നിഷ്കാസിതരു ടെ ഡയറിക്കുറിപ്പുകൾ – 6

posted in: blog | 0

നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ .6

വികലമാനസരുടെ പ്രണയ കേളികൾ
കെ.പി.സുധീര

ഇത് ആശയുടെ കഥയാണ് – അവളുടെ ആശാ ഭംഗത്തിൻ്റേയും- നർത്തകിയായ അവൾ ആത്മവിശ്വാസത്തോടെയാണ് ജീവിച്ചത്! പോസിറ്റിവ് എനർജിയുടെ ഹിമാലയ പർവതം ഉള്ളിൽ സൂക്ഷിച്ചവൾ.
ആശ ജന്മനാ നർത്തകിയായിരുന്നു – മൂന്ന് വയസ്സ് മുതൽ അവളുടെ സുന്ദരാനനം ചടുല ഭാവങ്ങൾ കാണിച്ചു തുടങ്ങി. അവളുടെ അംഗുലികളുടെ മോഹന മുദ്രകൾ കണ്ട് അച്ഛൻ അമ്പരന്നു.അമ്മയും കുട്ടിക്കാലത്ത് നന്നായി നൃത്തം ചെയ്തിരുന്നു – എന്നാൽ ആരുമാ പെൺകുട്ടിയെ നൃത്തം പഠിപ്പിച്ചില്ല. അത് കൊണ്ട് ആശയെ നൃത്തം പഠിപ്പിക്കുക എന്നത് ആ അമ്മയുടെ ഒരു സ്വപ്നമായിത്തീർന്നു. അങ്ങനെ ഇഷ്ട വിഷയമായ നൃത്തത്തിലൂടെ അവളുടെ ജീവിതം ആരംഭിച്ചു.
ആശയുടെ ഒരേയൊരു സഹോദരനാണ് ആകാശ്. അവനാണ് ആശയുടെ അംഗരക്ഷകൻ – അച്ഛനും അമ്മയും ജോലിക്ക് പോയാൽ ആശയെ ഡാൻസ് ക്ലാസ്സിൽ കൊണ്ടു പോകുന്നതും ഭക്ഷണം എടുത്തു കൊടുക്കുന്നതും ആകാശാണ്. നല്ല വായനക്കാരനായ ആകാശ് അവളുടെ ജീവിതത്തിന് മേൽ വിസ്തൃതമായ ഒരാകാശം സൃഷ്ടിച്ചു – അവളിൽ ആത്മവിശ്വാസം ഊതിക്കയറ്റി.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടന്ന മത്സരങ്ങളിൽ ആശ ഒന്നാമതായി.സ്കൂൾ കലോത്സവത്തിൽ കലാതിലകമായി – പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ആകാശ് ,ഡോക്ടരാവുക എന്ന തൻ്റെ സ്വപ്നത്തെ മറന്ന് ഇംഗ്ലീഷ് എം.എ.ക്ക് ചേർന്നു. കാരണം ആശയെ വിട്ട് എങ്ങും പോകാൻ അവൻ തയ്യാറായില്ല.
ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ, പ്രകാശമാനമായ ഒരു ഇടവേള കഴിഞ്ഞ് അവരുടെ ജീവിതം ഒരു ഇരുണ്ട അഗാധതയെ പ്രാപിച്ചു – ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ആശയുടെ നൃത്തോത്സവം കാണാൻ അച്ഛനും അമ്മയും സ്കൂട്ടറിൽ വരികയായിരുന്നു – ഒരു ലോറി ചീറിപ്പാഞ്ഞു വന്ന് അവരുടെ ജീവിതത്തെ ഇടിച്ച്ചതച്ചു നിർത്താതെ കടന്നു പോയി.വിവരം ആകാശിൻ്റെ ചെവിയിലെത്തിയെങ്കിലും ആശയുടെ നൃത്ത പരിപാടികൾ തീരും വരെ ആകാശ് ധാരധാരയായൊഴുകുന്ന കണ്ണുനീർ തുടയ്ക്കാതെ ആ വേദിക്ക് പിറകിൽ അവളെ കാത്തു നിന്നു.
ആ വേദിയിൽ കർട്ടൺ വീഴുമ്പോൾ അവരുടെ ജീവിതത്തിൻ്റെയും പ്രകാശം നിറഞ്ഞ ഒരധ്യായം തീർന്നിരുന്നു -പിന്നീടവർ
ആശയും ആകാശും മാത്രമുള്ള ഒരു ജീവിതം ജീവിച്ചു തുടങ്ങി – അച്ഛനും അമ്മയും ആരായിരുന്നുവെന്നറിയുവാൻ അവർ ജീവിതത്തിൽ നിന്ന് നിഷ്ക്രമിക്കണം.

എന്നാൽ ആശയ്ക്ക് നിറഞ്ഞ ശുഭ വിശ്വാസമേകി ആകാശ് കൂടെ നിന്നു – നൃത്തത്തിൽ ഡിഗ്രി എടുത്തപ്പോൾ അവൾക്ക് കേരളത്തിലെ ഒരു സ്കൂളിൽ നൃത്താധ്യാപികയായി ജോലി ലഭിച്ചു.
ആകാശും ആശയും വെവ്വേറെ ജീവിതം ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകനായ ആകാശ് വിവാഹിതനാവാൻ കൂട്ടാക്കിയില്ല – ആശയും വിവാഹം വേണ്ടെന്ന് വെച്ചു – നൃത്തം ചവുട്ടിയും നൃത്ത പരിപാടികൾ നടത്തിയും തൻ്റെ ശിഷ്യകൾക്ക് ചുവടുകൾ പറഞ്ഞു കൊടുത്തും ഒരു ജീവിതം. അത് മതി . അവൾ തീരുമാനമെടുത്തു..
വർഷങ്ങൾ കടന്നു പോയി – വേദിയിൽ നിന്ന് വേദിയിലേക്ക് നൃത്തച്ചുവടുകളുമായി നീങ്ങവേ നിരവധി പുരുഷ നയനങ്ങൾ സുന്ദരമായ അവളുടെ മേനിയിൽ ആകൃഷ്ട്രരായി. വിവാഹിതരും അവിവാഹിതരും ആശയോട് തീരാത്ത ആശയോടെ പ്രണയം അഭ്യർത്ഥിച്ചു. അവൾ ഒരു സൗമ്യ മന്ദഹാസത്തോടെ ഓരോരുത്തരിൽ നിന്നും ഒഴിഞ്ഞുമാറി – അതിൽ കലാകാരന്മാരുണ്ട്, എഴുത്തുകാരുണ്ട്, കോടീശ്വരന്മാരുണ്ട്, സെലിബ്രിറ്റികളുണ്ട്. ആശയ്ക്കെന്നാൽ കലയോട് മാത്രമാണ് ഭ്രമവും പ്രണയവും.
വർഷങ്ങളനവധി അടർന്നു വീണു – ആശ യൗവ്വനവും മധ്യവയസ്സും കഴിഞ്ഞു നിൽക്കുമ്പോൾ ഒരു സംഭവമുണ്ടായി.

ആശ സ്വന്തമായി തുടങ്ങിയ നൃത്താലയത്തിൻ്റെ ഉൽഘാടനത്തിന് ആശംസ പറയാനെത്തിയ ഒരു മാന്യൻ പരിചയപ്പെടാനെത്തി. കാണാൻ സുമുഖൻ – മാന്യമായ വേഷവും പെരുമാറ്റവും -മൊബൈൽ നമ്പർ ലഭിച്ച ശേഷം അയാൾ വാട്സ്ആപ്പിൽ ചാറ്റ് തുടങ്ങി – അവിവാഹിതനായ ടോം ജോർജിൻ്റെ പെരുമാറ്റത്തിലെ വിനയവും കുലീനതയും അവൾ അന്നേ ശ്രദ്ധിച്ചിരുന്നു –
“ഞാനും നിങ്ങളെപ്പോലെ ഒരു ഒറ്റയാനാണ് “
അയാൾ സൗമ്യമായി മന്ദഹസിച്ചു –

അയാളുടെ പ്രണയം അവിരാമം വാട്സ് ആപ്പിലൂടെ ഒഴുകിയെത്തി.
ഏതോ ദുർബല നിമിഷത്തിൽ ആശ ആ പ്രണയത്തടാകത്തിലേക്ക് ഹതാശയായി വീണു – എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. അപ്പോഴേക്കും അയാൾ അവളെ തടവിലാക്കിക്കഴിഞ്ഞിരുന്നു. അവളുടെ അനുഭവ സ്പന്ദങ്ങൾ ഞെട്ടിത്തരിച്ചത് ആ വികല മാനസൻ്റെ വിചിത്രസ്വഭാവങ്ങൾ കണ്ടിട്ടാണ് – കുറേശ്ശെയായി അയാൾ അവളുടെ സ്വാതന്ത്ര്യത്തിന് മേൽ പിടി മുറുക്കിത്തുടങ്ങി – അവളെ നൃത്തത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് സ്വന്തമാക്കുക എന്നതായിരുന്നു അയാളുടെ സ്വാർത്ഥ ചിന്ത.
പല തവണ അവർ പിരിയാൻ തീരുമാനിച്ചു – വീണ്ടും വീണ്ടും അടുത്തു .
“എനിക്ക് ടോമിനെ വെറുക്കാനാവില്ല – മറക്കാനും – കാരണം എന്തെന്ന് ചോദിക്കരുത് – അകലാൻ തീരുമാനിക്കുമ്പോഴേക്കും കൂടുതൽ അടുക്കുക -കൂടുതൽക്കൂടുതൽ ഓർക്കുക – അതാണ് എന്നെ അനുഭവം.”

അവൾ
ഓരോ തവണയും അടിയറവ് പറയും.
“നിങ്ങൾ നിങ്ങളുടെ പ്രണയാതുരമായ കിനാവഴിയിലൂടെ സ്വപ്നാടനം നടത്തി നിർവൃതിയടയൂ”
ടോം പറയും-അയാൾ അവളുടെ പ്രണയത്തെ വെറും ഭാവന, കാമന എന്നൊക്കെയാണ് പറയുക എത്ര ആഴത്തിൽ സ്നേഹിച്ചാലും അയാൾ പറയും നിനക്ക് പ്രണയിക്കാനറിയില്ല.
“എനിക്ക് നിങ്ങളെ പിരിയുക വേദനയാണ്. എൻ്റെ മനസ്സിനെ പീഡിപ്പിക്കുന്നത് നിർത്തു – ഇന്ന് വൈകീട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെടണം – മൂന്നുനാൾ അവിടെ നൃത്ത പരിപാടി – ഏട്ടനും ഞാനുമാണ് പോകുന്നത്. അതിനിടയിൽ പിരിയുന്നതൊക്കെ പറഞ്ഞ് വേദനിപ്പിക്കല്ലെ,ടോം – ”
“വിട്ടുപോകൽ വേദനകളാണ്, ഉപഗ്രഹത്തിന് പോലും മാതൃപേടകത്തെ വേർപെടുമ്പോൾ അതുണ്ടാവാറുണ്ട്. നീ ആൾക്കൂട്ടത്തെ നിൻ്റെ ആട്ടവും കൂത്തും കൊണ്ട് ആനന്ദ നിർവൃതിയിലാക്കു- പ്രശസ്തി തേടി പരക്കം പായൂ – ”

അയാൾ ക്രൂരമായി ചിരിച്ചു.
“എന്നെ നിങ്ങൾക്ക് മനസ്സിലായിട്ടില്ല ടോം. ചില പുസ്തകങ്ങൾ ആദ്യ വായനയിൽ പിടി കിട്ടില്ല – “


“മനസ്സിലാവാതെ ഉപേക്ഷിച്ച പുസ്തകങ്ങളുണ്ട് എന്റെ ജീവിതത്തിൽ, നിന്നെപ്പോലെ.”
അവൾ മൊബൈൽ ഓഫാക്കി ഒരു തുടം കണ്ണുനീർ വിഴുങ്ങി.
ആശയുടെ ഈ മാനസിക സംഘർഷങ്ങളൊന്നും ആകാശ് അറിഞ്ഞില്ല – എന്നാൽ സഹോദരിയുടെ പഴയ പ്രസരിപ്പ് കുറഞ്ഞതായും ആത്മവിശ്വാസത്തിന് മങ്ങലേറ്റതായും അയാൾ കണ്ടു –
“ആശേ- എന്താണ് നിന്നെ അലട്ടുന്ന പ്രശ്നം? എന്നോട് പറഞ്ഞു കൂടെ?”

സൗമ്യനായ ആ മനുഷ്യൻ ചോദിച്ചു. ഒറ്റയ്ക്കാണ് ജീവിക്കുന്നതെങ്കിലും ഏട്ടൻ്റെ സ്വഭാവത്തിന് ഒരു പതർച്ചയുമില്ല – മനോവിഭ്രാന്തിയില്ല – തെളിഞ്ഞൊഴുകുന്ന പുഴയാണ് എൻ്റെ ഏട്ടൻ – എന്നാൽ തികഞ്ഞ സാഡിസ്റ്റായ ടോമിൻ്റെ സ്ഥിതിയെന്താണ്? വിവാഹം കഴിച്ചില്ലെന്ന് വെച്ച് ഇത്ര ക്രൂരതയുണ്ടാവുമോ? അവൾ സുദീർഘമായി നിശ്വസിച്ചു.
ആശയ്ക്ക് മാനസിക സമ്മർദ്ദം ഏറി വന്നു – പരിചയപ്പെടുന്ന ഓരോരുത്തരും ആശയെ പ്രേമിക്കുന്നുണ്ടു് എന്ന തോന്നൽ അയാളിൽ പിടിമുറുക്കി –
ഒരു ദിവസം അയാൾ പറഞ്ഞു –

“നീ പ്രണയത്തിൽ സേഫ് പ്ളേ ആണ് കളിക്കുന്നത്- അൺസേഫ് പ്ളേ കളിക്കാൻ മനസ്സ് നിഷ്കളങ്കമാവണം.”
താനതാണ് ,ഇതാണ് എന്ന് ടോം വിമർശിച്ചുകൊണ്ടിരിക്കുകയാണ്.
“എന്താണിത് ടോം?ഞാൻ സ്വപ്നാടനക്കാരിയാണ്. ധിക്കാരിയാണ്, അഹങ്കാരിയാണ് – പ്രശസ്തിക്കായി പരക്കം പായുന്നവളാണ് – ചഞ്ചലചിത്തയാണ് – ഇതൊക്കയാണ് ടോമിൻ്റെ വിമർശനങ്ങൾ – എനിക്ക് എന്തിന്പേടി? സേഫ്ടി പ്ളേ കളിക്കാൻ? വേണ്ടിവന്നാൽ എട്ടനോട് എല്ലാം പറയും- ടോമിനല്ലേ സമൂഹത്തെ പേടി? ടോമിന് ഒരു പാട് കൂട്ടുകൾ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വിട്ടു പോയത് ഈ നെഗറ്റിവ് കാഴ്ചപ്പാടുകൾ ഉള്ളത് കൊണ്ടാവാം. ഞാൻ ആരെയും വേദനിപ്പിക്കാതെയാണ് ഇത്രയും കാലം ജീവിച്ചത്.എന്നെ ദ്രോഹിച്ചവർ ചെയ്തത് പോലും ഞാൻ ഓർത്തു വെക്കാറില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന ടോമിനോട് എന്തോ സ്നേഹം തോന്നി. അതിൻ്റെ ശിക്ഷയാണോ ഇതൊക്കെ?”
“നിനക്ക് പ്രേമിക്കാൻ ദേശത്തും വിദേശത്തും പരലോകത്ത് പോലും ആളുണ്ടല്ലോ. പിന്നെന്തിന് ഞാൻ? എനിക്ക് നിന്നോട് വെറുപ്പ് തോന്നുന്നില്ല.എന്നാൽ സ്നേഹമേതോന്നുന്നില്ല.”
ഈ ക്രൂരമായ വാക്കുകൾ കേട്ട് അവളുടെ ഹൃദയം അപമാനത്താൽ പിളർന്നു.
താൻ സ്വയം തന്നെ ബലിക്കല്ലിലേക്ക് വലിച്ചെറിഞ്ഞു.വെട്ടിനുറുക്കപ്പെടാനായി.
അന്യനെ ഭർത്സിച്ചു കൊണ്ടേയിരിക്കുന്നവർ സ്നേഹിക്കുവാൻ മറന്നു പോകും – സ്വന്തം കുറവുകൾ അവർ കണ്ടില്ലെന്ന് നടിക്കും -അന്യനിൽ കുറവുകൾ മാത്രം കാണും – തന്നെപ്പറ്റി ഈ ഒരാൾ പറയുന്നതെല്ലാം താൻ സഹിക്കും- കാരണം ഒരായിരം പേർക്ക് താൻ പ്രിയപ്പെട്ടവളാണല്ലോ. തനിക്ക് നൃത്തം ഉപേക്ഷിക്കാനാവില്ല – അതിനാണ് ഈ കുത്തുവാക്കുകൾ.
തനിക്കുള്ളത് താൻ കൊടുക്കും – അയാൾക്കുള്ളത് അയാളും – മറ്റെന്ത് പറയാൻ!


” ഈ ഒറ്റയാൻ്റെ ക്രൂരകൃത്യങ്ങൾക്ക് മറ്റ് സ്ത്രീകളെപ്പോലെ ഞാനും ഇരയായി. അയാൾ പ്രേമിച്ച ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഭാര്യ പിറ്റേന്ന് ആത്മ വിത്യ ചെയ്തേനെ – 90 കഴിഞ്ഞ സ്വന്തം അമ്മയെ വിട്ട് തന്നത്താൻ സസുഖം വാഴുന്ന അയാൾ മനുഷ്യനാണോ? എന്നിട്ട് എൻ്റെ സ്വന്തം വീട്, എൻ്റെ സ്വന്തം പണം എൻ്റെ ജീവിതം – നല്ല ബ്രാൻഡഡ് വസ്ത്രങ്ങൾ കാറ്, ബൈക്ക് – ഇടക്കാല പ്രണയങ്ങൾ – ഒറ്റയ്ക്ക് ജീവിക്കുന്നവൻ്റെ ആർഭാടങ്ങൾ – പ്രസവിച്ച് വളർത്തിയ അമ്മയെപ്പോലും ദിനം പ്രതി നോവിക്കുന്ന ഇയാളെ സ്നേഹിക്കാൻ ഇനി എനിക്കാവില്ല മാഡം – “
ഇത്രയും പറഞ്ഞ് ആത്മനിന്ദയാൽ പിടഞ്ഞ് ആശ കിതച്ചു.
“negative thoughts വ്യക്തികളിലേക്ക് കടത്തിവിട്ട് അവരെ നിഷ്ക്രിയരാക്കുക- അവനവന് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ അവരെ കശക്കിപ്പിഴിഞ്ഞ് ഇല്ലാതാക്കാൻ നോക്കുക – അവനവൻ അനുഭവിക്കാത്തത് മറ്റുള്ളവരും അനുഭവിക്കരുത് എന്ന നീച ചിന്ത – ഒറ്റയാൻ്റെ ക്രൂരകൃത്യങ്ങൾ – മനസ്സിൻ്റെ കുരുട്ടു ബുദ്ധികൾ.
പക്ഷേ ദൈവം ആയുസ്സു തന്നാൽ, ആരോഗ്യമേകിയാൽ, എന്നിലെ നടനശേഷി വറ്റും വരെ ഞാൻ നൃത്തം ചെയ്യും- അതിനി ആരു വന്നു തടുത്താലും ചെയ്യും”

“അതാണ് ശരി ആശാ – അത് മാത്രമാണ് ശരി.

ആൾക്കൂട്ടത്തിൽ ചെന്ന് നൃത്തം ചെയ്യണം.. ബഹുമതികൾ ലഭിച്ചാൽ സ്വീകരിക്കണം.
വിദേശ രാജ്യങ്ങളിലേക്ക് പഴയ പോലെ ട്രൂപ്പിനൊപ്പം പോകണം- എന്നാൽ നെഗറ്റീവ് ചിന്തക്കാരെ അകറ്റി നിർത്തു- പ്രായം കൂടുകയല്ലേ ?ജീവിതം ദുഷ്കരമാകാതെ നോക്കു – ആൾക്കൂട്ടമാണ് നിൻ്റ ജീവൻ- പിന്നെ ഇത്തരം വിമർശകരുടെ വാക്കുകൾ മറന്നു കളയു – മഹാന്മാരുടെ സദ് വചസ്സുകളും അനുഗ്രഹങ്ങളും എന്നും നിനക്ക് വഴികാട്ടികളാവും – ഏറ്റവും നല്ല ചിന്തകളും മനസ്സുമുള്ള ആരാനും പ്രേമവചസ്സുകളുമായി വന്നാൽ നീ കൈ നീട്ടി സ്വീകരിക്കു- പ്രണയം ആനന്ദമാണ് – പര പീഡയല്ല എന്നയാൾക്ക് ബോധ്യമാവട്ടെ.” ഞാൻ പറഞ്ഞു.
“അതെ മാഡം – ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് ഒരു തുള്ളി ആഹ്ളാദമേകുന്നവന് ഒരു കടലോളം ഞാൻ തിരിച്ചേകും – അവിടെ ഞാൻ സുരക്ഷിതയായിരിക്കും – എൻ്റെ പ്രണയത്തിൻ്റെ വില അറിയാത്തവരെ ഞാൻ മറന്നേ പോകും-അതിൻ്റെ മൂല്യമറിയുന്നവന് ഞാനെല്ലാമേകും”
ആശയുടെ ഈ പ്രത്യാശ സഫലമായീടട്ടെ –
ആമേൻ.

Leave a Reply

Your email address will not be published. Required fields are marked *