് എല്ലാമുണ്ട്”
ശരി-മാനസി- നീ ആഘോഷിക്ക് – ചിത്രങ്ങൾ എഫ് ബി യിൽ ഇടാൻ മറക്കണ്ട – നിൻ്റെ എക്സ് കാണട്ടെ .അങ്ങോര് മൂന്നാമതും കെട്ടി സുഖിക്കയല്ലേ?”-
അവൾ കുപ്പിവളയുടയും മട്ടിൽ പൊട്ടിച്ചിരിച്ചു. ചിരിയുടെ അവസാനം തൊണ്ട ഇടറിയോ? തോന്നിയതാവും.
ഇന്ന് വൈകീട്ട് വടകരയിൽ ഒരു പ്രസoഗമുണ്ട് – നൂറുകണക്കിന് സ്ത്രീകൾ സംബന്ധിക്കുന്ന സ്ത്രീകളുടെ പരിപാടിയുടെ ഉൽഘാടനം..മാനസിയുടെ കഥ അവരും കേൾക്കണം – ഞാൻ ബ്രൂ കോഫിയുടെ കപ്പുമായി ചിന്താധീനയായി സോഫയിൽ ഇരുന്നു പോയി.
ഇത് ഫെബ്രുവരിയിൽ നടന്ന സംഭവം.മാനസിയുടെ ജീവിത കഥ കേട്ടാൽ നിങ്ങൾക്ക് വിശ്വാസം വരില്ല – അവൾ ഒരു തകർന്ന പൊൻ ചിലമ്പാണ്.
ബാംഗ്ലൂരിൽ ജനിച്ചു വളർന്ന കുട്ടി-അവളും അനിയനും ശരിക്കും നഗരസന്തതികൾ ആയിരുന്നു – പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്.
കോഴിക്കോടുള്ള ഒരുൾനാടൻ ഗ്രാമത്തിലാണ് അവളുടെ അച്ഛൻ്റെ വീട്. വലിയ തറവാട്ടുകാർ.പെട്ടെന്നൊരു ദിവസം മുത്തശ്ശൻ മരിച്ചു. മുത്തശ്ശി തനിച്ചായി..വലിയ വീടും പറമ്പും സൗകര്യങ്ങളും .എന്നാൽ അമ്മ തനിച്ചെങ്ങന? ചടങ്ങുകൾ കഴിഞ്ഞപ്പോൾ അച്ഛൻ തീരുമാനിച്ചു. മകൾ നാട്ടിൽ നിൽക്കട്ടെ, ഡിഗ്രി കഴിഞ്ഞതല്ലേ? ഇനി ഇവിടുന്ന് പഠിക്കാൻ പോകാം. അച്ഛൻ അവൾക്ക് എം ബി എക്ക് സീറ്റ് സംഘടിപ്പിച്ചു –
മാനസിക്ക് ഒന്നിനും എതിർപ്പില്ല.. എന്നാൽ ഡാൻസ് ക്ലാസ് മുടങ്ങിപ്പോകുമല്ലോ. പിന്നെ ബംഗ്ലൂരില കൂട്ടുകാരികളേയും. ബാംഗ്ലൂരിൽ പല നൃത്ത പരിപാടികളിലും മാനസി ക്ഷണിക്കപ്പെട്ടു. അവൾ അനുഗൃഹീതയായ നർത്തകിയെന്ന് ഓരോരുത്തരും അഭിപ്രായപ്പെട്ടു.
അച്ഛനും അമ്മയും അനിയനും തിരികെ ബാംഗ്ലൂരിലേക്ക് പോയി.
മുത്തശ്ശി മാനസിയുടെ പ്രയാസം കണ്ട് അവളെ കോഴിക്കോട് തന്നെയുള്ള കലാമണ്ഡലത്തിൽ നിന്ന് ഡിഗ്രിയെടുത്ത ഒരു നല്ല അധ്യാപികയുടെ ക്ലാസിൽ കൊണ്ട് പോയി ചേർത്തു.
അതികാലത്തെഴുന്നേറ്റ് മാനസി കോളജിലേക്ക് പോകും-ഡാൻസ് ക്ലാസ് കഴിഞ്ഞേ തിരിച്ചെത്തൂ.
അങ്ങനെ ഫൈനൽ ഇയർ പരീക്ഷ അടുത്തു –
കനത്ത തലമുടിയും നക്ഷത്രക്കണ്ണുകളും മുല്ലമൊട്ട് പുഞ്ചരിയും ഉള്ള അതി സുന്ദരിയായ ഈ പെൺകിടാവിനെ നാടൻ പാതയിലൂടെ കാറോടിച്ച് വന്ന രമേഷ് നായർ എന്ന ചെറുപ്പക്കാരൻ കാണുന്നു – ആരാണ് അവളെന്ന അന്വേഷണത്തിൽ മാനസിയുടെ അച്ഛൻ തൻ്റെ ബന്ധുവാണ് എന്ന് അറിഞ്ഞു. വിവാഹാന്വേഷണം ബാംഗ്ലൂരിൽ അച്ഛനരികിൽ എത്തി. രമേഷ് ഖത്തറിലാണ്, നല്ല ഉദ്യോഗം – .തറവാട്ടുകാർ .പക്ഷെ ഉള്ളിൻ്റെ ഉള്ളിൽ അച്ഛന് ഇഷ്ടമല്ല ..അവൾ പഠിക്കുകയല്ലേ? അച്ഛൻ ഒഴിഞ്ഞു.
എന്നാൽ രമേഷ് ഒഴിയാൻ കൂട്ടാക്കിയില്ല. അമ്പിളിക്കല പോലുള്ള ആ സുന്ദരിയെ സ്വന്തമാക്കാതെ അയാൾക്ക് ഉറക്കമില്ല.ഒടുവിൽ ബന്ധുക്കൾ പലരും ചെന്ന് അപേക്ഷിച്ചപ്പോൾ അച്ഛൻ സമ്മതിച്ചു – തറവാട്ടിൽ വെച്ച് ഗംഭീരമായി വിവാഹം നടന്നു.
വധു ,വരൻ്റെ വീട്ടിലെത്തി – വൈകീട്ടത്തെ വിരുന്ന് കൂടി കഴിഞ്ഞപ്പോൾ അവൾ ക്ഷീണിച്ചു.
വസ്ത്രം മാറണം -ഉറങ്ങണം- അതേയുള്ളൂ ചിന്ത. കല്യാണത്തിരക്കിൽ എത്ര നാളായി നന്നായൊന്ന് ഉറങ്ങിയിട്ട്! രമേഷിൻ്റെ അമ്മ അവളുടെ കയ്യിൽ പാലു കൊടുത്തുകൊണ്ട് പറഞ്ഞു. ‘മോളേ രമേഷ് മോളിലുണ്ട് – മോള് ചെന്നുറങ്ങ് – “
അവൾ വിറയ്ക്കുന്ന കാലുകളാലെ മുകളിലെത്തി – എന്നാൽ മുറിയിൽ ചെന്ന് കയറാൻ ധൈര്യമില്ല. അവൾ എത്ര നേരം ആ ഇടനാഴിയിൽ നിന്നു എന്നറിയില്ല – അമ്മ ഉറങ്ങാനായി മുകളിലേക്ക് വന്നപ്പോഴും അവളങ്ങനെ നിൽക്കുകയാണ്.
“അയ്യോ മോളേ.. ഇത് വരെ പോയില്ലേ? അവൻ ഉങ്ങിക്കാണും.വേഗം ചെല്ലൂ.” അമ്മ മുറിയുടെ വാതിൽക്കൽ എത്തിച്ചു – അവൾ ചാരിയ വാതിൽ തുറന്നു അകത്തെത്തി –
” എവിടെ ആയിരുന്നെടീ ഇത്ര നേരം? മനുഷ്യൻ കാത്തു കാത്തു മടുത്തല്ലോ ” അയാൾ അലറി.
ഇടിവെട്ടേറ്റത് പോലെ അവൾ നടുങ്ങിപ്പോയി – വരാൻ പോകുന്ന അനേകമനേകം നടുക്കങ്ങളുടെ നാന്ദിയാണ് അതെന്ന് ആ പാവം പെൺകിടാവ് അന്നേരo അറിഞ്ഞതേയില്ല
വാതിലടച്ച് അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി മേശപ്പുറത്തേക്കെറിഞ്ഞു –
“വേഗം അഴിച്ചു വെക്ക് നിൻ്റെ ആടയാഭരണങ്ങൾ – “
അവൾ ഭയപ്പെട്ട് റിസപ്ഷനായി അണിഞ്ഞ കുറച്ച് ആഭരണങ്ങൾ ,തലയിൽ ചൂടിയ മുല്ലമാല എല്ലാം ധൃതിയിൽ അഴിച്ചെടുത്തു.
അപ്പോഴേക്കും ആ നവവരൻ അവളെ കട്ടിലിലേക്ക് തള്ളിയിട്ട് അതിക്രൂരമായി കീഴ്പ്പെടുത്തി – അക്ഷരാർത്ഥത്തിൽ ബലാത്സoഗം –
അവളുടെ പേലവ ശരീരം കീറി മുറിഞ്ഞു – അയാളിലെ .മൃഗം വിശപ്പടങ്ങി ,തിരിഞ്ഞു കിടന്നുറക്കമായി. അവൾ ഉറക്കം വരാതെ കുറേ നേരം കരഞ്ഞു – ഇതാണോ വിവാഹം? രമേശേട്ടൻ ഖത്തറിൽ നിന്നയച്ച ഗ്രീറ്റിംഗ് കാർഡും ചിലങ്കയും ഒന്നും സ്നേഹത്തിൻ്റെ ചിഹ്നങ്ങളല്ലേ? ഈ മനുഷ്യന് കാമം മാത്രമാണോ വികാരം? കരഞ്ഞ് കരഞ്ഞ് പുലർകാലത്തെപ്പോഴോ അവളൊന്ന് മയങ്ങിപ്പോയി.
പിറ്റേന്ന്എഴുന്നേറ്റപ്പോൾ അരികിൽ രമേഷില്ല. തൻ്റെ മേൽ ഒരു പർവതം ആരാണ് കയറ്റി വെച്ചത്? കട്ടിലിൽ നിന്ന് എഴുന്നേക്കാനാവുന്നില്ല. പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്- വല്ല വിധവും മാനസി ഫോണെടുത്തു – അച്ഛനാണ് . -“മോളേ.നിങ്ങള് പത്തിന് പുറപ്പെടില്ലേ?”. അപ്പോഴാണ് ഓർമ വന്നത്- ഓ ഇന്നിനി സ്വന്തം വീട്ടിൽ വിരുന്നിന് പോകണം- ആഴത്തിലെവിടേയോ ഒരു സന്തോഷം.
“അച്ഛാ പത്തിന് ഇറങ്ങും – ട്ടോ. “
അവൾ നല്ല ചൂടുള്ള വെള്ളത്തിൽ കുളിച്ചു – .ശരീരം മുഴുവൻ നീറ്റൽ – ഒരു വിധം വേഷം മാറി താഴെയെത്തി.
വിരുന്നിന് പോകാനുള്ള ബന്ധുക്കൾ എത്തിത്തുടങ്ങി.
“അമ്മേ – രമേഷേട്ടനെവിടെ?”
അവൻ വേണൂൻ്റെ വീട്ടിൽ പോയതാ- എന്തോ അത്യാവശ്യം ഉണ്ടത്രെ – ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാ പോയത് – നീയും വേഗം കഴിച്ചോ മോളേ. ഞാനൊന്ന് ഡ്രസ് ചെയ്തിട്ട് വരാം.അവനിപ്പോ എത്തും “
“ആരാ വേണു?
” അച്ഛൻ്റെ സ്നേഹിതൻ – ഇന്നലെ കണ്ടില്ലേ സീതേച്ചി – വെളുത്ത് തടിച്ച് ചുവന്ന സാരിയുടുത്ത് – അവൾ എന്നേക്കാൾ രണ്ടു വയസിന് ഇളപ്പമാണ് – “
വിരുന്നുകാരെത്തി – പോകാനുള്ള വാഹനങ്ങളൊരുങ്ങി.രമേഷ് എത്തിയില്ല – അമ്മ വിളിച്ചപ്പോൾ കാറിനെനന്തോ പ്രശ്നം – വർക്ക്ഷോപ്പിൽ കാണിച്ച് വരാമെന്ന് –
പത്തായി. പത്തരയായി – അമ്മാവന്മാർ തീരുമാനമെടുത്തു – മറ്റുള്ളവരുടെ വണ്ടി പുറപ്പെടട്ടെ.രമേഷും മാനസീം അമ്മയും പിറകെ വന്നോട്ടെ.അവരൊക്കെ പോയിക്കഴിഞ്ഞപ്പോൾ രമേഷെത്തി.
“എന്താ രമേഷേട്ടാ ഇത് – മണി പതിനൊന്നാവാറായി അച്ഛൻ എത്ര കുറിയായി വിളിക്കുന്നു.”
രമേഷേട്ടൻ ചിരിച്ചുകൊണ്ട് കൈ പിടിച്ചു –
‘മാനസി- നീ മുകളിലേക്ക് വാ – ഒരൂട്ടം .പറയാൻണ്ട് നിർബന്ധം മുറുകിയപ്പോൾ അവൾ കൂടെ ചെന്നു –
“എന്നാലും രമേഷേട്ടാ- വിരുന്നിന് പോകാനുള്ളപ്പോ പുറത്ത് പോയത് ശരിയായില്ല”
“നീയിവിടെ ഇരിക്ക് പറയട്ടെ” –
അവളെ കട്ടിലിൽ ഇരുത്തി രമേഷ് ചിരിച്ചു –
“അതിനവർ വിടണ്ടേ. ആ സീതേച്ചീ? കാണുന്ന പോലെയല്ല എന്താ സ്റ്റാമിന? ഞങ്ങൾ പരിപാടിയിൽ ആയിരുന്നു “
“എന്ത് പരിപാടി?”.
രമേഷ് ഒരു വഷളൻ ചിരി ചിരിച്ചു. “ഇന്നലെ നിന്നെ ഞാനെന്താ ചെയ്തത് -. അത് തന്നെ – “
മാനസി തകർന്നു പോയി – അമ്മേടെ പ്രായമുള്ള ആ സ്ത്രീ – ? അതും വിവാഹപ്പിറ്റേന്ന്?ഭൂഗോളം മുഴുവൻ തിരിയുകയാണ് – അവൾക്ക് ബോധം കെട്ടില്ല.
അപ്പോഴേക്ക് അമ്മ കടന്നു വന്നു – ” രമേശൻ ഡ്രസ് ചെയ്തില്ലേ?” “ഉവ്വമ്മേ- അഞ്ചേ അഞ്ച് മിനുട്ട് – ഒന്ന് കുളിക്കണം – ഡ്രസ് ചെയ്യണം – “
കാറിലേക്ക് കയറും മുമ്പ് അമ്മ കേൾക്കാതെ രമേഷേട്ടൻ പറഞ്ഞു –
” നടക്കാനുള്ളത് നടന്നു – .ഇനി ഇതാരോടും പറയാൻ നിക്കണ്ട -ഇങ്ങനെ ഇനിയുണ്ടാവില്ല. പോരേ?”
മാനസിക്ക് സുബോധം നഷ്ടമായിരുന്നു. എവിടെ പോയി;ആരെയൊക്കെ കണ്ടു, ആരോടൊക്കെ മിണ്ടി – ഒന്നും ഓർമയില്ല.
പിന്നീടുള്ള ദിവസങ്ങളിൽ രമേഷ് അവളെ പിടിച്ചിരുത്തി കഥകൾ പറയുമായിരുന്നു.എന്ത് കഥകളെന്നല്ലേ -ആ ഗ്രാമത്തിൽ അയാൾ സന്ദർശിച്ച സ്ത്രീകൾക്കൊപ്പമുള്ള രോമാഞ്ചക്കഥകൾ -കേൾക്കാൻ നിന്നു കൊടുത്തില്ലെങ്കിൽ കടുത്ത ശകാരം.
അവധി തീർന്ന് രമേഷ് തിരിയെ ഖത്തറിലേക്ക് പോയി. ഒരു മാസം – രണ്ട് മാസം – വല്ലപ്പോഴും അമ്മയ്ക്ക് ഫോൺ ചെയ്യും –
ഒരു ദിവസം മാനസിയെ ഫോണിൽ കിട്ടണമെന്ന് പറഞ്ഞ് ഒരു കോൾ വന്നു – അകന്ന ഒരു കസിൻ – രമേഷ് ഫ്ലാറ്റിൽ ഒരു ഫിലിപ്പൈനി പെണ്ണിനെ കൂടെ താമസിപ്പിക്കുന്നുണ്ട്- ഉടൻ നീ ഖത്തറിലെത്തണം –
അവൾ കരഞ്ഞില്ല – വേദനിച്ചില്ല പക്ഷെ – എന്തെങ്കിലും ചെയ്തേ പറ്റൂ. അവൾ അമ്മയോട് പറഞ്ഞു.. –
“അമ്മേ എനിക്ക് പാസ്പോർട്ട് ഉള്ളതല്ലേ? എന്നെ വേഗം ഖത്തറിലേക്ക് കൊണ്ടു പോകാൻ പറയു. എനിക്കവിടെ വേഗം ജോലി കിട്ടും – എം.ബി.എക്ക് “റാങ്ക് ഉള്ളതല്ലേ?”
രമേഷിൻ്റെ അച്ഛനും ഇത് ശരിയെന്ന് തോന്നി- അവർ മകനെ വിളിച്ചു പറഞ്ഞു മാനസിയുടെ വിസ വേഗം ശരിയാക്കാൻ. അവിടെ ഫ്ലാറ്റുണ്ട്, ജോലിയുണ്ട് – തടസ്സങ്ങളൊന്നും പറയാനില്ല. രമേഷിന് വിസ അയക്കേണ്ടി വന്നു.
ഭാര്യ താമസത്തിന് വരുന്നു എന്നറിഞ്ഞ ഫിലിപ്പൈനി രമേഷ് ജോലിക്ക് പോയ നേരം നോക്കി വീട്ടു സാധനങ്ങളെല്ലാം തൻ്റെ വീട്ടിലേക്ക് മാറ്റി.
മാനസിവന്നു – രമേഷ് കുറേശ്ശെയായി വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിച്ചു – ആത്മബന്ധങ്ങളൊന്നും ഇല്ല. അയാൾ ശരീരത്തിൻ്റെ ലോകത്ത് ജീവിക്കുന്നവനല്ലേ?
മാനസി കoപ്യൂട്ടറിൽ തനിക്കൊരു ജോലി തേടിത്തുടങ്ങി. കാലത്ത് തൊട്ട് രാത്രി രമേഷെത്തും വരെ എത്ര നാൾ ഒറ്റക്കിരിക്കും? ധാരാളം ഓഫറുകളും വന്നു.രമേഷിനേക്കാൾ കൂടതൽ സാലറിയെങ്കിൽ അയാൾ ആ ജോലി സ്വീകരിക്കാൻ സമ്മതിക്കില്ല.ഒടുവിൽ ഒരു ഇന്ത്യൻ സ്കൂളിൽ ടീച്ചറായി മാനസി നിയമിതയായി – ഡാൻസ് അറിയുന്നത് അവൾക്കൊരു പ്ലസ് പോയിൻറായി – പരിപാടികൾ വരുമ്പോൾ കുട്ടികളെ സഹായിക്കാമല്ലോ –
എന്നാൽ സ്ക്കൂളിലേക്ക് പോകാൻ പുതിയ വസ്ത്രങ്ങളൊന്നും വാങ്ങിയില്ല.രമേഷിൻ്റെ ഒരു കൂട്ടം പഴയ പാൻറുകളും ഷർട്ടുകളും അവൾക്കനുവദിക്കപ്പെട്ടു .
സ്കൂളിസ്കൂളിൽ ജോലി കിട്ടിയ സന്തോഷത്തിൽ അവൾ അമ്മയ്ക്ക് നാലുവരി കത്തെഴുതി ബാഗിലിട്ടു – പിറ്റേന്ന് പോസ്റ്റ് ചെയ്യാമെന്ന് കരുതി – രാത്രി രമേഷ് വിളിക്കുന്നത് കേട്ട് അവൾ അടുക്കളയിൽ നിന്ന് ഓടിയെത്തിയതും മുഖത്ത് അടി വീണു – പിന്നെ തറയിലേക്ക് തള്ളിയിട്ട് അയാൾ അലറി – ” ഇനി ഇത് പോലൊരു കത്തെഴുതിയാൽ- ” അവളുടെ നട്ടെല്ലിലേക്ക് അയാളുടെ കാൽ ആഞ്ഞു ചവിട്ടുകയാണ്. വേദന – വേദന – ശരീരത്തേക്കാൾ വേദന മനസിനായിരുന്നു .വീട്ടിൽ ഫോണില്ല.( അക്കാലത്ത് മൊബൈൽ ഇല്ല.) ജോലി കിട്ടി – സുഖമാണമ്മേ എന്ന് കത്തിൽ എഴുതിയാൽ എന്താണ് തെറ്റ്?
ദിവസങ്ങൾ കടന്നു പോയി – രമേഷിൻ്റെ പഴയ പാൻ്റും ഷർട്ടുമിട്ട് അവൾ ജോലിക്ക് പോയി – എന്നിട്ടും അവൾ ഏറ്റവും സുന്ദരിയായിരുന്നു.
സ്കൂളിൻ്റെ വാർഷികത്തിന് സ്ത്രീജനങ്ങൾ സാരിയുടുത്തു വരണം എന്ന് മീറ്റിംഗിൽ പറഞ്ഞപ്പോൾ അവൾ അച്ഛൻ വാങ്ങിയ നല്ല പട്ടുസാരി തന്നെ എടുത്തു വെച്ചു – ആർട്സ് വിഭാഗത്തിൻ്റെ ചുമതലയുണ്ട് – സ്റ്റേജിലും കയറണം –
എന്നാൽ കുളി കഴിഞ്ഞ് വന്നപ്പോൾ കട്ടിലിൽ സാരിയില്ല -രമേഷേട്ടാ- എൻ്റെ സാരിയെവിടെ എന്ന് ചോദിച്ചതേയുള്ളൂ – അടി കൊണ്ട് അവൾ താഴെ വീണു – നട്ടെല്ലിൽ വീണ്ടും കാൽച്ചവിട്ട് – “ഇന്ന് നീ പുറത്ത് പോകുന്നത് കാണണം – അവൾക്ക് സാരിയുടുക്കണത്രെ!”
ബെഡ് റൂമിൻ്റെ വാതിൽ പുറത്ത് നിന്ന ടച്ചപ്പോൾ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു – ” എനിക്ക് പനിയാണെന്ന് ഒന്ന് സ്കൂളിലേക്ക് വിളിച്ചു പറയണേ രമേഷേട്ടാ- എല്ലാ പ്രാഗ്രാമിൻ്റെം ഡ്യൂട്ടി എനിക്കാ – “അവളെ മുറിയിൽ അടച്ചിട്ട് അയാൾ ജോലിക്ക് പോയി. അടഞ്ഞ വാതിൽ നോക്കി അവൾ കരഞ്ഞു -അക്കാലത്ത് എല്ലാ ഫ്ലാറ്റുകളിലും അറ്റാച്ച് ട്ബാത്റൂമില്ല. വിശപ്പും ദാഹവും സഹിക്കാം -എന്നാൽ മൂത്രശങ്ക എങ്ങനെ പിടിച്ചു വെക്കും? വൈകും വരെ കാത്തു. പിന്നീട് അവൾ ബെഡ്ഷീറ്റ് താഴേക്ക് വലിച്ചിട്ട് അതിൽ സാധിച്ചു. എപ്പോഴോ തളർന്ന് ഉറങ്ങിപ്പോയി – പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ ഭർത്താവ് പെരുമാറി – അവൾ ഉണ്ടാക്കിയ ചായയും പലഹാരവും കഴിച്ചു –
അവൾ പതിവുപോലെ സ്കൂളിലേക്ക് പോയി – പക്ഷേ എത്ര കരഞ്ഞിട്ടും പറഞ്ഞിട്ടും അവളെ ജോലിയിൽ തുടരാൻ മാനേജ്മെൻ്റ് അനുവദിച്ചില്ല. അക്ഷന്തവ്യമായ തെറ്റല്ലേ അവൾ ചെയ്തത്.
പിന്നെയും വീട്ടുതടങ്കൽ .ഭർത്താവിൻ്റെ പരസ്ത്രീ ബന്ധ കഥകൾ കേട്ടില്ലെങ്കിൽ അടി- ചവിട്ട്. ചില ദിവസങ്ങളിൽ അവളുണ്ടാക്കിയ ആഹാരം അവളെ കഴിക്കാൻ സമ്മതിക്കാതെ പട്ടിണിക്കിടും അവൾക്ക് നട്ടെല്ലിന് സ്ഥിരമായി വേദന. ആരോട് പറയാൻ!
അതിനിടയിൽ അവൾ ഗർഭിണിയായി –
പ്രസവത്തിന് വീട്ടിൽ പോകുമ്പോൾ അയാൾ താക്കീതുചെയ്തു – “എന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ നിന്നേയും നിൻ്റെ കുഞ്ഞിനേയും.അവിടെ വന്ന് ഞാൻ കൊല്ലം- “
എന്ത് പറഞ്ഞാലും താനിനി അങ്ങോട്ടില്ലെന്നുറപ്പിച്ച് അവൾ വിമാനം കയറി –
പതുക്കെ അച്ഛനേയും അമ്മയേയും അറിയിക്കാം –
അവിടെ എത്തിയപ്പോഴാണറിഞ്ഞത് അച്ഛന് ഹൃദയ സംബന്ധിയായ അസുഖം – ഒരു ടെൻഷനും കൊടുക്കരുതെന്ന് ഡോക്ടർമാർ .
അവൾ ഒരു ടെൻഷനും കൊടുത്തില്ല -ഒരു മകളെ പ്രസവിച്ചു. അവൾ എല്ലാ ദുഃഖങ്ങളും മറന്നു –
പ്രസവിച്ച പെണ്ണിനെ കുളിപ്പിക്കാൻ വന്ന സ്ത്രീ അന്തിച്ചു. അവളുടെ സുഭഗമായ ശരീരത്തിൽ എന്തെന്ത് പാടുകൾ!ഒരിക്കൽ ഇസ്തിരിപ്പെട്ടി ചൂടാക്കി പുറത്ത് വെച്ച പാട് കണ്ട് ആ സ്ത്രീ അമ്മയ്ക്കടുത്തോടി – അമ്മ ഉറക്കെ കരഞ്ഞു ചോദിച്ചു – “മോളെ നിൻ്റെ മേലെന്താ നിറയെ ചോര കക്കിയ പോലെ?”
അമ്മേ അവൾ ചിരിച്ചു.. “അത് ഖത്തറിൽ നിന്ന് കിട്ടിയ ഒരു ചർമരോഗമാണ് മരുന്നുണ്ട്- അമ്മ പേടിക്കണ്ട .”
അവൾ കുട്ടിയുമായി ഖത്തറിലെത്തി – മൂന്ന് മാസം.കഴിഞ്ഞു -അപ്പോഴാണ് രമേഷിൻ്റെ സ്നേഹിത കുട്ടിയെ കാണാൻ വന്നത്-
“എൻ്റെ കമ്പനിയിൽ ഒരു ഒഴിവുണ്ട് – ബോസിനോട് ചോദിച്ചു. നോക്കട്ടെ -ഇന്നത്തെ കാലത്ത് രണ്ട് പേരും ജോലി ചെയ്തില്ലെങ്കിൽ എങ്ങനെ ജീവിക്കും?”
അവളുടെ ശുപാർശയിൽ ജോലി കിട്ടി.ബേബി കെയറിന് ഒരു സ്ത്രീയെ ഏൽപ്പിച്ച്.അവൾ ജോലിക്ക് പോയിത്തുടങ്ങി. ഒരു ഇംഗ്ലീഷ് കമ്പനിയാണ് – ഇംഗ്ലീഷുകാരനായ ബോസിന് അവളുടെ ചുറുചുറുക്കും ജോലിയിൽ കാണിക്കുന്ന ശുഷ്കാന്തിയും ആർജവവും ഇഷ്ടമായി.
രമേഷ് വീട്ടിൽ വലിയ ബാരലിൽ മദ്യം കൊണ്ട് വന്ന് സേവ തുടങ്ങി. ജോലി കഴിഞ്ഞു വന്നാൽ സംശയം – അസഭ്യം പറച്ചിൽ – പിന്നെ പ്രഹരമാമാങ്കം വേറെ – കുട്ടിയെ ഓർത്ത് അവൾ എല്ലാം സഹിച്ചു. ഓഫീസിലുംവീട്ടിലും ഫോണുണ്ടെങ്കിലും നാട്ടിലേക്ക് വിളിച്ച് ഒന്നും പറഞ്ഞില്ല.
ഒരു ദിവസം വലിയ വഴക്കിന് ശേഷം കുട്ടിയെ ജോലിക്കാരിയെ ഏൽപ്പിച്ച് അവൾ ഓഫീസിലെത്തി – കുറേ കഴിഞ്ഞ് ജോലിയുടെ എന്തോ ഡിസ്കഷനിടയിൽ അവൾ
ഒന്ന് രണ്ട് പേർക്കൊപ്പം ബോസ്സിൻ്റെ മുറിയിൽ ആയിരുന്നു. ഭർത്താവ് മുറിയിലേക്ക് പെട്ടെന്ന് കടന്നു വന്നു –
” “വ്യഭിചരിക്കാനാണോടീ നീ ഓഫീസിൽ വരുന്നത്?'”
അവളുടെ കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് അയാൾ ചോദിച്ചു – മദ്യപിച്ചു. ചുവന്ന അയാളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി ബോസ് അലറി – ഗെറ്റൗട്ട് യൂ –
ആരൊക്കെയോ ചേർന്ന് അയാളെ മുറി ക്ക് പുറത്തേക്കാക്കി – ബോസ് അവളെ പുറത്ത് മുറിക്ക് പോകാൻ അനുവദിച്ചില്ല. അവളെ കൂടാതെ താൻ പോവില്ലെന്ന് പറഞ്ഞ് ഭർത്താവും റിസപ്ഷനിൽ ചടഞ്ഞിരുന്നു ബോസ്സിൻ്റെ മുറിയിൽ ചിലത് നടക്കുന്നുണ്ടായിരുന്നു – അദ്ദേഹം മാനസിയെക്കൊണ്ട് ഒരു കടലാസിൽ.ഒപ്പിടുവിച്ചു – പോലീസിൽ പരാതിപ്പെടാനാണ്.പിന്നെ സഹപ്രവർത്തകയായ ഒരു ബ്രിട്ടീഷ് വനിതയെക്കൂട്ടി മറ്റൊരു വാതിലിലൂടെ അവളെ വീട്ടിലേക്കയച്ചു.. ഭർത്താവ് ഓഫീസിൽ ഇരിക്കയാണ് –
മാനസി നെഞ്ചിടിപ്പോടെ തൻ്റെ ഫ്ലാറ്റിൻ്റെ ബെല്ലടിച്ചു.അകത്ത് ആളുണ്ട് – പക്ഷെ തുറക്കുന്നില്ല – അകത്ത് വാതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടു – അവൾക്ക് മനസ്സിലായി രമേഷ് വാതിൽ പുറത്ത് നിന്നടച്ച് പോയിരിക്കയാണ്! സ്വന്തം താക്കോലെടുത്ത് വാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ അവൾ തളർന്നു പോയി – കുഞ്ഞിനേയും ആയയേയും മുറിക്കകത്തിട്ട് പൂട്ടിയിട്ടിരിക്കുന്നു.”മോൾ വിശന്ന് കരഞ്ഞ് തളർന്നുറങ്ങിപ്പോയി. ” ആയ പറഞ്ഞു.
ബ്രിട്ടീഷ് സുഹൃത്ത് തിരക്ക് കൂട്ടി- “വേഗം എടുക്കാത്തുള്ളതെടുത്ത് വാ. ആ ദുഷ്ടൻ വരുമ്പോഴേക്കും സ്ഥലം വിടണം – “
മാനസി തൻ്റെ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ഫയൽ മാത്രം അലമാരി തുറന്നെടുത്തു .തൻ്റെ നൂറ് പവൻ ആഭരണങ്ങളുണ്ട് അലമാരിയിൽ – അതൊന്നും വേണ്ടാ – തനിക്ക് വിലപ്പെട്ടതായി ഇനിയൊന്നേയുള്ളൂ – തൻ്റെ മോൾ .ആയയെ പറഞ്ഞയച്ച് അവൾ കുട്ടിയെ എടുത്ത് തോളിലിട്ട് വാതിൽ പൂട്ടി സുഹൃത്തിൻ്റെ കാറിൽ കയറി .പിന്നീട് കോടതിയിൽ വെച്ചേ രമേഷിനെ കണ്ടുള്ളൂ.
അവിടെ പൂജ്യം മുതൽ ജീവിതം ആരംഭിക്കയാണ്.
കഴിഞ്ഞു, മാനസിയുടെ പീഡന കാലം –
ഇനിയുള്ളത് ഉയിർത്തെഴുന്നേൽപിൻ്റെ കാലമാണ്.
അവളെ പിന്നീട് കമ്പനി ലണ്ടനിലേക്ക് അയച്ചു. മകളെ നാട്ടിലാക്കി അവൾ പോയി – അത് കഴിഞ്ഞ് ദില്ലിയിലേക്ക് ട്രാൻസ്ഫർ –
ഇന്ന് മാനസിയുടെ മകൾ ഹൈസ്കൂളിലാണ് അച്ഛനും അമ്മയും അവളെ അരുമയായ് നോക്കുന്നു. മാനസിക്ക് ഇന്ന് പണമുണ്ട് – ജോലിയുണ്ട്, അതിനേക്കാൾ സമാധാനവും ഉണ്ട് ആത്മാഭിമാനം എന്തെന്നും അവൾക്കിപ്പോൾ അറിയാം.
ആർദ്രത വറ്റി മൃഗതുല്യരായിത്തീരുന്ന നരാധമൻമാർ കഴുത്തിൽ താലി ചാർത്തി പെൺകിടാങ്ങളെ ബലിക്കല്ലിൽ വെക്കുന്നു –
വിദ്യാസമ്പന്നകളായ സ്ത്രീകൾ പോലും ഭർത്താവ് ചെയ്യുന്ന ക്രൂരതകൾ മാതാപിതാക്കളെ അറിയിക്കുന്നില്ല. ഇത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്‌ – സമകാലിക ലോകത്ത് ജീവിക്കുന്ന പെൺകുട്ടികൾ കൂടുതൽ പക്വമതികളും തൻ്റേടികളും ആണെങ്കിലും പല കുട്ടികളും അവരുടെ പീഡിതാത്മാക്കളായ അമ്മമാരുടെ അനുഭവങ്ങൾ കണ്ട് മനസ് മരവിച്ചവരാണ്.
ഗാർഹിക പീഡന നിയമം അറിയാത്ത ഭർത്താക്കന്മാരേ – നിങ്ങൾ ഇതുപോലൊക്കെ സ്വന്തം ഭാര്യയോട് ചെയ്യുന്നുവെങ്കിൽ, സഹികെട്ട് അവൾ ഒരു വെള്ളക്കടലാസിൽ ഒരു പരാതി എഴുതിക്കൊടുത്താൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം – പുരുഷനോട് ക്രൂരത കാണിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. അവരുടെ കഥകൾ പിന്നലെ വരുന്നുണ്ട്.
പ്രിയരെ – നിങ്ങൾ ഞെട്ടരുത് -ഇത് നടന്ന കഥയാണ് – അനുഭവസ്ഥ നേരിൽ പറഞ്ഞതാണ് – കണ്ണ് നനയാതെയും ശബ്ദമിടറാതെയും അവൾ ഇതൊക്കെ പറഞ്ഞപ്പോൾ നെഞ്ചുനീറി തേങ്ങിപ്പോയത് ഞാനാണ് –
ഇന്നവൾ സ്വയം സ്നേഹിക്കുന്നവളാണ്. നമുക്ക് നമ്മുടെ മുഖാമുഖം നിൽക്കണമെങ്കിൽ നാം നമ്മെ സ്നേഹിക്കണം. നമ്മുടെ ശരീരത്തേയും മനസ്സിനേയും സ്നേഹിക്കുക. അതിനെ ആരും പൊള്ളിക്കാനും പ്രഹരിക്കാനും അനുവദിക്കരുത്.ജീവിതം സുന്ദരമാണ്. വെറുക്കുന്ന ഒരാളിൽ നിന്നും നിവൃത്തിയില്ലാതെ വേർപെടേണ്ടി വന്നാലും നമ്മെ കാത്ത് ആയിരം സന്തോഷങ്ങൾ കാത്തിരിക്കുന്നു – കാരണം സാക്ഷാത്കരിക്കപ്പെടാനുള്ള ഒരു സവിശേഷ മഹത്വത്തോട്.കൂടിയാണ് നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
നിങ്ങളുടെ
കെ.പി.സുധീര