മരണത്തിന് മുഖാമുഖം
“ജീവിതം ഒരു മന്ത്ര ജലമാണ്. അത് കുടിക്കും തോറും ദാഹം വർധിക്കുന്നു. ഈ ജീവിതവും പ്രേമവും എനിക്ക് വേണ്ടിടത്തോളമായി എന്ന് ഒരു കാലത്തും പറയാൻ പറ്റില്ല.” മാധവിക്കുട്ടി
ഒക്ടോബർ മാസം വന്നെത്തുമ്പോൾ ഞാനോർക്കുക, ഒരു ഓമന മുഖമാണ് – പിന്നെ തിരിയെ കിട്ടിയ പ്രാണനെക്കുറിച്ചും – നിരവധി തവണ മരണത്തെ അടുത്തു കണ്ടവളാണ് ഞാൻ – മരണം എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. ഒരു പേടിയും കൂടാതെ എല്ലാം ഞാൻ അഭിമുഖീകരിച്ചു – അതേക്കുറിച്ച് ഒരു പരമ്പര ചെയ്താലോ എന്നാലോചിച്ചു.
ചിലർ മുമ്പ് കേട്ടതാവും. എങ്കിലും ആദ്യത്തേത് ഇതാ.
മൃതിയണഞ്ഞൂ ചാരെ .
ഒക്ടോബറിലാണ് എൻ്റെ രണ്ടാമത്തെ മകൻ്റെ പിറന്നാൾ.
ഇപ്പോൾ അവന്റെ പിറവിയെപ്പറ്റി എന്തിനോ ഓർമ വന്നു. തനിച്ചായിരുന്നില്ല അവന്റെ ജനനം. അമ്മയുടെ ഉദരത്തിൽ വേച്ചേ, അവൻ തന്റെ സഹോദരനുമായി സ്നേഹം പങ്കുവെച്ചും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു.
ഞാനന്ന് ഗ്രാമീണ ബാങ്കിന്റെ നരിക്കുനി ശാഖയിൽ ഓഫീസറായി ജോലി ചെയ്യുന്നു. ഗർഭകാലം തുടങ്ങിയപ്പോൾ തൊട്ട് നിർത്താത്ത ഛർദിൽ ആയിരുന്നു – അങ്ങനെ ഒമ്പതു മാസത്തോളം ഭക്ഷണം കാണുമ്പോഴേയ്ക്കും ഞാൻ ഓക്കാനിക്കുo . പച്ച വെള്ളം പോലും തൊണ്ടയിലൂടെ ഇറങ്ങില്ല. അങ്ങനെ വെള്ളത്തിന് പകരം സോഡ കുടിച്ചു തുടങ്ങി. മസാല ദോശ തിന്നണമെന്ന് പറഞ്ഞ് ഭർത്താവിനെ ടൗണിലേക്ക് ഓടിക്കും – ദോശയുമായി വന്നാൽ ഞാൻ മൂക്ക് പൊത്തി തിരിഞ്ഞോടും – അനിയൻ അനൂപ് അന്ന് ഹൈസ്കൂളിലാണ്.വെക്കേഷന് അവൻ വീട്ടിൽ വരും – അവനെക്കൊണ്ട് മുൻവശത്തെ കടയിൽ നിന്ന് സോഡ, പരിപ്പുവട ഇവ വാങ്ങിക്കുക പതിവായി.അമ്മ പുതിയ റയിലുള്ള വീട്ടിൽ നിന്ന് പലപ്പോഴും ഭക്ഷ്യവസ്തുക്കളുമായി എത്തും – ആർത്തിയോടെ അതൊക്കെ കഴിച്ചാലുടൻ പുറത്ത് പോകും.
കത്തുന്ന വിശപ്പുമായി കോഴിക്കോട് നിന്ന് ബസ് കയറി ഞാൻ ബാങ്കിലേക്ക് പോകും.ഏഴു മാസം കഴിഞ്ഞപ്പോഴേയ്ക്കും എന്റെ നിറവയറിന്റെ വലുപ്പം, എന്നേക്കാൾ, എന്റെ വീട്ടുകാരേക്കാൾ വിഷമിപ്പിച്ചത് ബാങ്കിലെ നല്ലവരായ ഇടപാടുകാരെ ആയിരുന്നു. ബസിൽ നിന്ന് ക്ലേശിച്ച് ഇറങ്ങി വരുന്ന എന്നെക്കണ്ട് ആളുകൾ പരസ്പരം നോക്കി, സഹതാപത്തോടെ “പാവം – അതിന് തീരെ വയ്യ “എന്ന് പറയും- ആരെങ്കിലും എന്നോട് സഹതപിക്കുന്നത് അന്നുമിന്നും ഞാൻ സഹിക്കില്ല. പക്ഷേ, അതവരുടെ സ്നേഹമായിരുന്നു. അവരുടെ നിർബ്ബന്ധ പ്രകാരം ഞാൻ ലീവിൽ പ്രവേശിച്ചു.
അവധിയിൽ പ്രവേശിച്ചിട്ടും ഞാൻ വിശ്രമിച്ചില്ല.എല്ലാ ജോലിയും തനിയെ ചെയ്യും – കൂട്ടത്തിൽ നഴ്സറിക്കാരനായ മകനെ പഠിപ്പിക്കലും . വിശ്രമിക്കാത്തതിന്, ആഹാരം കഴിക്കാത്തതിന് എല്ലാം ഭർത്താവിന്റെ ഭാഗത്ത് നിന്ന് ശകാരം വേറെയും.
പ്രസവത്തിയ്യതി അടുത്തപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഡോ. സൗദാബീവി സ്കാൻ ചെയ്യാനായി ആശുപത്രിയിൽ ചെല്ലാൻ പറഞ്ഞു. സ്കാനിംഗ് റിസൽട്ടുമായി ചെന്നപ്പോൾ ഡോക്ടർ അമ്പരപ്പിക്കുന്ന ഒരു വർത്തമാനം പറഞ്ഞു: “ഇരട്ടക്കുട്ടികളാണ് – എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ അഡ്മിറ്റാവണം.”
ആദ്യം എനിക്ക് ഒരു നടുക്കമാണുണ്ടായത്. ഒരു കുട്ടിയെത്തന്നെ നോക്കിയെടുക്കാൻ പാടുപെടുന്ന ഞാനെങ്ങനെ ഇരട്ടക്കുട്ടികളെ വളർത്തിയെടുക്കും? അകലെയുള്ള ബാങ്കിലേക്ക് ആരുടെ കയ്യിലേൽപ്പിച്ച് പോവും? മൂന്നു കുട്ടികളേയും കൊണ്ട് എങ്ങനെ സ്കൂട്ടറിൽ യാത്ര ചെയ്യും? (അന്ന് ഞങ്ങൾക്ക് കാറില്ല.) എന്റെ അമ്മ ഇത് കേട്ട് പൊട്ടിക്കരഞ്ഞു. “എന്റെ മകൾ രണ്ടു കുഞ്ഞുങ്ങളയും ചുമന്നല്ലേ ഇക്കണ്ട ജോലിയെല്ലാം ചെയ്ത് ബാങ്കിൽ പോയത്? പാവം – അവൾക്ക് എത്ര വിശന്നാലും വയറു നിറയെ ആഹാരം പോലും _ ഈശ്വരാ ” ഇങ്ങനെ സ്വതവേ എല്ലാ കാര്യത്തിനും ധൈര്യമുള്ള അമ്മ, ദൈവത്തോട് പരാതി പറയാൻ തുടങ്ങി. അവിടെ ഞാൻ അമ്മയെ ആശ്വസിപ്പിച്ചു: “എനിക്ക് യാതൊരു വിഷമവും ഇല്ല – അമ്മേ-എല്ലാം ഞാൻ ധൈര്യമായി നേരിടും – “
പിന്നീട് രണ്ട് അതിഥികളെ വരവേൽക്കാനുള്ള തിടുക്കമായി എനിക്ക്. രണ്ട് പാൽക്കുപ്പികൾ വാങ്ങി. കുട്ടിത്തലയണകൾ- കുട്ടിക്കിടക്കകൾ – കുട്ടിയുടുപ്പുകൾ എല്ലാം തന്നത്താൻ തയ്ചുണ്ടാക്കി. എന്റെ ദിനങ്ങൾ തിരക്കുറ്റതായി.
ഒരു പകൽ എനിക്ക് അസ്വസ്ഥത തുടങ്ങി .രണ്ട് കുട്ടിക്കുറുമ്പന്മാർ – അതോ – കുറുമ്പികളോ? വയറ്റിൽ ഗുസ്തി പിടിക്കും പോലെ! ആശുപത്രയിൽ നേരത്തെ ബുക്ക് ചെയ്ത മുറിയിൽ കിടന്ന് ഞാൻ അക്ഷമയായി. അവരുടെ മുഖം എങ്ങനെയിരിക്കും ? ആൺകുട്ടികളോ പെൺകുട്ടികളോ? ആശുപത്രിയിൽ എല്ലാവരുമുണ്ട്. ഭർത്താവിന്റെ വീട്ടുകാർ – എന്റെ അമ്മ- ഭർത്താവിന്റെ അമ്മ നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. ചിരിച്ചു കൊണ്ട് എന്നെ പ്രസവമുറിയിലേക്ക് യാത്രയാക്കി. എന്നാൽ വാതിൽക്കൽ എന്റെ അമ്മ വിങ്ങിപ്പൊട്ടി – ഞാൻ ചിരിച്ചു കൊണ്ട് അമ്മയെ ആശ്വസിപ്പിച്ചു – ” അമ്മയ്ക്ക് രണ്ട് പേരക്കുട്ടികളെ ഒന്നിച്ച് കിട്ടാൻ പോകയല്ലേ?” വൻ തിര പോലെ വന്ന ഒരു കൊടും വേദനയാൽ എന്റെ ആ ചിരി കോടിപ്പോയി..എത്ര മണിക്കൂർ ഇടവിട്ടുള്ള ആ കടുപ്പമുള്ള വേദന അറിഞ്ഞു? ഓർമയില്ല -ഇടയ്ക്ക് ഒരു നഴ്സ് പരിഹസിച്ചു – ” പണക്കാരി പെൺകുട്ടികള് ഭക്ഷണവും നിറയെ കഴിച്ച് നേരെ കട്ടിലിൽ ചെന്ന് കിടക്കും – ഒരു പണിയും ചെയ്യില്ല – ഇപ്പോ അനുഭവിച്ചോ .”
ഞാൻ വേദനയ്ക്കിടയിലും പറഞ്ഞു :- “ഇല്ല – നിങ്ങൾ പറയുന്നതൊക്കെ തെറ്റാണ്- ഞാൻ പണക്കാരിയല്ല – ജോലിയൊക്കെ ചെയ്തിട്ടുണ്ട് – എനിക്ക് വിശ്രമമേ ഇല്ലായിരുന്നു.” മണിക്കൂറുകൾ – വേദനയുമായി പോരാടിയ മണിക്കൂറുകൾക്ക് ഒടുവിൽ രക്തപ്പുഴ നീന്തി അവൻ ഭൂമിയിലേക്ക് വന്നെത്തി. മനുഷ്യ ജീവന്റെ ആദ്യത്തെ രോദനമുയർന്നു. ” സുധീരാ – നിന്നെ ഇത്ര നേരം കഷ്ടപ്പെടുത്തിയ വീരനിതാ . ആൺ കുട്ടിയാണ്.”ആൺ കുട്ടിയോ, പെൺകുട്ടിയോ എനിക്ക് ആശ്വസിക്കാൻ കഴിഞ്ഞില്ല. വേദനയുടെ വൻതിരകൾ വീണ്ടും ഇരമ്പുകയാണ്. എന്റെ കണ്ണീർ പുഴ നീന്തി മറ്റൊരു മനുഷ്യജീവി കൂടി ഭൂമിയിലേക്ക് പതിച്ചു. എന്നാൽ ആ മനുഷ്യാത്മാവിൻ്റെ ആദ്യ രോദനം ഉയർന്നു കേട്ടില്ല.അവർ ഞാനും അവനുമായുള്ള ബന്ധം വിഛേദിച്ചു ‘”ഇതാ – ഇതും ആൺകുഞ്ഞു തന്നെ.” അവർ കുട്ടിയെ തലകീഴാക്കി പ്പിടിച്ച് പൃഷ്ഠത്തിൽ അടിച്ചു – ഇല്ല കരയുന്നില്ല.അവർ വീണ്ടും വീണ്ടും ശബ്ദമുണ്ടാക്കി അടിക്കുന്നത് കേട്ട് എൻ്റെ നെഞ്ചു കലങ്ങി.
“അയ്യോ – ഇത്രേം ചെറിയ കുട്ടിയെ ഇത്ര കടുപ്പത്തിൽ അടിക്കല്ലേ ഡോക്ടർ -‘ ഞാൻ നിലവിളിച്ചു.അവർ അവനെ എന്റെ നെഞ്ചിൽ കിടത്തി. ഒരു താമരപ്പൂവിനെപ്പോലെ! അവന്റെ ഇതൾ മിനുസമുള്ള മുഖം എന്റെ കവിളത്തുരസി. – ഏതോ അനുഭൂതി എന്നിൽ പാൽ ചുരത്താൻ തുടങ്ങി. അപ്പോഴേയ്ക്കും എന്റെ പ്രജ്ഞ മങ്ങിത്തുടങ്ങി.ഞാനേതോ ഇരുൾ നിറഞ്ഞ ഗുഹയിലേക്ക് ആണ്ടു പോകും പോലെ!
” ഡോക്ടർ – ഷീയീസ് ഗെറ്റിംഗ് ബ്ലൂ- പ്ലാസന്റ മുകളിലേക്ക് കയറിപ്പോയി – മറ്റു ഡോക്ടർമാരെ വിളിക്കു- വേഗം …. ഡോണർ പുറത്ത് കാത്തു നിൽപ്പുണ്ടല്ലോ അല്ലേ?.” ഡോക്ടർ പരിഭ്രാന്തയായി – അബോധാവസ്ഥയിൽ ആയിടെ ഇതേ മട്ടിൽ പ്രസവത്തോടെ മരണത്തിലേക്ക് യാത്രയായ ഹിന്ദി നടി സ്മിതാ പാട്ടീലിനെ ഞാൻ കണ്ടു – എന്റെ പാദങ്ങളിൽ നിന്നും ഒരു തണുപ്പു മുകളിലേക്ക് അരിച്ചു കയറുകയാണ് – ഞാൻ ആകാശഗoഗയിലൂടെ പറക്കുകയാണ്.അതാ അവൻ വശ്യമനോഹരമായി പുഞ്ചിരിച്ചു കൊണ്ട് എന്നെ വാരിപ്പുണരുവാൻ അടുക്കുകയാണ്. ഞാൻ ഏതോ മോഹാലസ്യത്തിലേക്ക് കൂപ്പുകുത്തി.
മണിക്കൂറുകളോ ദിവസങ്ങളോ കടന്നു പോയത്? എന്റെ അടിവയർ കീറി മുറിക്കുന്ന വേദന – അയ്യോ – മതിയാക്കു-വേദനിപ്പിക്കുന്നത് മതിയാക്കു – ഞാൻ കരഞ്ഞു. ഡോക്ടർ ആശ്വാസത്തോടെ പറഞ്ഞു – “ഹോ – ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ – മരണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് സമാധാനിക്കു.ഞങ്ങൾ എത്രയോ മണിക്കൂറുകളായി നിങ്ങളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് – ഇപ്പോൾ ഞങ്ങൾ യന്ത്രം വെച്ച് പ്ലാസ ന്റ മാറ്റുകയാണ് – Mannual Removal of plazenta- ” രക്തമൊഴുകുന്ന ശരീരം! ഒരു വാതിലിൽ കൂടി വന്ന മരണം മറ്റൊരു വാതിലിൽ കൂടി കടന്നു പോയിരിക്കുന്നു. ഞാൻ ദീർഘമായി നിശ്വസിച്ചു.
പിറ്റേ ദിവസം മുറിയിലെ കട്ടിലിലേക്ക് മാറ്റിയ എന്റെ ശരീരത്തിനരികെ അവർ ഒരു പൊന്നോമന കുഞ്ഞിനെ കൊണ്ടു കിടത്തി – ഞാൻ ആകാംക്ഷയോടെ അടുത്ത മകനെ കിടത്താൻ സ്ഥലമുണ്ടാക്കി.അപ്പോൾ അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടു. എന്റെ കണ്ണുകൾ അവനെ തിരയുകയായിരുന്നു – അവനെവിടെ? എന്റെ മറ്റേ കുട്ടി? എന്റെ കരയാത്ത കുട്ടി?
കെ.പി.സുധീര
Leave a Reply