ശമിക്കാത്ത ജീവിത തൃഷ്ണ അമിതാബ് ബച്ചനിൽ …

posted in: blog | 0

പ്രിയങ്കരനായ അമിതാബ് ജി- ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ – ഇന്ത്യൻ പുരുഷ ഗരിമയുടെ പ്രതീകമെന്ന് കരുതുന്ന അമിതാബ് ബച്ചനെ ആരാധിക്കാത്ത ഭാരതീയനില്ല –
ഞങ്ങളുടെയൊക്കെ യൗവ്വനകാലത്ത് കണ്ട അമിതാബ് സിനിമകൾ മറക്കാനാവില്ല.
അന്ന് കോഴിക്കോട് ക്രൗൺ തിയേറ്ററിലാണ് അധികവും ഇംഗ്ലീഷ് – ഹിന്ദി സിനിമകൾ വരുന്നത്. കോഴിക്കോട് എന്നാൽ എല്ലാതരം കലകളുടേയും ആരാധകരുള്ള സ്ഥലം. സകല ജാതി മതസ്ഥരും കൈകോർത്ത് ജീവിക്കുന്ന ഇടം -കലയും സംസ്കാരവും ഇഴചേർന്ന് നിൽക്കുന്ന ഇവിടെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും വസിക്കുന്നു. ആ സംസ്കാരവും സംസ്കൃതിയുമാണ് ഞങ്ങളുടെയൊക്കെ കാതൽ.)

ഇതെഴുതുന്നവൾ തുടക്കം മുതലേ ഹരിവംശ് റായ് ബച്ചൻ്റെ ആരാധികയാണ്. ഹാലാ വാദ് കവിതയുടെ ഉപജ്ഞാതാവ്. എന്തെല്ലാം പ്രതി സന്ധികൾ വന്നാലും ജീവിതത്തെ പോസിറ്റിവായി കാണണം എന്ന് കവിതയിലൂടെ അദ്ദേഹം ഉൽബോധിപ്പിച്ചു.

“ജോ ബീത് ഗയീ സോ ബാത് ഗയീ ” എന്ന അദ്ദേഹത്തിൻ്റെ വിഖ്യാത കവിത ഓർക്കുക – ( കഴിഞ്ഞതെല്ലാം കഴിഞ്ഞു – ഇനി അതേക്കുറിച്ച് ഓർത്തിട്ട് കാര്യമില്ല എന്നാണ് ഇക്കവിതയുടെ കാതൽ.) തൻ്റെ പ്രിയ പത്നി തേജീ ബച്ചൻ കടന്നു പോയതിന് ശേഷമത്രെ ഇത്തരം കവിതകൾ അദ്ദേഹം എഴുതിയത്.

അമിതാഭ് ബച്ചൻ്റെ ശരിയായ പേര് അറിയുമോ? അമിതാഭ് ശ്രീവാസ്തവ –
പഴയ അലഹബാദിൽ, ഇന്നത്തെ യുപിയിലെ പ്രയാഗ്രയിലാണ് അദ്ദേഹം ജനിച്ചത്.
അജിതാബ്. അമിതാബ് ഈ രണ്ടു മക്കളിൽ കലയിൽ തൽപരനായ അമിതാബ് ഒരു ബിഗ് ബീ ആവുമെന്ന് ആരും നിനച്ചില്ല – ശബ്ദം കടം കൊടുത്ത് സിനിമയിലേക്ക് വന്ന ബച്ചൻ ഇന്നും ബോളിവുഡ്ഡിൻ്റെ ആക്തികമായ വീഥിയിലൂടെ നടന്നു നീങ്ങുകയാണ്. ഉന്നത ഗാത്രവും പ്രസരിപ്പ് വഴിഞ്ഞൊഴുകുന്ന വദനവും ഘനഗഹനമായ ശബ്ദവും പ്രേക്ഷകർ സ്വന്തം ഹൃദയത്തിലേക്ക് ഏറ്റെടുത്തു.

ഭാരതത്തിൻ്റെ ക്ഷുഭിത യൗവ്വ നമായി ഏറെക്കാലം നിലനിന്ന ബച്ചൻ ഇന്ന് സായന്തനത്തിൻ്റെ പരിപക്വമായ തൻ്റെ അഭിനയശേഷിയുമായി മുമ്പോട്ട് പോകുന്നു. അത് ആ വലിയ മനുഷ്യൻ്റെ ശമിക്കാത്ത ജീവിത തൃഷ്ണയാണ് .


ഡബ്ബിoഗ് ആർട്ടിസ്റ്റ് ആയും നടനായും ഗായകനായും നിർമാതാവായും ടെലിവിഷൻ അവതാരകനായും അദ്ദേഹം നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു – ഭാരതം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പട്ടങ്ങൾ നൽകി ആദരിച്ചു. നാല് തവണ ദേശീയ പുരസ്കാരം, 16 ഫിലിം ഫെയർ അവാർഡുകൾ – 2019 ൽ ദാദാസാഹിബ് ഫാൽക്കേ അവാർഡ്! എത്രയെത്ര പുരസ്ക്കാരങ്ങൾ നേടിയിരിക്കുന്നു – അങ്ങനെ കർമത്തിൻ്റെ വിശുദ്ധ പഥങ്ങളിൽ ആ വലിയ നടൻ നടന്നു നീങ്ങുകയാണ്.

ഈയുള്ളവൾക്ക് ഓർമയുണ്ട്, യാഷ് ചോപ്രയുടെ ദീവാർ സിനിമ കാണാൻ പോയത്. (ചോപ്രയുടെ അവസാന സിനിമയായ ജബ് തക് ഹേ ജാൻ വരെ നിറഞ്ഞാസ്വദിച്ചവളാണിവൾ.) പ്രണയം നിറഞ്ഞൊഴുകിയെ അദ്ദേഹത്തിൻ്റെ സിൽസില, കഭീ കഭീ, ആദിത്യ ചോപ്രയുടെ മെഹബത്തേം ഇതൊന്നും മറക്കാനുള്ളതല്ല.പിന്നെ രമേഷ് സിപ്പിയുടെ ബിഗ് ബജറ്റ് പടം ഷോലേ ഇന്നും ചില വിദേശ രാജ്യങ്ങൾ പോലും പ്രദർശിപ്പിക്കുന്നു. മൻമോഹൻ ദേശായ്‌യുടെ അമർ അക്ബർ ആൻ്റണി, പിന്നെ കൂലി, ശക്തി, ഷഹൻ ഷാ, മുകുൾ ട ആനന്ദിൻ്റെ അഗ്നി പഥ്, ഹം, ഖുദാ ഗവാ, 2015ലെ പികു-ഇവയിൽ ഹൃദയത്തെ ഏറെ മഥിച്ച ചിത്രം ബാഗ് ബൻ എന്ന കുടുംബ ചിത്രവും നിശബ്ദും സിൽസിലയുമാണ്.


ശൂന്യമായിപ്പോയ ചില സങ്കൽപങ്ങൾക്ക് ബലിയാടാവുമ്പോൾ, ഇപ്പോഴും ചില അമിതാബ് പടങ്ങൾ വീട്ടിലിരുന്ന് സമയമുണ്ടാക്കി ഇവൾ കാണാറുണ്ട്. ചെയ്യുന്ന സിനിമയോരോന്നും ആർജവത്തോടെ ചെയ്ത് തീർക്കുക – ഈ മഹാനടൻ്റെ പ്രശസ്തിയുടെ മൂർദ്ധാവിൽ ശിഖരങ്ങളായ് തളിർത്തു നിൽക്കുന്നത് ഈ സന്നദ്ധതയുടെ സൽകീർത്തിയാണ്.ഇതാണാ മനുഷ്യനെ മഹനീയത – ഇതാണ് എന്നും തലയെടുപ്പുള്ള ഒരു വലിയ നടനായി അദ്ദേഹത്തെ നില നിർത്തുന്നതും.. ഈശ്വര സാന്നിധ്യത്തിൻ്റെ നിറവിൽ ,ഏകാന്ത താരകേ – ഇന്ത്യൻ സിനിമയുടെ പ്രകൃതവും ആന്തരികവുമായി, ആരോഗ്യത്തോടെ എന്നും നിലനിൽക്കട്ടെ.

സ്നേഹത്തോടെ,
കെ.പി.സുധീര

Leave a Reply

Your email address will not be published. Required fields are marked *