അവൾ – മിയ

posted in: blog | 0

കെ.പി.സുധീര

ഇറ്റലിക്കാരിയാണ് മിയ- ഞങ്ങൾ കൂട്ടുകാരാവുന്നത് ഇംഗ്ലണ്ടിലെ stratford -up on -Avon ൽ വെച്ചാണ്. 2019 അവസാനത്തിൽ ആയിരുന്നു എൻ്റെ മൂന്നാമത് ലണ്ടൻ യാത്ര. പത്ത് വർഷം മുമ്പ് കണ്ട ഷെയ്ക് സിപിയറുടെ ജന്മസ്ഥലം ഒന്നും കൂടി കാണണം. എൻ്റെ ആതിഥേയ അരുണാജിക്കൊപ്പം ഞങ്ങൾ ഒരു കോച്ചിൽ ലണ്ടനിൽ നിന്ന് യാത്ര തിരിച്ചു. ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. ഷെയ്സ്പിയറുടെ ജന്മഗൃഹവും മ്യൂസിയവുമൊക്കെ ഞാൻ തനിച്ചു നടന്നു കാണണം – അവർ അവിടെയുള്ള ബഞ്ചിൽ കാത്തിരിക്കും. അധികം നടക്കാൻ വയ്യ.

ടിക്കറ്റെടുത്ത് ഞങ്ങൾ ആ വിശുദ്ധ ഭൂമിയിലേക്ക് കയറി.അരുണാ ജി കണ്ടു മടുത്ത കാഴ്ചകൾ കാണാൻ ഞാനില്ല എന്ന് പറഞ്ഞ് അവിടെ ഇരിപ്പായി. കയ്യിലുള്ള നെടുനീളൻ map നോക്കി ഞാൻ നടന്നു തുടങ്ങി.


എക്സ്ക്യൂസ് മീ – ആരോ പിറകെ ഓടി വന്നു. ഒരു വെളുവെളുത്ത സുന്ദരി. അവളുടെ കയ്യിൽ ഒരു മെറൂൺ ഷാൾ ഉണ്ട്. ” ഇതാ – നിങ്ങളുടെ കയ്യിൽ നിന്ന് വീണതാണ് – വിലപിടിച്ച ഷാൾ ആണല്ലോ – ശ്രദ്ധിക്കണ്ടേ?” അവൾ ചിരിച്ചു.
“അയ്യോ – ഞാനറിഞ്ഞില്ല വീണത്. ശരിക്കും വിലപിടിപ്പുള്ളത് – എൻ്റെ ലണ്ടനിലെ ഒരു സുഹൃത്തിൻ്റെ സ്നേഹ സമ്മാനം. ഒരു പാട് നന്ദി – ട്ടോ- ഞാൻ അവളുടെ തളിരില പോലുള്ള ഹസ്തം പിടിച്ചു കൊണ്ട് പറഞ്ഞു.
” ഞാൻ മിയ – ഇറ്റലിയിൽ നിന്ന് – നിങ്ങൾ?”
” ഞാൻ ഇന്ത്യാ രാജ്യത്തിൻ്റെ തെക്കേയറ്റത്ത് നിന്ന് – ഒരു ചെറിയ എഴുത്തുകാരി – മിയ.” “തനിച്ചാണോ?”
“ഈ വലിയ ലോകത്ത് എല്ലാവരും തനിച്ചല്ലേ മിയ?”
ഞാൻ പുഞ്ചിരിച്ചു –
എൻ്റെ പേർ ചോദിച്ചു
പറഞ്ഞു.
അവൾ മൊബൈലിലേക്ക് കുനിഞ്ഞ് എന്തോ ടൈപ് ചെയ്തു.
” 74 പുസ്തകങ്ങൾ – ചില്ലറക്കാരി അല്ലല്ലോ ” മിയ എൻ്റെ കീഴ്ത്താടി പിടിച്ചുയർത്തി.
“എനിക്കൊരു ശീലമുണ്ട്. ഒരാളെ ഇഷ്ടമായാൽ ഉമ്മ വെക്കണം – മേ ഐ കിസ് യൂ? “
“പിന്നെന്താ ?” ഞാൻ നാണം മറയ്ക്കാൻ ചിരിച്ചു. എന്നാൽ അവൾ എൻ്റെ ചുണ്ടുകളിൽ ചുംബിക്കുമെന്ന് ഞാൻ ഓർത്തതേയില്ല.
” ഹഗ് മീ”
അവൾ ഇരു കൈകളും വിടർത്തി. ഞാൻ അവളെ മൃദുവായി ആലിംഗനം ചെയ്തു.
” ഇപ്പോ നമ്മൾ സുഹൃത്തുക്കളായി. “
“അതെ മിയ – രണ്ട് രാഷ്ട്രങ്ങളുടെ സംഗമo ,സൗഹൃദം”
ഞങ്ങൾ ഷെയ്ക് സിപിയറിൻ്റെ വീട്ടിലേക്ക് പ്രവേശിച്ചു.
ഇംഗ്ലണ്ടിലെ വാർ‌വിക്ഷയറിൽ(WarwickShare) സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ ഹെൻലി സ്ട്രീറ്റിൽ ആണ് ഞങ്ങൾ . പതിനാറാം നൂറ്റാണ്ടിലെ പുനർ‌നിർമ്മിതമായ കൊച്ചു വീടാണ്. ഷേക്സ്പിയറുടെ ജന്മസ്ഥലം, ഞാൻ ഭക്തിയോടെ കവിയുടെ വീടിൻ്റെ മുറികളിലൂടെ മിയക്കൊപ്പം നടന്നു.ഗൈഡ് പറഞ്ഞു കൊണ്ടിരുന്നു. 1564 ൽ വില്യം ഷേക്സ്പിയർ ഇവിടെ ജനിച്ചുവെന്നും കുട്ടിക്കാലം ചെലവഴിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. പൊതുജനങ്ങൾക്കായി തുറന്ന ഒരു ചെറിയ മ്യൂസിയവുമുണ്ട്. അത് ഷേക്സ്പിയർ ജന്മസ്ഥല ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, അവർ കൈകാര്യം ചെയ്യുന്ന ഒരു ജനപ്രിയ സന്ദർശക ആകർഷണമാണ്. “എല്ലാ സാഹിത്യ പ്രേമികൾക്കും ഒരു മെക്കാ” എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
മിയ ഓരോ സ്ഥലത്ത് നിന്നും എൻ്റെ ചിത്രങ്ങളെടുത്തു. ഞാൻ മിയയുടെതും. ഞങ്ങൾ ധാരാളം സംസാരിച്ചു. ഞാൻ ഇന്ത്യയെക്കുറിച്ചും അവൾ ഇറ്റലിയെക്കുറിച്ചും .രണ്ട്’ മാസം മുമ്പ് ഇറ്റലി സന്ദദർശിച്ച കാര്യം പറഞ്ഞപ്പോൾ അവൾ വിഷാദത്തോടെ പറഞ്ഞു – ഇനിയും വരണം- ഞാനുണ്ടാവും ആതിഥേയ ആയി.ഇന്ത്യയിലേക്ക് വന്നാൽ പലയിടത്തും കൊണ്ടു പോവാം എന്ന് ഞാനും ക്ഷണിച്ചു.
പിന്നെ മ്യൂസിയത്തിലേക്കും ഷെയ്ക്സ്പിയറുടെ സഹോദരിയുടെ വീട്ടിലേക്കും ഞങ്ങൾ ഒന്നിച്ചു നടന്നു. ടാക്സിക്കാറൊന്നും കിട്ടില്ല. കിലോമീറ്റർ കണക്കിന് ഞങ്ങൾ നടന്നു. ഇടയ്ക്ക് മിയ ബാഗ് തുറന്ന് രണ്ടു കുപ്പി soft drinks എടുത്ത് ഒന്ന് എന്നെ ഏൽപിച്ചു. രണ്ട് ബിസ്കറ്റും.
അവിടെ കണ്ട ഒരു പടവലിരുന്ന് ഞങ്ങളത് കുടിച്ചു.
“എൻ്റെ ഭക്ഷണ സാധനങ്ങൾ ആതിഥേയയുടെ ബാഗിലായിപ്പോയി “
ഞാൻ ജാള്യതയോടെ പറഞ്ഞു.
അവൾ ചിരിച്ചു കൊണ്ട് എൻ്റെ കവിളിൽ തട്ടി.
“എനിക്കുള്ളതെല്ലാം ഞാൻ നിനക്കും തരില്ലേ?”
എത്ര വേഗമാണ് ഞങ്ങൾ അടുത്തത് എന്നോർത്ത് അതിശയപ്പെടുമ്പോഴേക്കും മിയ പറഞ്ഞു.
“നിനക്ക് എന്തും തരും പക്ഷെ ഇതൊഴിച്ച് – അവൾ ബാക്ക് പാക്കിൻ്റെ സിപ്പ് തുറന്നു – രണ്ട് മദ്യക്കുപ്പികൾ – അനേകം സിഗരറ്റ് പാക്കുകൾ –
“ദൈവമേ – നീ മദ്യപിക്കുമോ? സിഗരറ്റ് വലിക്കുമോ?”
എൻ്റെ മുഖത്തെ വിഷാദം കണ്ട് മിയ എൻ്റെ കരം ഗ്രഹിച്ചു.
” ഡോണ്ട് വറി സുധീര – എൻ്റേതല്ല – ഇതെല്ലാം എൻ്റെ അമ്മയുടെ സ്വത്തുക്കളാണ് – “
അവൾ ഒരിറക്ക് മൃദുപാനിയത്തോടൊപ്പം ഒരു കവിൾ കണ്ണുനീർ വിഴുങ്ങി.
“എൻ്റെ അമ്മയെ കുട്ടിക്കാലം മുതൽ ഞാൻ അങ്ങനെയാണ് കണ്ടത്.അമ്മ ഒരു അധ്യാപികയായിരുന്നു – സ്കൂൾ വിട്ടു വന്നാൽ ഞാൻ കാണുക ഒരു കയ്യിൽ മദ്യവും മറു കയ്യിൽ സിഗരറ്റുമായി ഇരിക്കുന്ന അമ്മയെ ആണ് – അമ്മക്ക് വിവാഹത്തിന് മുമ്പ് ജനിച്ചതാണ് ഞാൻ – ഒരു കുട്ടിയെ കൊടുത്ത് കാമുകൻ മുങ്ങി – “
“അയ്യോ വേറെ കല്യാണം കഴിച്ചോ? “
ഞാൻ ചോദിച്ചു പോയി.

അല്ല- ഒരു ആക്സിഡൻ്റിൽ – “മിയ നിർത്തി. “മരിച്ചവർ തിരിച്ചു വരുമോ?
അമ്മയുടെ വീട്ടുകാരൊക്കെ മദ്യപയായ അമ്മയെ കയ്യൊഴിഞ്ഞു. പിന്നെ ഏതോ മദ്യശാലയിൽ വെച്ച് ഒരാൾ അമ്മയുടെ കൈ പിടിച്ചു. ” ഏഞ്ചലിന- നീ ചെറുപ്പമാണ് – ഇനി നീ കുടിക്കരുത്. എനിക്കും ആരുമില്ല. നമുക്ക് ഒന്നിച്ച് താമസിക്കാം ?”
മദ്യലഹരിയിൽ അമ്മ സമ്മതിച്ചു. അത്യാവശ്യം നല്ല മദ്യപനായ അദ്ദേഹം മമ്മിക്ക് വേണ്ടി എന്നെന്നേക്കുമായി മദ്യം ഉപേക്ഷിച്ചു. എന്നാൽ ദിനവും രണ്ട് നേരം മദ്യഷാപ്പിൽ പോവേണ്ടി വരും മമ്മിക്ക് മദ്യം വാങ്ങാൻ – “
ഞാൻ സങ്കടത്തോടെ മിയയുടെ കവിളത്തെ കണ്ണുനീർ തുടച്ചു.
“സാരമില്ല – മിയ- സാരമില്ല.”
അവൾ എൻ്റെ കൈത്തലം മുറുകെ പിടിച്ച് മിണ്ടാതിരുന്നു – ഏതോ വൃക്ഷക്കൊമ്പിൽ തനിച്ചിരിക്കുന്ന ഒരു പക്ഷിയിലേക്കായി അവളുടെ ശ്രദ്ധ.
” അറിയാമോ സുധീര – എനിക്ക് അച്ഛനും അമ്മയുമെല്ലാം എൻ്റെ പപ്പയാണ്. മമ്മിക്ക് സ്നേഹിക്കാൻ അറിഞ്ഞ് കൂടാ. എൻ്റെ അച്ഛനുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചേ പറയാനറിയൂ. പ്രാണൻ പറിച്ചേകി സ്നേഹിക്കുന്ന എൻ്റെ പപ്പയെ – ”
“മതി – നമുക്ക് നടക്കാം മിയ- എനിക്കെൻ്റ ആതിഥേയയുടെ അടുത്തെത്തണം – അവർ രണ്ടു മണിക്കൂറാണ് എനിക്ക് അനുവദിച്ചത് “
ഞങ്ങൾ നടന്നു തുടങ്ങി.മിയ നിശബ്ദയായിരുന്നു – എന്നാൽ എൻ്റെ ഇടതു കൈത്തണ്ടയിലുള്ള അവളുടെ പിടുത്തം മുറുകി.അതെ – ഞങ്ങൾ മൗനത്തിലൂടെ സംവദിക്കയാണ്.
“മിയാ – എവിടെ ആയിരുന്നു? ഞങ്ങളേതെല്ലാം സ്ട്രീറ്റിൽ നിന്നെ തിരഞ്ഞു !” ശബ്ദം കേട്ട് മിയ ഞെട്ടിത്തിരിഞ്ഞു .
” എൻ്റെ പപ്പയും മമ്മിയും”

മിയ പറഞ്ഞു.
“മമ്മി നടക്കൂ.ഇത് ഇന്ത്യയിലുള്ള എൻ്റെ സ്നേഹിത സുധീര – “
ഇരുവരും എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു.
” അങ്ങനെയൊന്നും അവൾ ആരോടും അടുക്കാത്തതാണല്ലോ. ബീവെയർ – നിന്നെ സ്നേഹിച്ചു കൊല്ലും.”
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിസിലാവും മുമ്പ് മിയക്ക് നേരെ തിരിഞ്ഞ് അവളുടെ ബാക്ക് പാക്ക് പറിച്ചെടുത്തു – എന്നിട്ട് പറഞ്ഞു. “നിങ്ങള് നടന്നോ- ഞങ്ങള് ആ ബാങ്കിനടുത്തുള്ള ബഞ്ചിൽ കാണും”
പപ്പ മമ്മിയെ സഹതാപത്തോടെ നെഞ്ചോട് ചേർക്കുന്നത് കണ്ട് ഞാൻ മുഖം തിരിച്ചു –
മിയ അവർ പോകുന്നത് നോക്കി നെടുവീർപ്പിട്ടു
” ഇനി അമ്മയെ ഹോട്ടലിലേക്ക് എടുത്ത് കൊണ്ട് പോവേണ്ടി വരും ഞങ്ങൾ. അത് മുഴുവൻ മമ്മി കുടിച്ചു വറ്റിക്കും.സുധീരക്കറിയോ – എൻ്റെ മമ്മിക്ക് ഇനി എത്ര നാൾ – അറിയില്ല. ഡോക്ടർമാർ പറയുന്നത് കഷ്ടി ഒരു മാസമാണ് .കരളും ശ്വാസകോശവും ഹൃദയവുുമെല്ലാം തകരാറിലാണ്.- “
ഞാൻ നടത്തം നിർത്തി.

കേരളത്തിലെ തുലാവർഷം പോലെ എനിക്ക് മുമ്പിൽ മിയ തകർത്ത് പെയ്യുകയാണ്.
പെട്ടെന്നവൾ ജീൻസിൻ്റെ കീശയിൽ നിന്നും ഒരു കാർഡെടുത്ത് നീട്ടി. എന്നിട്ട് എൻ്റെ കവിളിൽ ഒന്ന് ആഞ്ഞ് ചുംബിച്ചു.
” സുധീര – ഞാനും ചെല്ലട്ടെ – പപ്പക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ആവില്ല “
ഞാൻ ആ മൃദുവെണ്ണ പോലുള്ള കൈത്തലത്തിൽ ചുംബിച്ചു.
ആകാശത്ത് ധൃതി പിടിച്ചു പായുന്ന കനത്ത മേഘത്തെപ്പോലെ ശ്വേത സുഭഗയായ ആ പെൺകിടാവ് ആ തെരുവിൽ നടന്നു മറയുന്നത് നെഞ്ചിടിപ്പോടെ ഞാൻ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *