നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 4 .പർവീണിൻ്റെ നരകയാത്രകൾ

posted in: blog | 0

പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പർവിന്ദറിനെ പരിചയപ്പെടുന്നത്. അമേരിക്ക, പാരീസ്, ലണ്ടൻ – ഇങ്ങനെയായിരുന്നു ആ സാഹിത്യ യാത്രാ പദ്ധതി. അമേരിക്കയിൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിന് പകരം ഞങ്ങൾ പതിനഞ്ച് എഴുത്തുകാരികളെ ഡോക്ടർ മേത്തയുടെ വലിയ വീട്ടിലായിരുന്നു താമസിപ്പിച്ചത് – ലണ്ടനിൽ പലപല ഗൃഹങ്ങളിൽ ഞങ്ങൾ അതിഥികളായി. എനിക്ക് പർവീന്ദറിൻ്റെ മനോഹരമായ വീടായി താവളം. അവിടുന്ന് അവരെന്നെ പ്രോഗ്രാം നടക്കുന്ന ഇടത്തേക്കും അതിന് ശേഷമുള്ള ലണ്ടൻ പര്യടനത്തിനും കൂടെ വരും – അന്ന് മുതൽ പർവിന്ദറും ഞാനും അടുത്ത കൂട്ടുകാരികളായി.. പത്തു വർഷങ്ങൾക്ക് ശേഷവും ആ ബന്ധം തുടരുകയാണ്.പർവിന്ദറിൻെറ ജീവിത കഥ എന്നെ ഞെട്ടിച്ചു കളഞ്ഞു.


ആധുനിക യുഗത്തിലെ എല്ലാ സങ്കീർണതയിലും സ്ത്രീ ജീവിതത്തിൻ്റെ കണ്ണീർപ്പാടുകളുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിക്കുന്നതിന് മുമ്പുള്ള കഥയാണ്. അല്ലല്ല- ജീവിത കഥ തന്നെ.
പർവിന്ദറിനെ ഞാൻ പർവീൺ എന്ന് വിളിച്ചു പോന്നു.


പർവീൺ പഞ്ചാബിലാണ് ജനിക്കുന്നത്. അച്ഛൻ സമ്പന്നനായതിനാൽ പ്രവീണിൻ്റെ ജീവിതം സുഖകരമായിരുന്നു. അവളുടെ കുട്ടിക്കാലം മധുരതരമായിരുന്നു. വീട് നിറയെ ആളുകൾ കുട്ടികൾ -മുത്തശ്ശൻ, മുത്തശ്ശി – പർവീൺ നന്നായി പാടുന്നത് കണ്ട് അവളെ അച്ഛൻ സംഗീതം പഠിക്കാനയച്ചു. സുന്ദരിയായ പർവീൺ സ്കൂളിലെ .മിടുക്കിയിരുന്നു.സ്കൂൾ കാലം കഴിഞ്ഞ് അവൾ കോളേജിലത്തി.


പഠിപ്പിലും സംഗീതത്തിലും മിടുക്കിയായ പർവീൺ കോളേജിലെ ചെറുപ്പക്കാരുടെ ശ്രദ്ധാകേന്ദ്രമായി. അമർപ്രീത് എന്ന പഞ്ചാബി സുന്ദരനിൽ അവൾ അനുരക്തയായി- പ്രണയത്തിൻ്റെ മാന്ത്രിക വനത്തിലൂടെ അവരിരുവരും സഞ്ചാരം തുടങ്ങി.എം.എസ്.സി.കഴിഞ്ഞ് അമർപ്രീത് എന്ത് ചെയ്യണം എന്ന് അച്ഛനുമായി ആലോചിച്ചു –
” ഇനി നീ വിവാഹമൊക്കെ കഴിച്ച് എൻ്റെ കൂടെ ബിസിനസ്സിൽ കൂടിക്കോ.”
വിവാഹമോ? അമർ അമ്പരന്നു. അവൻ അമ്മയ്ക്ക് മുന്നിൽ തൻ്റെ പ്രണയരഹസ്യം അറിയിച്ചു. അച്ഛൻ ആളെ വിട്ട് അന്വേഷിപ്പിച്ചു. തരക്കേടില്ലാത്ത കുടുംബം. പെൺകുട്ടിയും സുന്ദരി – അങ്ങനെ പർവീണിൻ്റെ വീട്ടിൽ ആലോചനയുമായി അമറിൻ്റെ അമ്മാവനെത്തി – വിവരം പറയാമെന്ന് പറഞ്ഞ് അച്ഛൻ അദ്ദേഹത്തെ തിരിച്ചയച്ചു.


അദ്ദേഹം പടി കടന്നയുടൻ അച്ഛൻ പർവീണിൻ്റെ മുറിയിലേക്ക്.ഒരു കൊടുങ്കാറ്റ് പോലെ പാഞ്ഞുചെന്നു. അവളുടെ പനിനീർ പൂ പോലുള്ള കവിളത്ത് ഇടിവെട്ടും പോലൊരു പ്രഹരം – പർവീൺ താഴെ വീണു പോയി -“നീ കോളേജിൽ പോണത് പഠിക്കാനോ – അതോ കണ്ട തെണ്ടി പയ്യന്മാരെ പ്രേമിക്കാനോ? “
പർവീൺ എഴുന്നേറ്റ്, അടിയേറ്റ ചെമ്പരത്തിപ്പൂ പോലെ ചുവന്ന് പോയ കവിൾ ഒന്ന് തുടയ്ക്കുക പോലും ചെയ്യാതെ പറഞ്ഞു.


” അമർപ്രീത് തെണ്ടിയല്ലച്ഛാ-അവൻ്റെയച്ഛൻ നല്ല ഒന്നാം തരം ടെക്റ്റയിൽ മില്ലിൻ്റെ ഉടമയാണ് “
” മിണ്ടരുത് – “അച്ഛൻ അവളെ തലങ്ങും വിലങ്ങും തല്ലി – .പർവീൺ കരഞ്ഞില്ല. പക്ഷെ പഠിത്തം മുടങ്ങി -“നമുക്ക് ഒന്നാവാൻ ഭാഗ്യമില്ല അമർപ്രീത് – പിരിയുകയേ വഴിയുള്ളൂ”
അവൾ അമർപ്രീതിന് കരഞ്ഞുകൊണ്ട്ക ത്തെഴുതി.


അങ്ങനെ മൂന്നാം വർഷ പാ0ങ്ങൾ വീട്ടിലിരുന്ന് പഠിച്ച് പർവീൺ ഒന്നാം ക്ലാസോടെ ഡിഗ്രി യെടുത്തു.അപ്പോഴേക്കും അച്ഛൻ കുടുംബത്തെ ദില്ലിയിലേക്ക് പറിച്ചു നട്ടിരുന്നു.


സുന്ദരിയായ പർവീണിന് ലണ്ടനിൽ ജോലി ചെയ്യുന്ന ഒരു എൻജിനിയറുടെ വിവാഹാലോചന.
അച്ഛൻ നേരിട്ട് ചെന്ന് അന്വേഷിച്ചു.ചെറുക്കൻ സുന്ദരൻ – നല്ല ആഭിജാത്യമുള്ള കുടുംബം. .ലക്ഷക്കണക്കന്നാണത്രെ ലണ്ടനിൽ പയ്യൻ്റെ ശമ്പളം – അച്ഛനും അമ്മയ്ക്കും തൃപ്തിയായി. വിവാഹം ആർഭാടമായി നടന്നു.


അന്ദീപിന് നവവധുവിനെ പിരിഞ്ഞ് ജീവിക്കാൻ വയ്യാ – ലീവുണ്ട് – പർവീണിൻ്റെ പാസ്പോർട്ടും വിസയും ശരിയാവട്ടെ – ഒന്നിച്ചു പോകാം.


അങ്ങനെ അമ്പത് വർഷം മുമ്പുള്ള ലണ്ടൻ സിറ്റിയിലേക്ക് അവളുടെ ജീവിതം പറിച്ചുനടപ്പെട്ടു. ഒരു പെൺകുട്ടി ഒഴിഞ്ഞു പോയതിൻ്റെ ആശ്വാസത്തിൽ അച്ഛനുമമ്മയും നെടുവീർപ്പയച്ചു.ലണ്ടനിലെ പത്താം നിലയിലുള്ള ഫ്ലാറ്റിൽ എത്തിയപ്പോൾ പർവീൺ അമ്പരന്നു.അന്ന് ലിഫ്റ്റില്ല -നടന്നു കയറി ക്ഷീണിച്ച് അവർ ഫ്ലാറ്റിലണഞ്ഞു – അതൊരു ഒറ്റമുറി. ഫ്ലാറ്റായിരുന്നു. ഒരു വശത്ത് കട്ടിൽ. മറുവശത്ത് അടുക്കള – കൊച്ചു കുളിമുറിയുടെ വിഭജനം -ടോയ്ലറ്റെവിടെ? അവൾ ചോദിച്ചു –
“കട്ടിലിൻ്റെ താഴെ കാണുന്ന .ആ പാത്രത്തിൽ മൂത്രമൊഴിക്കാം – പുലർച്ചെ എഴുന്നേറ്റ് അക്കാണുന്ന വെളിമ്പറമ്പിൽ പോയി വെളിക്കിരിക്കാം – ആഴ്ചയിലൊരു നാൾ വെള്ളമെത്തും- അത് താഴെ നിന്ന് കൊണ്ട് വന്ന് കുളിക്കാം.”


പർവീൺ തളർന്നു പോയി.. ലക്ഷക്കണക്കിന് ശമ്പളം’ വാങ്ങിക്കുന്ന ആളുടെ താമസസ്ഥലം!
എത്രയും വേഗം തിരിച്ച് നാട്ടിലെത്തണം – അവൾ ആരും കാണാതെ കരഞ്ഞു.
“നമുക്ക് മെച്ചപ്പെട്ട ഒരു ഫ്ലാറ്റ് ഈ ലണ്ടൻ നഗരത്തിൽ കിട്ടില്ലേ അന്ദീപ് ? എനിക്കിവിടെ ശ്വാസം മുട്ടുന്നു – അവൾ പറഞ്ഞു പോയി.”നീ ക്ഷമിക്ക് – എല്ലാം ശരിയാക്കാം- “

അയാൾ കോട്ടും ടൈയും ധരിച്ച് ജോലിക്ക് പോകാൻ ഒരുങ്ങുകയാണ്.


മാസങ്ങൾ അങ്ങനെ ഇഴഞ്ഞു നീങ്ങി. താഴെ വെള്ളമെടുക്കാൻ ചെല്ലുമ്പോൾ കാണുന്ന ഫ്ലാറ്റ് നിവാസികളുമായി പർവീൺ ചങ്ങാത്തത്തിലായി. ഒരു നാൾ അയൽവാസിയായ മേരി ആൻ അവളുടെ കതകിൽ തട്ടി.


” പർവിന്ദർ – ഞാൻ മാർക്കറ്റിലേക്ക് പോകുന്നു. പച്ചക്കറി വാങ്ങാൻ- നീ പോരുന്നോ? എത്ര നാളാണ് നീയിങ്ങനെ ഈ ഒറ്റമുറി ഫ്ലാറ്റിൽ പുറത്തിറങ്ങാതെ? നിനക്കീ ലണ്ടൻ നഗരമൊക്കെ ഒന്ന് കാണണ്ടേ? “പെട്ടെന്നുള്ള ആവേശത്തിൽ പർവീൺ പറഞ്ഞു.


“മേരീ. ഞാനും വരുന്നു -പച്ചക്കറിയെല്ലാം കഴിഞ്ഞിരിക്കയാണ്. ഞാൻ ഒന്ന് വസ്ത്രം മാറിക്കോട്ടെ”
അവൾ അലമാരി തുറന്ന് ഭർത്താവ് സൂക്ഷിച്ച് വെച്ച പണമെടുത്തു. – വിവാഹം കഴിഞ്ഞ് പോരുമ്പോൾ അച്ഛൻ വാങ്ങിച്ചു തന്ന സൂട്ടുകളിൽ ഏറ്റവും മനോഹരമായ ഒന്നെടുത്ത് ഉടുത്തു.
അവർ മാർക്കറ്റിലേക്കുള്ള ബസ്സിൽ കയറി -” ടിക്കറ്റ് ഞാനെടുക്കാം മേരി – അവൾ പഴസ് തുറന്നു –

“കണ്ടക്ടറും ഡ്രൈവറും ഇവിടെ ഒരാളാണ്. നമ്മളോടൊക്കെ പൈസ വാങ്ങിയ ശേഷം അയാൾ. ഡ്രൈവറുടെ സീറ്റിൽ ചെന്നിരിക്കും .പിന്നെ ഇവിടെ ആരും ആരുടേയും ബില്ല് കൊടുക്കില്ല. ഞാൻ എൻ്റെത് കൊടുക്കും. നീ നിൻ്റേതും – ഇതൊക്കെ. അറിഞ്ഞിരിക്കണം – ” ” ശരി – മേരീ’ ഞാനറിഞ്ഞില്ല.” കണ്ടക്ടർ അടുത്തെത്തി.


അവൾ പണമെടുത്ത് അയാൾക്ക് കൊടുക്കുമ്പോൾ, ആ മുഖം കണ്ടു – അവൾ ചാടി എഴുന്നേറ്റ് പോയി – “അന്ദീപ് – നിങ്ങൾ, നിങ്ങളിവിടെ?”


അന്ദീപ് ഒന്നുമറിയാത്ത പോലെ ടിക്കറ്റ് മുറിച്ചു കൊടുത്തു – എന്നിട്ട് ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്നു. അയാളുടെ യൂണിഫോമിൻ്റെ കാർക്കശ്യത്തിലേക്ക് അവൾ നടുക്കത്തോടെ നോക്കിയിരുന്നു.

അന്ന് രാത്രി മുതൽ അന്ദീപ് ഒരു പുതിയ മനുഷ്യനായി അവൾക്ക് മുമ്പിൽ അവതരിച്ചു.
അയാൾക്കായി വാതിൽ തുറന്ന ഉടൻ ഇടിമിന്നൽ പോലൊരു ആക്രോശവും വെടി പൊട്ടുന്ന ഒരടി ചെകിട്ടത്തും.

അതിനേക്കാൾ അവളെ വേദനിപ്പിച്ചത് അയാളുടെ സംസ്കാര ശൂന്യമായ വാക്കുകളായിരുന്നു.
പിറ്റേന്ന് മുതൽ അയാൾ സൂട്ടും കോട്ടും ധരിച്ച് താഴത്തെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ വെച്ച് യൂണിഫോം ധരിച്ച് പോകുന്ന ശീലം നിർത്തി. വീട്ടിൽ തന്നെ പർവീൺ അയാളുടെ പരുക്കൻ യൂണിഫോം കഴുകിയുണക്കി- അയാളുടെ സ്വഭാവം കൂടുതൽ പരുക്കനായി- നിത്യവും മദ്യം സേവിച്ച് വരും – അവളുടെ ശ്വേത സുഭഗമായ ശരീരത്തിൽ അവിടവിടെ ചോര കക്കിയ പാടുകൾ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസം അവളെ അത്രമേൽ പ്രഹരിച്ച ഒരു ഭാവവും കാണിക്കാതെ അയാൾ. പെരുമാറും – സഹികെട്ടപ്പോൾ പവീൺ അമ്മയ്ക്ക് വിശദമായി ഒരു കത്തെഴുതി. അനേക നാളുകൾക്ക് ശേഷം മറുപടി വന്നു – “നീ പറയും പോലെ വിവാഹമോചനമൊന്നും നടക്കില്ല.. നിൻ്റെ അനിയത്തിമാരെ പിന്നീട് വിവാഹം കഴിക്കാൻ ആരെങ്കിലും വരുമോ? എല്ലാം നിൻ്റെ വിധിയെന്ന് കരുതി ആശ്വസിക്കൂ – ഇനി നീ ഇത്തരം പരാതികൾ എഴുതി അയക്കരുത് – “
പർവീൺ ശരിക്കും തളർന്ന് പോയി – ഈ തടവിൽ നിന്ന് തനിക്കിനി രക്ഷയില്ല – അവൾക്ക് തീർച്ചയായി. ഭർത്താവിനോട് അവൾ കൂടുതൽ അടുത്തു നല്ല വാക്കുകൾ പറഞ്ഞു – ഇനി മദ്യപിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചു – ഒന്നിനും സ്ഥലമുണ്ടായില്ല -ആ ലേബർ ക്യാമ്പിൽ അവളുടെ യൗവ്വനംകരിഞ്ഞുണങ്ങി – ആയിടെ പത്രത്തിൽ അവളൊരു പരസ്യം കണ്ടു. കുട്ടികളുടെ നഴ്സറിയിൽ ജോലി ലഭിക്കാനുള്ള ട്രെയിനിംഗ് തുടങ്ങുന്നു – അവൾ അപേക്ഷിച്ചു. ട്രെയിനിംഗ് തുടങ്ങിയപ്പോഴാണ് അറിയുന്നത്. താൻ ഗർഭിണിയാണ് – താൻ അച്ഛനാകാൻ പോകുന്നവിവരമറിഞ്ഞ് ഭർത്താവിന് സന്തോഷമൊന്നും തോന്നിയില്ല. പർവീൺ ഒരു വിധം ട്രെയിനിംഗ് പൂർത്തിയാക്കി.


പൂർണ ഗർഭിണിയായ അവളെ തറയിലേക്ക് തള്ളിയിട്ട് അവൾക്ക് മേൽ കയറിയിരുന്ന് അയാളവളെ മർദ്ദിക്കുന്നത് ഒരു നാൾ തുറന്നിട്ട വാതിലിലൂടെ അയൽക്കാരി കണ്ടു. അവർ പോലീസിൽ പരാതി കൊടുത്തു.പോലീസ് വന്നപ്പോൾ നല്ലവളായ പർവീൺ പറഞ്ഞു – ” എനിക്ക് പരാതിയില്ല. എനിക്കെൻ്റെ കുഞ്ഞിന് അച്ഛൻ വേണം ഇനിയങ്ങനെ ഉണ്ടാകാതിരുന്നാൽ മതി.”
അങ്ങനെ ആരോരും നോക്കാനില്ലാതെ പർവീൺ അമ്മയായി. ആരോരും ശുശ്രൂഷിക്കാനില്ലാതെ ആ അമ്മ പ്രസവിച്ച അന്ന് മുതൽ വീട്ടിലെ ജോലിയെല്ലാം ചെയ്തു – കുഞ്ഞിനെ നോക്കി. മകൾക്ക് അവൾ പേരിട്ടു. ചന്ദാനി .

മകൾക്ക് ഒരു വയസ്സായപ്പോൾ അവൾക്കൊരു ജോലി ലഭിച്ചു.നഴ്സറി അസിസ്റ്റൻ്റായി – മൂന്ന് ബസ് മാറി കയറി വേണം ജോലിസ്ഥലത്തെത്താൻ – കുഞ്ഞിനെ ഡേേ കെയറിലാക്കി അവൾ ജോലിക്ക് പോയിത്തുടങ്ങി. ഭർത്താവ് നിസ്സoഗനായിരുന്നു – ഒരുു സഹായവും ചെയ്യില്ല.അവൾ വീണ്ടും ഗർഭിണിയായി – കുഞ്ഞിന് ഒന്നര വയസ്സേ ആയുള്ളൂ. ആരുമാരും ശ്രദ്ധിക്കാനില്ലാതെ അവൾ വീണ്ടും അമ്മയായി –

രണ്ടാമത്തെ മകൾക്ക് അവൾ അവനീത് എന്ന് പേരിട്ടു – ഭർത്താവിൻ്റെ മദ്യപാനവും അത് കഴിഞ്ഞുള്ള ദേഹോപദ്രവങ്ങളും കൂടി വന്നു – മദ്യപിച്ച് വന്ന് അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് കുട്ടികൾ പേടിച്ചു കരയാൻ തുടങ്ങി – ഇനി ഇത് തുടർന്നാൽ ശരിയാവില്ലെന്ന് പർവീണിന് മനസ്സിലായി. ജോലി കഴിഞ്ഞ് ഡേ കെയറിൽ നിന്ന് കുഞ്ഞുങ്ങളെ എടുത്ത്,ഒരു തോളിൽ കുഞ്ഞിനേയും വലത് കയ്യിൽ അരിയും സാധനവും ഇടതുകയ്യിൽ മൂത്ത മകളുടെ വലംകൈയുമായി പത്താം നിലയിലേക്കണയുമ്പോൾ പർവീൺ കിതച്ച് തളരും.
ഒരു രാത്രിയിൽ പർവണിൻ്റെ പുറം കയ്യിൽ അയാൾ പുകയുന്ന സിഗരറ്റുകുറ്റി വെച്ച് പൊള്ളിച്ചു. തല്ല് കൊണ്ടാലും തീ കൊണ്ട് പൊള്ളിച്ചാലും കരയുന്നവളല്ല പർവീൺ – എന്നാൽ കുട്ടികൾക്ക് വേണ്ടി താൻ ജീവിച്ചിരിക്കണം.ആ രാത്രി തന്നെ ഒരു പരാതി എഴുതി വെച്ചു.ജോലിക്ക് പോകുമ്പോൾ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു.നഴ്സിറിയുടമ ഒരു സ്ത്രീയായിരുന്നു – കാര്യങ്ങളറിഞ്ഞ അവർ തൻ്റെ വീടിൻ്റെ മുകളിലത്തെ നില പർവീണിനും കുഞ്ഞുങ്ങൾക്കുമായി ഒഴിഞ്ഞു കൊടുത്തു.


പർവീൺ സമാധാനപൂർണമായ ഒരു ജീവിതം തുടങ്ങി.


എന്നാൽ അതിനധികം ആയുസ്സില്ലായിരുന്നു ഭർത്താവ് അവളെ തിരഞ്ഞെത്തി. നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങി. അത് വീട്ടുമയക്കും ഇഷ്ടമായില്ല. വീട്ടിലേക്ക് തിരിച്ചു ചെല്ലണം എന്നതായിരുന്നു ആവശ്യം- പോലീസിൻ്റെ താക്കീതുകൾ അയാളെ വിറളി പിടിപ്പിച്ചിരുന്നു.
അവിടെയും രക്ഷയില്ലെന്നറിഞ്ഞ പർവീൺ ലണ്ടനിലെ തന്നെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന അമ്മാവന് കത്തെഴുതി. കുഞ്ഞുങ്ങളേയും കൊണ്ട് അങ്ങോട്ട് ചെല്ലാൻ അനുമതി കിട്ടി. പർവീൺ ജോലി രാജി വെച്ച് കണ്ണീരോടെ പടിയിറങ്ങി.കുഞ്ഞുങ്ങളേയും കൊണ്ട് അമ്മാവനരികിലെത്തി. ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം – വിവരങ്ങളറിഞ്ഞ് അമ്മാവൻ ക്ഷുഭിതനായി – വിവാഹമോചനത്തിനുള്ള കടലാസ്സുകൾ തയ്യാറാക്കി – അവളതിൽ വിറയ്ക്കുന്ന കൈകളാൽ ഒപ്പിട്ടു.താൻ എന്നെന്നേക്കുമായി ഈ ഭൂഗോളത്തിൽ ഒറ്റപ്പെടാൻ പോകുന്നു – അനാഥയാവുന്നു – സ്വന്തം പുത്രിയുടെ രക്തവും മാംസവും കൊണ്ടേ ദൈവത്തിന് തൃപ്തി വരൂ എങ്കിൽ അങ്ങനെയാവട്ടെ –


നഴ്സറിയിലെ ജോലി ഉപേക്ഷിച്ചുവെങ്കിലും പർവീണിന് ആ വീട്ടിൽ എടുത്താൽ തീരാത്ത ജോലി ഉണ്ടായിരുന്നു. പർവീൺ വന്നെത്തിയതിൽ അമ്മായി അതിരറ്റ് സന്തോഷിച്ചു. കാരണം അതികാലത്തെഴുന്നേറ്റ് പർവീൺ അടുക്കളയിൽ കയറി ഭക്ഷണമുണ്ടാക്കും – കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കും – ജോലിക്ക് പോകുമ്പോൾ തനിക്കും ഭർത്താവിനും ഉള്ള ലഞ്ച് പാക്ക് ചെയ്ത് തരും. എല്ലാവരുടേയും വസ്ത്രങ്ങളലക്കി ഉണക്കി മടക്കി വെക്കും.വീടും പരിസരവും വൃത്തിയാക്കി വെക്കും.

ഒരു നാൾ അവരെല്ലാം ചേർന്ന് അമ്മാവൻ്റെ സുഹൃത്തിൻ്റെ പിറന്നാൾ പാർട്ടിക്ക് പോയി. ആ വീടിൻ്റെ മൂലയിൽ ഒതുങ്ങി ഇരുന്ന് ഭക്ഷണം കഴിക്കുന്ന അവൾക്കരികിലേക്ക് സുന്ദരനായ ഒരു മനുഷ്യൻ നടന്നടുത്തു.അമർപ്രീത് ! ദൈവമേ – അമർപ്രീത് ! ജീവിതപ്പാതയിൽ മറ്റെന്തും അവൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അമർപ്രീതിനെ ഇനിയെന്നെങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചില്ല.തൻ്റെ സൗന്ദര്യം വാർന്ന് പോയ രൂപവും വിലകുറഞ്ഞ വസ്ത്രങ്ങളും ഒട്ടിപ്പോയ കവിളുകളും അയാളിൽ നിന്നെങ്ങനെ ഒളിപ്പിക്കണം എന്നവൾ അന്ധാളിച്ചു. മണ്ണ് തുളച്ച് ഭൂമിയിൽ അപ്രത്യക്ഷയാവാൻ ആഗ്രഹിച്ചു.


എന്നാൽ അമർപ്രീത് നിറഞ്ഞ ചിരിയോടെ കൈ നീട്ടി- “പർവിന്ദർ – നിനക്ക് യാതൊരു മാറ്റവുമില്ല.. ഞാൻ അവസാനം കണ്ടത് പോലെത്തന്നെ !പക്ഷെ, വർഷളെത്ര കൊഴിഞ്ഞു പോയി! ആട്ടെ – നിൻ്റെ ഭർത്താവെവിടെ? പരിചയപ്പെടുത്തു. എന്നേക്കാൾ കേമനാവും തീർച്ച – നിനക്കെത്ര കുട്ടികളാണ്?” അപ്പോഴേക്കും കുഞ്ഞുങ്ങൾ പർവീണിനരികിലേക്ക് ഓടിയെത്തി.
” അമ്മേ – ആ കുസൃതിക്കാരനായ ജോൺ പറയുകയാണ് – “അപരിചിതനെ കണ്ട് ചന്ദാന നിർത്തി. “ഇതാരാണമ്മേ ?”


“നിങ്ങളുടെ അച്ഛൻ ആവേണ്ടിയിരുന്ന ആൾ ” അമർപ്രീത് ചിരിച്ചു.
കുട്ടികൾ ഒന്നും മനസ്സിലാവാതെ ചിരിച്ചു കൊണ്ട് ഓടിപ്പോയി.
” നിൻ്റെ ഭർത്താവെവിടെ?”


അങ്ങോട്ട് കയ്യിൽ ഒരു പ്ലെയ്റ്റുമായി കടന്നു വന്ന അമ്മാവനാണ് മറുപടി പറഞ്ഞത്.
“അവനെ നിങ്ങൾ ഇവിടെയെങ്ങും കാണില്ല, ഡോക്ടർ അമർപ്രീത് – “
അവർ സംസാരിക്കവേ പർവീൺ അവിടുന്ന് രക്ഷപ്പെട്ടു.


പിന്നീട് അമ്മാവൻ പറഞ്ഞാണ് അറിഞ്ഞത്.ലണ്ടനിലെ വിഖ്യാതമായ ഒരു ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ് ഡോ.അമർപ്രീത് – “കോളേജിൽ നീ അവൻ്റെ ജൂനിയർ ആയിരുന്നുവെന്ന്! എത്ര മിടുക്കി ആയിരുന്നു – ഇത്രയും ക്ലേശങ്ങൾ അവൾ അർഹിക്കുന്നില്ല എന്ന്!”ഡോക്ടുടെ ഖേദം അമ്മാവൻ .പറഞ്ഞപ്പോൾ . പർവീൺ കയ്പോടെ വിചാരിച്ചു : ജീവിതം കടിച്ചു തുപ്പിയ വെറും ചണ്ടിയായിത്തീർന്ന തന്നോടുള്ള സഹതാപം! .


പക്ഷേ, ഈ ജീവിതം എത്ര വിചിത്രമാണ്! ഹരിതാഭമായ ഇലകളെ നിലം പതിപ്പിച്ച അതേ ദൈവം, മരുഭൂമിയിൽ വസന്തം ചമയ്ക്കുന്നു. അവൻ ഉണങ്ങിയ ചില്ലകളിൽ സ്പർശിക്കുമ്പോൾ, വേരുകളിൽ നിന്നുണർന്ന് കുരുന്ന് തളിരുകൾ ശിരസ്സുയർത്തുന്നു -പ ർവീണിന് .മുമ്പിൽ കടൽ രണ്ടായി വകഞ്ഞ് അവൻ വഴിയൊരുക്കുന്നു – പിന്നീടുള്ള ദിനങ്ങൾ പർവീണിനെ അതിശയിപ്പിച്ചു കൊണ്ടാണ് കടന്നുവന്നത്.അമർപ്രീത് അവളെ കാണാൻ വന്നു തുടങ്ങി.അവളെ തനിക്ക് ഒരിക്കലും ലഭിക്കില്ലെന്നറിഞ്ഞ അമർ എം.ബി.ബി.എസിന് ചേർന്നു – ഡോക്ടരായി – ലണ്ടനിൽ ഉപരിപഠനം – പിന്നെ അവിടെത്തന്നെ ജോലിയായി – നഴ്സായ ഒരു ബ്രിട്ടീഷ് വനിതയെ വിവാഹം കഴിച്ച് ബ്രിട്ടീഷ് പൗരനും ആയി.രണ്ട് കുട്ടികൾ ജനിച്ച ശേഷം ബ്രിട്ടീഷുകാരിക്ക് മറ്റൊരു പ്രണയം – ഭർത്താവിൻ്റെ അനുവാദത്തോടെ വിവാഹ മോചനം നേടി അവർ മറ്റൊരു ബ്രിട്ടീഷുകാരനൊപ്പം കഴിയുന്നു – എങ്കിലുമവർ ഇന്നും നല്ല സുഹൃത്തുക്കളാണ്.


” ഇനി എന്താണ് തടസ്സം, പർവിന്ദർ – നമുക്ക് ഒന്നിച്ചു ജീവിക്കുക – ” അമർപ്രീത് പറഞ്ഞു –
“അത് പറ്റില്ല അമർ-വിവാഹ മോചന പ്രക്രിയ കഴിയട്ടെ – “അന്ദേശിൻ്റെ സന്ദർശനം അമ്മാമൻ്റെ വീട്ടിലും അസ്വാരസ്യമായി – പക്ഷെ പർവീണിനെ അന്ദേശിൽ നിന്നും സ്വതന്ത്രയാക്കി വിധി വന്നു -അമർപ്രീതിനേയും പർവീണിൻ്റേയും വിവാഹം ലളിതമായി നടന്നു – എന്നാൽ ജീവിതം ആർഭാടമായിത്തീർന്നു – അമറിൻ്റെ സ്വന്തം കുഞ്ഞുങ്ങളായി ചന്ദാ നയേയും അവനീതിനേയും അയാൾ നെഞ്ചോട് ചേർത്തു. പർവീണിൻ്റെ കവിളുകൾ വീണ്ടും തുടുത്തു. അവളുടെ കണ്ണുകളിൽ നീല നക്ഷത്രങ്ങൾ ജ്വലിച്ചു.ചുണ്ടുകളിൽ അടക്കിയിട്ടും അടങ്ങാത്ത പുഞ്ചിരി പതഞ്ഞു. എല്ലാ നദികളും സമുദ്രത്തിലേക്ക് മടങ്ങുന്നത് പോലെ ജീവിത പഥങ്ങൾ അവളെ അമർ പ്രീതിലെത്തിച്ചു.അകലെയെങ്ങോ കേട്ട മണിനാദം പോലെ തോന്നിച്ച യൗവ്വനത്തിൻ മുഴക്കങ്ങൾ അവളിൽ തിരിയെ എത്തി. സൗരസ്പർശത്തിൽ അലിയുന്ന മഞ്ഞുമല പോലെ അവൾ അമർപ്രീതിൻ്റെ പ്രണയത്തിൽ ലയിച്ചു.


അങ്ങനെ സ്വപ്നതുല്യമായ രണ്ട് വർഷങ്ങൾ കടന്നു പോയി. കുട്ടികൾ നല്ല സ്കൂളിൽ പഠിക്കുന്നു.
അമർപ്രീത് പർവീണിനെയും കുഞ്ഞുങ്ങളേയും കൊണ്ട് ഷെയ്ക്സ്പിയറുടെ ഗൃഹം കാണാൻ സ്റ്റാറ്റ് ഫോർഡ് അപ് ഓൺ എവണിലേക്ക് ഡ്രൈവ് ചെയ്ത് പോയി. ബർമിംംഗ്ഹാമിൽ രണ്ടുനാൾ താമസിച്ച് അവർ തിരിച്ചെത്തി – കുട്ടികളെ സ്കൂളിലയച്ച ശേഷം പർവീൺ ലഞ്ചുണ്ടാക്കാൻ അടുക്കളയിൽ കയറി – അമർപ്രീത് പല ദിവസങ്ങളിലും ചെയ്തപ്പോലെ കുസൃതിയോടെ പിറകിലൂടെ വന്ന് സ്റ്റൗ ഓഫാക്കി -മതി ഡാർലിംഗ് നിൻ്റെ കുക്കിംഗ്-നീ കഷ്ടപ്പെടേണ്ട – നമുക്ക് പുറത്ത് നിന്ന് കഴിക്കാം കുട്ടികൾക്കും വൈകീട്ടത്തേക്ക് ഉളളത് പാർസൽ വാങ്ങാം – “


അങ്ങനെ അവർ പുറത്ത് പോയി ഭക്ഷണം കഴിച്ചു വന്നപ്പോൾ അമർപ്രീതിന് ഒരാഗ്രഹം – “ചൂടുള്ള ഒരു കോഫി .നിൻ്റെ കൈ കൊണ്ട് ഉണ്ടാക്കിത്തരില്ലേ? “പർവീൺ അയാളുടെ പിൻകഴുത്തിൽ അരുമയായി ചുംബിച്ചു കൊണ്ടു പറഞ്ഞു: – “പിന്നല്ലാതെ – ഇപ്പോൾ തരാം ഡാർലിംഗ്”
സ്റ്റൗവിൽ വെള്ളം തിളച്ചപ്പോഴാണറിയുന്നത്, കാപ്പിപ്പൊടി തീർന്നിരിക്കയാണ് –
” അമർ ഞാൻ നിക്സൻ്റ കടയിൽ ചെന്ന് കാപ്പിപ്പൊടി വാങ്ങിച്ച് ദാ – ഇപ്പഴിഞ്ഞെത്തും – “
“ഞാൻ പോവാം ഡാർലിംഗ്: ” എന്ന് അമർ പ്രീത് പറഞ്ഞത് ശ്രദ്ധിക്കാതെ അവൾ വേഗം വസ്ത്രം മാറി. “രണ്ട മൂന്ന് ദിവസമായി. നിരന്തരം .ഡ്രൈവിംഗ് ആയിരുന്നില്ലേ അമർ- വിശ്രമിക്കൂ – ഞാനിതാ എത്തി. “

” ശരി – നിൻ്റെ ഇഷ്ടം- നിൻ്റെ സ്നേഹം – ” അയാൾ സോഫയിലേക്ക് ചാരി .
കാപ്പിപ്പൊടിയും ചില്ലറ സാധനങ്ങളും വാങ്ങി പർവീൺ വീട്ടിലെത്തി – അമർപ്രീത് സോഫയിൽ ചാരിക്കിടന്ന് ഉറക്കമാണ്. അവൾ ഒച്ചയുണ്ടാക്കാതെ. നല്ല കടുപ്പവും ചൂടുമുള്ള കാപ്പിയുമായി അടുത്തെത്തി. അയാളുടെ നെറ്റിയിലേക്ക് ചിതറി വീണ തലമുടികൾ ഒതുക്കി വെച്ചു – കൈകളിൽ ഒരു ശവത്തണുപ്പ് – അമർപ്രീത് സോഫയിലേക്ക് മറിഞ്ഞു വീണു. മറുവശത്തേക്ക് പർവീണും. ഇത് മൂന്നാമത്തെ പ്രഹരമാണ്. ഇത്തവണ ജീവിതം അവൾക്ക് താങ്ങാനാവാത്ത ഒരടിയാണ് കൊടുത്തത് – അവൾ ശരിക്കും വീണു പോയി.


ഏറ്റവും പ്രിയപ്പെട്ടവരേ- പർവീണിൻ്റെ കഥ ഇവിടെ തീരുന്നില്ല.
ജീവിതം അവർക്ക് പിന്നേയും കടമകൾ ബാക്കി വെച്ചിരുന്നു. അമർപ്രീതിൻ്റെ ആദ്യ ഭാര്യ അവളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. അവളെ കൂടുതൽ പഠിപ്പിച്ച് കോളേജധ്യാപികയാക്കി – അമർ പ്രീതിൻ്റെ ഇൻഷുറൻസ് തുകയെല്ലാം പർവീണിന് വാങ്ങിച്ചു കൊടുത്തു. പിന്നീട് മക്കളുടെയെല്ലാം വിദ്യാഭ്യാസം കഴിഞ്ഞു. ജോലിയായി – ചാന്ദനയെ അമേരിക്കയിലുള്ള ഒരു ഡോക്ടർ വിവാഹം കഴിച്ചു -അനസിനെ ലണ്ടനിലുള്ള ഒരുദ്യോഗസ്ഥനും –
പർവീൺ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി തനിച്ചു കഴിയുന്നു. വിധവാ പെൻഷനും സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങളും – സമകാലിക യാന്ത്രിക ജീവിതത്തിൻ്റെയും വിവര സാങ്കേതികതയുടേയും ലോകത്ത് ഭൂതകാലത്തിൻ്റേയും .ഭാവിയുടേയും ഭാരങ്ങളില്ലാതെ,യാതൊരു അല്ലലും ഇല്ലാതെ അവിടുത്തെ മറ്റനേകം വിധവകളെപ്പോലെ ഒരു സ്വസ്ഥജീവിതം.

കെ.പി.സുധീര

Leave a Reply

Your email address will not be published. Required fields are marked *