മറക്കാത്ത സുഹൃത്ത് – സത്യൻ ബുക് ലാൻറ് ‘

posted in: blog | 0

മരണ പാളങ്ങളിൽ നിന്ന് –
മരണ വാർത്തകൾ കേട്ട് ഹൃദയം മുറിപ്പെട്ട് അശാന്തരായി കഴിയുകയാണ് സമകാലികത്തിൽ നാമൊക്കെ – ചൈനയിൽ കൊറോണയാൽ കൊഴിഞ്ഞു വീഴുന്നവർ ഒരു വശത്ത്. പിഞ്ചു കുഞ്ഞിനെ പാറയിലെറിഞ്ഞ് കൊല്ലുന്ന ഭീകരത – .ഒരു ഡ്രൈവറുടെ അശ്രദ്ധയാൽ മരിക്കുകയാണെന്ന് പോലും മനസിലാകാതെ മരിക്കുന്ന യാത്രക്കാരുടെദയനീയമായ അന്ത്യം, തങ്ങളുടെ തെറ്റ് കൊണ്ടോ അല്ലാതെയോ റോഡുകൾ ചോരക്കളങ്ങളാകുന്നു.
ജീവിതത്തെ പിളർന്നു ചെല്ലുന്ന ഇടിമിന്നൽ പോലെ മരണം!
എന്തുകൊണ്ടോ ഒര ശ്രദ്ധ കൊണ്ടോ,വികാരഭരിതമായ ഒരാവേശം കൊണ്ടോ റെയിൽ പാളങ്ങളിൽ ഛിന്നഭിന്നമാവേണ്ടിയിരുന്ന ഒരാളെക്കുറിച്ച് ഞാനിന്ന് വെറുതെ ഓർത്തു. ജീവൻ തിരിയെ കിട്ടിയത് കൊണ്ട് മാത്രം അനേകം പുസ്തകങ്ങളെഴുതാൻ വിധിക്കപ്പെട്ട ഒരാൾ. ആ ആൾ ഞാനാകുന്നു.
അനേക വർഷങ്ങൾക്ക് മുമ്പ് എന്ന് പറഞ്ഞൊഴിയാനാവില്ല. കൃത്യമായി പറഞ്ഞാൽ മാധവിക്കുട്ടിയെന്ന മലയാളത്തിൻ്റെ മഹാ സാഹിത്യകാരി ജീവിച്ചു കൊതിതീരാതെ കടന്നു പോയ ദിനം.
എൻ്റെ ആത്മാവിലൊരു രാജകുമാരി തന്നെ ആയിരുന്നു മാധവിക്കുട്ടി. പല വായനക്കാർക്കും അങ്ങനെത്തന്നെ. ഞങ്ങളെന്നാൽ ടെലഫോണിൽ ധാരാളം സംസാരിച്ചു. നേരിൽ കാണുമ്പോഴുമതെ. ഈ പ്രിയങ്കരി യാത്രയായ ദിവസം ജീവിതത്തിൽ മറക്കാനാവാത്ത ദിനമാണ്.ബാങ്കിൻ്റെ താക്കോൽ മറ്റൊരു ഓഫീസറുടെ വീട്ടിലെത്തിച്ച ശേഷം ഞാൻ തൃശൂരേക്ക് കാലത്ത് തന്നെ ട്രെയിൻ കയറി. അന്നത്തെ കേരള സാഹിത്യ അക്കാദമി സെക്ര – ശ്രീ.പുരുഷൻ കടലുണ്ടിയാണ്.പുരുഷേട്ടനെ ടെലഫോണിൽ ബന്ധപ്പെട്ടപ്പോൾ തൃശൂർ അക്കാദമിയിൽ വെച്ചതിന് ശേഷം അവിടെ നിന്ന് കാലത്ത് പതിനൊന്നരക്കേ ബോഡി തിരുവന ന്തപു രത്തേക്ക് കൊണ്ടു പോകൂ എന്ന് അറിഞ്ഞിട്ടാണ് ഈ പോക്ക്. (പ്രാണനെടുത്ത് കഴിഞ്ഞാൽ പിന്നെ നാമൊക്കെ വെറും ബോഡി ആവുമല്ലോ.) മാധവിക്കുട്ടിച്ചേച്ചിയുടെ ശരീരം മരണത്താൽ ചേതസ്സറ്റിരിക്കുന്നു എന്ന ഭയാനകമായ അറിവ് ഉൾക്കൊള്ളാൻ ഏറെ പ്രയാസമായിരുന്നു. കണ്ണുനീർ തളം കെട്ടിക്കിടക്കുന്ന ഓർമകൾ – മഹാസങ്കടത്തിൻ്റെ രാജിയാകാത്ത നീറ്റൽ.
ഞാൻ സാധാരണ ടിക്കറ്റെടുത്ത് എക്സിക്യൂട്ടിവിൻ്റെ ഏസി കംപാർട്ട്മെൻറിൽ കയറി. റിസർവേഷൻ ഇല്ല. കയറിയ ശേഷം സീറ്റുണ്ടെങ്കിൽ പണമൊടുക്കിയാൽ മതി എന്ന് ഭർത്താവ് പറഞ്ഞു തന്നിരുന്നു. ടി ടി ആർ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. രശീതി മുറിച്ചു തന്ന് പണമടച്ചപ്പോൾ അദ്ദേഹം ഏറ്റവും പിറകിലുള്ള സീറ്റിലേക്ക് വരാൻ പറഞ്ഞു. (വേറെയും എത്രയോ സീറ്റുകൾ ഒഴിവുണ്ടായിരുന്നു.)
ഞാൻ സീറ്റിൽ ഇരിപ്പുറയ്ക്കാതെ ഓരോരോ ഓർമകളുടെ ഓളങ്ങളിൽ പെട്ടുലയയുമ്പോൾ മൊബൈലിലേക്ക് കോൾ വന്നു. സുകുമാർ അഴീക്കോട് സാറാണ്!
താൻ തൃശൂർക്ക് പോകുന്നുണ്ടോ എന്ന് ചോദ്യം. ഉവ്വ് – സർ_ഞാൻ ട്രെയിനിൽ പൊയ്ക്കൊണ്ടിരിക്കുന്നുവെന്ന് ഉത്തരം.
‘ഞാൻ പോകുന്നില്ല. ചേതനയറ്റ ആ രൂപം എനിക്ക് കാണണ്ട. താൻ കണ്ടതിന് ശേഷം പെട്ടെന്ന് അടുത്ത വണ്ടിക്ക് തിരിയെ പോരണം. കേട്ടോ.’
ഫോൺ കട്ടായി .
ആ മഹാദുഃഖത്തിനിടയിലും എന്നോടുള്ള മാഷിൻ്റെ കരുതൽ ! അഴീക്കോട് മാഷും മാധവിക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം എനിക്കറിയാം.
ടി ടി ആറിൻ്റെ തൊട്ടടുത്ത സീറ്റാണ് എനിക്ക് തന്നത്. അദ്ദേഹം സാഹിത്യത്തെക്കുറിച്ചും മറ്റും നിർത്താതെ സംസാരിച്ചു തുടങ്ങി.ഞാൻ ബാഹ്യലോകത്തെക്കുറിച്ചൊരു ബോധവും ഇല്ലാതെ ഇരിക്കയാണ്. തലയാട്ടിയും വെറുതെ മൂളിയും ഓരോന്ന് പറഞ്ഞൊഴിഞ്ഞു. ഏതോ സ്റ്റേഷനെത്തിയപ്പോൾ ഇപ്പോ വരാം എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് ഒരോട്ടം.ഒരു സ്ത്രീ പെട്ടെന്ന് എൻ്റെ തൊട്ടടുത്ത് ടി ടി യു ടെ സീറ്റിൽ വന്നിരുന്നു. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി – അവർ ഓടിക്കിതച്ച് വണ്ടിയിൽ കയറിയതാണ്.
“ഏതാണ് സ്റ്റേഷൻ ?”
ഞാൻ വെറുതെ ചോദിച്ചു.
“തൃശൂർ”
“അയ്യോ – എനിക്കിവിടെ ഇറങ്ങണം.”എൻ്റെ ഉള്ളിൽ പ്രജ്ഞയുടെ ഒരു ഇടി മിന്നി.
ഞാൻ തോൾസഞ്ചി ചുമലിലിട്ട് വാതിൽക്കലേക്ക് ഓടി. വണ്ടി ഇളകിത്തുടങ്ങിയിരുന്നു. അൽപം വേഗതയിൽ പ്ലാറ്റ്ഫോമിലൂടെ ഓടുകയാണ്. ഏതോ പ്രേരണയാൽ
ഞാൻ തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങാൻ ഭാവിച്ചു. മാധവിക്കുട്ടിച്ചേച്ചി മാത്രമേ മനസിലുള്ളൂ ഞാൻ ചാടാനായി ആയുമ്പോഴേക്കും ഏതോ കൈകൾ എന്നെ പിറകോട്ടു വലിച്ചു.
“മാധവിക്കുട്ടിയോ പോയി. ഇനി ജുനിയർ മാധവിക്കുട്ടിയും പോകണോ?”
ശബ്ദത്തിൽ അൽപം പാരുഷ്യം – ഞാൻ പിടി വിടുവിച്ച് തിരിഞ്ഞു നോക്കി.
ആ മനുഷ്യൻ പറഞ്ഞു: “മാഡം – ഓടുന്ന വണ്ടിയിൽ നിന്ന് നിങ്ങൾ പ്ലാറ്റ്ഫോമിലേക്കല്ല, പാളങ്ങളിലേക്കാണ് വീഴുക – ഇനി ഇത്തരം വിഡ്ഢിത്തങ്ങൾ കാട്ടരുത്.”
“പക്ഷേ എനിക്ക് മാധവിക്കുട്ടിച്ചേച്ചിയെ കാണാൻ ആവില്ലല്ലോ.” ഞാൻ തിരിഞ്ഞു നിന്ന് പൊട്ടിക്കരഞ്ഞു. തലേദിവസം രാത്രി ചേച്ചിയുടെ മരണമറിഞ്ഞപ്പോൾ, മരിച്ചത് ഞാനാണോ എന്ന് വിചാരിച്ചു പോയിരുന്നു. കരയാൻ പോലും കഴിയാത്ത ദുഃഖം – ആ ദുഃഖം ആ തീവണ്ടി മുറിയിൽ ഞാൻ കരഞ്ഞു തീർക്കയാണ്.
” നിങ്ങള് വിഷമിക്കണ്ടാ – അടുത്ത സ്റ്റേഷനിൽ ഇറങ്ങി ടാക്സി യെടുത്ത് അക്കാദമിയിലേക്ക് പോവു- പതിനൊന്നരയ്ക്കല്ലേ എടുക്കൂ “
“പക്ഷേ – ” ഞാൻ വീണ്ടും വിങ്ങിപ്പൊട്ടി. “അതിനു മാത്രം പൈസ കയ്യിൽ ഇല്ലല്ലോ.”
(അന്ന് എ ടി എം സൗകര്യം ഇല്ലായിരുന്നു.)
ഞാൻ മുഖം പൊത്തി. വണ്ടി ഓടുകയാണ്. മാധവിക്കുട്ടിച്ചേച്ചിയിൽ നിന്ന് അകലേക്ക്. കണ്ണു തുറന്നപ്പോൾ എനിക്ക് മുമ്പിലേക്ക് പിടയ്ക്കുന്ന ഒരു ആയിരത്തിൻ്റെ നോട്ട് നീണ്ടു വന്നു.
” മാഡം – നിങ്ങൾ എന്നെ അറിയില്ല എന്നാൽ എനിക്ക് നിങ്ങളെ അറിയാം. ഇത് വെച്ചോളൂ.”
ഞാൻ വേഗം പണം വാങ്ങി ബാഗിലിട്ടു. മനസിൽ പ്രത്യാശയുടെ പൊൻതിളക്കം. ദേവദൂതനെപ്പോലെ എന്നെ സഹായിക്കാനെത്തിയ ആ മനുഷ്യനെ ഞാൻ നോക്കി. “എന്താ പേര്? നമ്പർ തരുമോ പൈസ തിരിയെ എത്തിക്കാൻ – “
ആ വലിയ മനുഷ്യൻ്റെ കരുണാർദ്രമായ പുഞ്ചിരി. “ഇത്തരം അവസരങ്ങളിൽ സഹായിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ മനുഷ്യരാണോ?”
വാതിൽക്കൽ ഒന്ന് രണ്ട് പേർ കൂടി ഉണ്ടായിരുന്നു.
ഞാൻ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു: ” ആ ടി ടി ആർ തൃശൂരെത്തി എന്ന് പറഞ്ഞിരുന്നുവെങ്കിൽ – “
അപ്പോഴേക്കും ഏതോ ഒട്ടറിൽ വണ്ടി നിന്നു. “നിങ്ങൾക്ക് ഭാഗ്യമുണ്ട്. സാധാരണ ഈ ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്താത്തതാണ്. വേഗം ഇറങ്ങൂ.
രണ്ടു പേരിൽ ഒരാൾ പാളങ്ങളിലേക്ക് ഇറങ്ങി എൻ്റെ കൈ പിടിച്ചു ഇറക്കി. പാളങ്ങളിലെ ചരൽക്കല്ലിൽ ചവുട്ടി നിന്ന്
ഞാൻ എൻ്റെ ജീവൻ രക്ഷിച്ച ആളോട്, ഒരിക്കലും മുമ്പ് കാണാതിരുന്നിട്ടും പണം തന്ന ആ വലിയ മനുഷ്യനോട് ചോദിച്ചു.
” പേര് പറഞ്ഞില്ലല്ലോ.”
“എൻ്റെ പേര് സത്യൻ-ബുക്ലാൻറ് എന്ന ബുക്സ്റ്റാൾ നടത്തുന്നു -വേഗം ചെല്ലൂ പ രി (ഭമിക്കേണ്ട – നിങ്ങൾ സമയത്ത് തന്നെ എത്തും – “
ചിലപ്പോൾ, വളരെ വിരളമായി മുറിവേറ്റ ആത്മാക്കളെ ശുശ്രൂഷിക്കാനായി ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരാറുണ്ട്.ഞാൻ സുദീർഘമായി നെടുവീർപ്പയച്ചു.
അദ്ദേഹമാണ് സത്യൻ ബുക് ലാൻ്റ് എന്നറിയപ്പെടുന്ന മഹനീയ വ്യക്തിത്വം. പുസ്തകകച്ചവടം,ടെലികോം കൺസൽട്ടൻറ്,സിനിമാ നിർമ്മാണം ,ജൈവകൃഷി,തുടങ്ങി പല ഇഷ്ട വഴികളിലൂടെ സഞ്ചരിക്കുന്ന ആൾ.
തിരിയെ കൊടുത്താൽ പണത്തിൻ്റെ കടം വീടും – എന്നാൽ പ്രാണൻ്റെ കടം വീട്ടുവാൻ ആവുമോ പ്രിയരെ?)

Leave a Reply

Your email address will not be published. Required fields are marked *