നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ -പ്രണയം അമൃതോ വിഷമോ?

posted in: blog | 0

പ്രണയം

പ്രണയമെന്തെന്ന് അറിഞ്ഞിട്ടില്ലാത്തവർ മധുരം എന്തെന്ന് അറിഞ്ഞിട്ടില്ല. ജീവിതത്തിൻ്റേയും മരണത്തിൻ്റേയും അവിശ്വസനീയമായൊരു സംയോജനമാണത്. പ്രണയിച്ചപ്പോൾ ദൈവം ഹൃദയത്തിൽ കൈ വച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അതെന്നിൽ പുതുവസന്തം സൃഷ്ടിച്ചു. പ്രണയം ഞങ്ങളെ അന്വർഥമാക്കി. അല്ലായിരുന്നുവെങ്കിൽ വെറുമൊരു ഭ്രമാത്മകതയായി, കഴമ്പില്ലാതെ ജീവിതം അവസാനിക്കുമായിരുന്നു .

എന്നാൽ പ്രണയം ചിലർക്ക് വിഷമയമാകാറുണ്ട്. അതാണ് ഇവിടെ എഴുതാൻ പോകുന്നത് .ഒരു പ്രണയാനുഭവം എഴുതുമ്പോൾ അത് എൻ്റെ തന്നെ അനുഭവം ആവണമെന്നില്ല. എനിക്ക് അവളെക്കുറിച്ചും എഴുതാം. അവളുടെ പ്രണയം ,പ്രണയ നഷ്ടം – എല്ലാം.അമൃത് വിഷമായിത്തീരുന്ന സമകാലിക സമസ്യയെപ്പറ്റിയും എഴുതാം.

അവൾ അനാമികയാണ്. അയാൾ ഇതിഹാസും. അനാമിക സമ്പന്നയായിരുന്നു. തറവാടും പറമ്പുകളും മണ്ണും പ്രകൃതിയുമായി സമരസപ്പെട്ട് കഴിഞ്ഞവൾ. അവൾ എൻ്റെ ഒരു അകന്ന ബന്ധു .ഏക മകൾക്ക് സകല സമ്പത്തും അവശേഷിപ്പിച്ച് പ്രതാപിയായ അച്ഛൻ അന്ത്യയാത്രയായി. ആ വലിയ വീട്ടിൽ അവളും അമ്മയും പിന്നെ ആശ്രിതരായ ചില ഭൃത്യന്മാരും മാത്രം. അവൾക്ക് സൗന്ദര്യമുണ്ട് .ഉന്നതമായ ജോലിയുണ്ട്. പക്ഷേ അവൾ പുരുഷ വിദ്വേഷിയാണ്. ജീവിതത്തിലെ ഒരു കയ്പേറിയ അനുഭവം അവളെ അങ്ങനെയൊക്കെ ആക്കിത്തീർത്തു .

ആ വിവാഹം നാട്ടിലെ വലിയ സംഭവമായിരുന്നു. സുന്ദരനായ ഒരു സ്വർണ്ണ വ്യാപാരിയുമായി അവളുടെ വിവാഹം നടന്നു. ആദ്യരാത്രിയിൽ തന്നെ അയാൾ ഒരു മാനസികരോഗി ആണെന്ന് അറിഞ്ഞു. പരാക്രമങ്ങൾ കണ്ട് രക്ഷപ്പെട്ടോടി വീട്ടിലെത്തി. നാട്ടിൽ അമ്മയുടെയും അച്ഛൻ്റയും വകയായി പറമ്പുകൾ – കൃഷിയിടങ്ങൾ -വീടുകൾ വേറെയും. ഇതെല്ലാം അനുഭവിക്കാൻ അവൾ ഒരാൾ മാത്രം. എത്രയും പെട്ടെന്ന് അവൾ വീണ്ടും വിവാഹിതയായി കാണാൻ അമ്മ ആഗ്രഹിച്ചു. വയസ്സ് 30 കഴിഞ്ഞിട്ടും കത്തിജ്വലിക്കുന്ന അവളുടെ സൗന്ദര്യവും യവ്വനവും ആരെയും സ്വീകരിക്കാൻ തയ്യാറായില്ല. അമ്മയുടെ പൂജയും വഴിപാടുമൊന്നും വിലപ്പോയില്ല .ജാതകപ്പൊരുത്തം നോക്കി, മനസ്സിനിഷ്ടപ്പെട്ട ഒരു വരനെ വിവാഹം കഴിച്ചിട്ടും വഞ്ചനയുടെ പാനപാത്രം ലഭിച്ചു. അവൾക്കത് മറക്കാൻ ആയില്ല. വിവാഹത്തിൻ്റെ പേരും പറഞ്ഞ് ആരും അടുത്ത് വരേണ്ട എന്ന് അവൾ താക്കീത് നൽകി.


ഓഫീസിൽ ഉന്നത സ്ഥാനത്തിരിക്കുന്ന അവൾ പ്രണയ ഭിക്ഷയുമായി തന്നെ സമീപിച്ചവരെ കഠിനമായി വെറുത്തു എന്നാൽ എല്ലാവരോടും പ്രസാദ മധുരമായി പെരുമാറി. അവളെ ആരും എളുപ്പം ഇഷ്ടപ്പെട്ടു പോകും.എപ്പോഴും പുത്തൻ വസ്ത്രങ്ങളും ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി അവൾ ഓഫീസിൽ നടന്നു നീങ്ങുന്നത് ഒരു കാഴ്ചയാണ് എന്ന് അവളുടെ ഒരു സഹപ്രവർത്തക എന്നോട് പറഞ്ഞു.

തന്നെക്കാൾ പ്രായം കുറഞ്ഞ അവിവാഹിതനായ ഒരു ചെറുപ്പക്കാരൻ പ്രണയത്തിൻ്റെ മധു പാത്രവുമായി തൻ്റെ പുറകെ വരുന്നതായി അവൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. “പ്രണയത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറരുത്. “
പകുതി തമാശയായും പകുതി കാര്യമായും ഞാൻ പറഞ്ഞു . “പ്രകൃതിയുടെ മധുര ഭാവത്തിൽ ഏറ്റവും മുന്തിനിൽക്കുന്ന അംശം പ്രണയമാണ്. ആത്മാവിൻ്റെ സ്വച്ഛ പ്രകാശമാണത്”
ഞാൻ അവളെ ഓർമ്മിപ്പിച്ചു. അവൾ ചിരിച്ചു .


എന്നാൽ അവളുടെ ഉജ്ജ്വല വ്യക്തിത്വത്തെ തൃപ്തിപ്പെടുത്താൻ പോരുന്ന ഒരു പൗരുഷം എന്നെങ്കിലും വന്നെത്താതിരിക്കില്ല. ഞാൻ ആശ്വസിച്ചു.
” ശരിയായ ഋതുവിൽ എത്തുമ്പോൾ നിന്നിലും പ്രണയം മുളയ്ക്കും.പൂവിടും.” ഞാൻ ഫോണിലൂടെ ചിരിച്ചു. ” അങ്ങനെ പ്രത്യാശിക്കാം.”
അവളും ഉള്ളു തുറന്നു ചിരിച്ചു.


പിന്നീട് ടൗൺഹാളിൽ ഏതോ സാഹിത്യ പരിപാടിയുടെ വേദിയിൽ ഇരിക്കുമ്പോൾ ,അവളുടെ കോൾ എൻ്റെ മൊബൈലിലേക്ക്. പ്രസംഗിച്ചു തീർന്ന് കസേരയിൽ വന്നിരുന്നതേയുള്ളൂ.
” ഞാൻ വിവാഹിതയാവാൻ തീരുമാനിച്ചു. “
ഒരു മുന്നറിയിപ്പുമില്ലാതെ അവൾ പൊട്ടിച്ചിരിച്ചു.
“പറഞ്ഞാൽ നീ അറിയും. ഇതിഹാസ് ആണ് ആൾ. “

ഞാൻ ആകെ ഉലഞ്ഞു പോയി. പെൺവിഷയത്തിൽ പേരുകേട്ടവൻ .അല്ല പേര് കേൾപ്പിച്ചവൻ. ഓഫീസിൽ അയാൾ പറഞ്ഞു മയക്കി പ്രേമിച്ച് കൈവെക്കാത്ത പെണ്ണില്ല എന്നാണ് കേട്ടത് .അയാളിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കണമെങ്കിൽ അയാൾ പറയുന്നിടത്തൊക്കെ ചെന്നാൽ മതി എന്ന് ആളുകൾ പറഞ്ഞുണ്ടാക്കുന്നതാവാം.


പിന്നെ പ്രായത്തിൽ അവളേക്കാൾ 20 വയസ്സെങ്കിലും മുതിർന്നവൻ. ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ കുഴങ്ങി. ഏതോ ആപൽ ഭീഷണി! എൻ്റെ ഉള്ളം ചുട്ടു നീറി.
” വേണ്ട .നമുക്ക് അത് മാത്രം വേണ്ട, അനാമികാ .”


ഞാൻ അറിയാതെ പറഞ്ഞു പോയി. “ഞാൻ രാത്രിയിൽ വിളിക്കാം.”
ആഹ്ലാദം നുരയുന്ന അവളുടെ പൊട്ടിച്ചിരി.
രാത്രിയിൽ ഞാൻ എഴുതാനിരുന്നപ്പോൾ അവളുടെ ഫോൺ കോൾ.
“പ്രണയത്തിൻറെ വിത്തു മുള പൊട്ടി, തളിരായി, അത് വളർന്ന് മരമായി. ഇപ്പോഴാണ് നീ അന്ന് പറഞ്ഞ പ്രണയ ഋതു വന്നെത്തിയത്. ഇനിയത് പൂക്കും, കായ്ക്കും .”


അവളുടെ ഭാഷയിലെ തെളിമ എന്നെ അമ്പരപ്പിച്ചു. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ.
” പക്ഷെ വിത്തു പാകുമ്പോൾ ശ്രദ്ധിക്കണം .തെറ്റായ വിത്തിട്ടാൽ ശരിയായ വിള ലഭിക്കില്ല.”
എൻ്റെ വലിയ ഗൗരവത്തെ അവൾ ഒരു വമ്പൻ പൊട്ടിച്ചിരി കൊണ്ട് തകർത്തു.
“നീ വിശ്വസിക്കണം. ഞങ്ങൾ ഗാഢമായ പ്രണയത്തിലാണ്. അയാൾ ഭാര്യയുമായി അകന്നത് അറിയാമല്ലോ. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. പ്രായക്കൂടുതൽ സാരമില്ല .എൻ്റെ അമ്മയും അച്ഛനും തമ്മിൽ 15 വയസ്സ് വ്യത്യാസം ആയിരുന്നു. ഇത് അതിലും കൂടും.”
പ്രായവ്യത്യാസം മാത്രമാണോ? ഞാൻ അതിശയിച്ചു. കാഴ്ചയിൽ ഇവർ തമ്മിൽ എന്ത് ചർച്ചയുണ്ട്! അവളുടെ സൗന്ദര്യമുള്ള കിളരം കൂടിയ രൂപം. സ്ഥൂലശരീരനും ഉയരം കുറഞ്ഞവനുമായ ആ മനുഷ്യനരികിൽ എങ്ങനെ പ്രതിഷ്ഠിക്കും! മാത്രമല്ല പൊരുത്തക്കേടുകൾ വേറെയും ഇല്ലേ? അനേക സ്ത്രീകളെ കാമാർത്തിയോടെ ആലിംഗനം ചെയ്ത ആ കൈകൾ എൻ്റെ അനാമികയെ –
എനിക്ക് ഒരിക്കലും അത് അംഗീകരിക്കാനാവില്ല .


“ഇല്ല മറ്റാരെ നീ സ്വീകരിച്ചാലും, അനാമികേ – നീ അയാളെപ്പറ്റി ഒന്നും കേട്ടിട്ടില്ലേ? “
“അതൊക്കെ ആര് ശ്രദ്ധിക്കുന്നു! ഞങ്ങൾക്ക് പരസ്പരമറിയാം.”


അനാമിക മറ്റേത് സ്ത്രീയെയും പോലെ അയാളുടെ മനംമയക്കുന്ന മൊബൈൽ ഭക്ഷണങ്ങളിൽ വീണു പോയിരിക്കണം. അവളുടെ തന്നെ റീജ്യണൽ മാനേജരായി ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്ന അയാളെ പല മീറ്റിംഗുകളിലും അവൾ കണ്ടിരിക്കാം അയാളുടെ ധിഷണയിലും ബുദ്ധിശക്തിയിലും ആകൃഷ്ടയായിരിക്കാം.


അനാമിക പറയുന്നത് പോലെ അയാൾ തെറ്റ് തിരുത്തി മുന്നോട്ടു പോകുമോ? സുന്ദരിയായ മറ്റൊരു സ്ത്രീയെ കാണുമ്പോൾ ഇനിയും അയാളുടെ നോട്ടം അങ്ങോട്ട് പോവില്ലേ ?എനിക്ക് ഉറക്കം വന്നില്ല.
പിറ്റേന്ന് ഞാൻ ജോലിക്ക് പോകാൻ ഇറങ്ങും മുൻപ് അനാമികയുടെ കാർ വീട്ടുമുറ്റത്ത് .വലിയ സൂട്ട് കേസുമായി അവൾ ഇറങ്ങി.


” ഇത് നിറയെ സ്വർണമാണ്. പഴയത് കൊടുത്തു പുതിയ ഫാഷനിലുള്ള സ്വർണം ഒക്കെ എടുക്കണം. കല്യാണസാരി വാങ്ങിക്കണം .പിന്നേയും പലതും വാങ്ങാനുണ്ട്.നീ ഇന്ന് ലീവ് എടുക്കണം.”അവൾ ആഹ്ലാദം കൊണ്ട് നിലതെറ്റിയ പോലുണ്ട്.

“കൊച്ചിയിൽ ഞങ്ങൾ രണ്ടാളും പങ്കെടുക്കുന്ന ഒരു കോൺഫറൻസ് ഉണ്ട്. അതിൽ വെച്ച് ഞങ്ങളുടെ വിവാഹ തീരുമാനം പുറത്തുവിടും.” അയാളുടെ പ്രായവ്യത്യാസം ഒന്നും അവൾക്ക് പ്രശ്നമല്ല .

“നീ ശരിക്കും ചിന്തിച്ചിട്ടാണോ അനാമികാ ?അമ്മ എന്തു പറഞ്ഞു? അയാളെപ്പറ്റി ആരെക്കൊണ്ടെങ്കിലും അന്വേഷിപ്പിച്ചോ? “

ഇങ്ങനെയുള്ള എൻറെ നിരവധി ചോദ്യങ്ങൾക്ക് അവൾ ഒരൊറ്റ ഉത്തരം പറഞ്ഞു.


“ഉവ്വ്. എനിക്കയാളെ ശരിക്കും മനസ്സിലായി. എന്നെ അയാൾക്ക് ജീവനാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ ഒന്നായിക്കഴിഞ്ഞു. ഇനി കഴുത്തിലൊരു താലി – “
കാലിനടിയിൽ നിന്നും ഭൂമി വഴുതി പ്പോകുന്ന പോലെ! അത് വരെ എത്തിയോ കാര്യങ്ങൾ? അവളും അയാളുടെ കെണിയിൽ വീണിരിക്കുകയാണ്. അയാൾ അവളെ വിവാഹം കഴിക്കുമോ, അതോ ആവശ്യം കഴിഞ്ഞ് – ?

ഞാൻ നെടുവീർപ്പയച്ചു.

” ഒട്ടും പേടിവേണ്ട. അയാളെന്നെ ഗാഢമായി പ്രേമിക്കുന്നു. മരണംവരെ എനിക്കിനി സുരക്ഷിതമായി കഴിയാം .”ആ വാക്കളുടെ ഉറപ്പ് എൻ്റെ മനസ്സിലെ അഗ്നി കെടുത്തി.
ഞങ്ങൾ കുറച്ച് നല്ല സാരികൾ വാങ്ങി.കുറച്ച് സ്വർണാഭരണങ്ങളും മാറ്റിയെടുത്തു.

കൊച്ചിയിലേക്ക് അനാമിക പോയത് തീവണ്ടിയിലാണ്. ഓഫീസ് മീറ്റിംഗല്ലേ? അവളുടെ പ്യൂൺ ,ഫയൽ കെട്ടുകളുമായി അതേ തീവണ്ടിയിൽ ഉണ്ട്. പിറ്റേന്നാണ് മീറ്റിംഗ് .അത്കഴിഞ്ഞ് അന്ന് ചെറിയച്ഛൻറെ വീട്ടിൽ തങ്ങി, പിറ്റേന്ന് ഇങ്ങോട്ടും തീവണ്ടിയിൽ മടക്കം. ഇതാണ് അവളുടെ പ്ലാൻ.
സമസ്ത ജീവജാലങ്ങളിലും ഇരുന്ന് ത്രസിക്കുന്ന ഊർജ്ജം അവളിൽ കത്തി ജ്വലിക്കുകയാണ്. സൃഷ്ടിയേയും സമഷ്ടിയേയും ഉൾക്കൊള്ളുന്ന പ്രണയം അവളിൽ പ്രവഹിക്കുകയാണ്. ഇനി അവൾ ഏകാന്തതയുടെ ദുഃഖം മറക്കും. നിഴലില്ലാത്ത രത്ന പ്രദീപമായിത്തീരട്ടെ അവരുടെ ദാമ്പത്യം. ഞാനവർക്ക് ഹൃദയംകൊണ്ട് ആശിർവാദം നേർന്നു.

കാലത്ത് എക്സിക്യൂട്ടീവിൽ കയറിയിരുന്ന് അവൾ എന്നെ വിളിച്ചു .
“അദ്ദേഹം കൊച്ചിയിൽ എത്തിയിട്ടുണ്ട്. “
ഒരു കൊച്ചു കുട്ടിയെ പോലെ അവൾ പൊട്ടിച്ചിരിച്ചു.
“എൻ്റെ സീറ്റിൻ്റെ അപ്പുറവും ഇപ്പുറവും പുരുഷന്മാരാണ് .എൻ്റെ ചിരി അവരെ ശരിക്കും ഞെട്ടിക്കുന്നു.”
അവൾ അടക്കം പറഞ്ഞു .

പക്ഷേ അടുത്ത നിമിഷം വിധി എന്താണ് അവൾക്കായി കരുതിവച്ചത് എന്ന് അവൾ അറിഞ്ഞില്ല.
ഞായറാഴ്ചയാണ്. ഞാൻ ഭർത്താവിനും കുട്ടികൾക്കും ഒപ്പം ഒരു വിവാഹത്തിന് പോകാനൊരുങ്ങുന്നു. അപ്പോൾ അനാമികയുടെ വിറയ്ക്കുന്ന ശബ്ദം മൊബൈലിൽ.
” നീ പറഞ്ഞത് ശരിയാണ് അയാളൊരു വഞ്ചകനാണ്. വിശ്വസിക്കാൻ കൊള്ളാത്ത നീചൻ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു .എനിക്ക് മരിക്കാൻ തോന്നുന്നു. ഞാൻ ഈ ഓടുന്ന തീവണ്ടിയിൽ നിന്ന് ചാടി മരിക്കാൻ പോകുന്നു.”

ഞാൻ വലിയ നടുക്കം മറച്ചു പിടിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു.
” നീ അയാളെപ്പോലൊരു വഞ്ചകന് വേണ്ടി നിൻ്റെ വിലപ്പെട്ട ജീവൻ എന്തിന് കളയണം !പ്രായമായ അമ്മ ഒരു ഭ്രാന്തി ആയിത്തീരണമെന്ന് നീ ആഗ്രഹിക്കില്ലല്ലോ.”

അവളുടെ പൊള്ളുന്ന ചിന്തകളിൽ മഞ്ഞുതുള്ളിൾ പോലെ ഈ വാക്കുകൾ പതിച്ചിരിക്കണം.
” നീ പറഞ്ഞത് ശരിയാണ്. അയാളെപ്പോലൊരു ചതിയന് വേണ്ടി എൻ്റെ അമ്മ അനാഥയാവാൻ പാടില്ല. “
അവൾ ചിരിക്കാൻ ശ്രമിച്ചു.
നെഞ്ചു നീറുമ്പോഴും പ്രസാദം ഭാവിച്ച് ഞാൻ പറഞ്ഞു.

“അനാമികാ .ഇപ്പോൾ റാബിയ അൽ അദാവിയെ ഓർമ വരുന്നു.അവരോട് ആരോ ചോദിച്ചു: “സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസമെന്ത്? റാബിയ പറഞ്ഞു: നാലിഞ്ച് വ്യത്യാസം മാത്രം. കണ്ണും കാതും തമ്മിലുള്ള അകലമാണത്. നീയൊരു കാര്യം ചെയ്യൂ അനാമികാ.സുഖമില്ലെന്ന് വിളിച്ചുപറഞ്ഞ് അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിയെ വരു- ഞാനുണ്ടിവിടെ. ഇപ്പോൾ സീറ്റിൽ ചെന്നിരിക്കു.”

അവൾ സംസാരിക്കുന്നത് തീവണ്ടി മുറിയുടെ വാതിൽക്കൽ നിന്നാണ്. ടെലിഫോണിൽ അവളുടെ പൊട്ടിക്കരച്ചിൽ. സ്നേഹം സംഭവിക്കുന്നത് ഹൃദയത്തിലാണ്. അതിൻ്റെ മരണം സംഭവിക്കുന്നതും ഹൃദയത്തിൽ തന്നെ. എന്നിൽ നിന്നും ഒരു നെടുവീർപ്പ് പുറത്തു വന്നു.
അനാമികയുടെ കാമുകൻ ഒരു പ്രതീകമാണ്.
സ്ത്രീയെ ശരീരം ആയി കാണുന്നവരുടെ പ്രതീകം.
അവിടെ സംഭവിച്ചത് ഇതാണ്.
എന്നെ ഫോൺ ചെയ്ത ഉടൻ അനാമിക, അയാളെ ഫോൺ ചെയ്തു.
“ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു .ട്രെയിനിലാണ്.”
അയാൾ അടക്കാനാവാത്ത സന്തോഷത്തോടെ പറയുന്നു:

“ഇന്നലെ സന്തോഷംകൊണ്ട് ഉറക്കം വന്നില്ല, അനാമികാ . എനിക്കിപ്പോൾ തന്നെ നിന്നെ കാണാൻ തോന്നുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ,നീ എൻറെ സ്വന്തമാകാൻ പോകുകയാണെന്ന്.”
അനാമിക അയാളെ സാന്ത്വനിപ്പിച്ചു. “കുറച്ചു കൂടി കാത്തിരിക്കൂ. മീറ്റിങ്ങിന് കയറും മുൻപ് തന്നെ നമുക്ക് ഒന്ന് കാണാം.”


അവൾ സംഭാഷണം മതിയാക്കി .ഇനി അമ്മയെ വിളിക്കണം. അവൾ വീണ്ടും മൊബൈൽ എടുത്തു .അങ്ങോട്ട് വിളിക്കാൻ പറ്റുന്നില്ല. റേഞ്ചില്ലാത്തതാവും. മൊബൈൽ കാതിൽ ചേർത്തപ്പോൾ അവളുടെ കാമുകൻ്റ സ്വരം. കാമുകൻ ഈ കോൾ കട്ട് ചെയ്യാതെ മറ്റൊന്നിൽ അഭിരമിക്കയാണ്.


” ഇന്ന് നാലുമണിക്ക് നാം കാണില്ലേ? ആറിന് മീറ്റിംഗ് തുടങ്ങും. എൻ്റെ ഗസ്റ്റ് ഹൗസിലേക്ക് വന്നാൽ മതി. ഒന്നും പേടിക്കേണ്ട .നിന്നെ പെട്ടെന്ന് കാണാൻ തോന്നുന്നു .എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, നീ എൻറെ സ്വന്തം ആകാൻ പോവുകയാണോ, അനുജ ? “
അനാമിക വാസ്തവമായും നടുങ്ങി.


തന്നോട് ടെലഫോണിൽ പറയാറുള്ള അതേ വാചകങ്ങൾ പിന്നീട് മറ്റേ കാമുകിയോട് അയാൾ തൻ്റെ രണ്ടാമത്തെ മൊബൈലിൽ പറയുകയാണ് . മരവിച്ച ഹൃദയത്തോടെ, തൻ്റെ സഹയാത്രികർക്കൊപ്പമിരുന്ന് അനാമിക അതിനെല്ലാം സാക്ഷിയായി .താൻ ചെയ്യുന്നത് മര്യാദകേടാണ് എന്ന കാര്യം മറന്നു കൊണ്ട് മൊബൈൽ സംഭാഷണം മുഴുവൻ അവൾ കേട്ടു.
എല്ലാം കഴിഞ്ഞു അവർ ഗുഡ് ബൈ പറഞ്ഞപ്പോൾ , സീറ്റിൽ നിന്ന് എഴുന്നേറ്റു വാതിൽക്കൽ നിന്ന് അവൾ അയാളുടെ മൊബൈലിലേക്ക് വിളിച്ചു.


” എന്താണ് മറ്റേ മൊബൈൽ ഇത്രനേരം ബിസി ആണല്ലോ. എത്രനേരമായി വിളിക്കുന്നു “
അയാൾ നിഷ്കളങ്കമായി ചിരിച്ചു. “വളരെക്കാലത്തിനുശേഷം ഒരു സുഹൃത്ത് ദുബായിൽ നിന്ന് വിളിച്ചതാണ്.”അനാമികയുടെ സ്വരം കടുത്തു. “ബാക്കി ഞാൻ പറയാം .അവളുടെ പേര് അനുജ.അവൾ കൊച്ചിയിൽ താമസിക്കുന്നു. നിങ്ങൾ ഇന്ന് നാലുമണിക്ക് തമ്മിൽ കാണുന്നുണ്ട്. നിങ്ങൾ എന്നോട് പറഞ്ഞ അതേ വാചകങ്ങൾ എന്നോടും മറ്റു പല സ്ത്രീകളോടും പറയുന്നുണ്ട്. ഈ ലോകം കണ്ട ഏറ്റവും വലിയ വഞ്ചകനാണ് നിങ്ങൾ .”അവൾ ഫോൺ കട്ടു ചെയ്തു. പിന്നെ അവളുടെ ചിന്ത മരണത്തെക്കുറിച്ചായി.അങ്ങനെയാണ് എന്നെ വിളിക്കുന്നത്.


ജീവിതം വഞ്ചിക്കുമ്പോൾ മനുഷ്യൻ മരണത്തെ സ്നേഹിച്ചു പോവും.

എന്നാലിന്നും അനാമിക ജീവിച്ചിരിക്കുന്നുണ്ട്. അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ഒരു പാട് പ്രയത്നിച്ചു.ഇന്നവൾ എല്ലാം മറന്ന് ആഹ്ളാദതിയായി ജീവിക്കുന്നു. സ്വന്തം അസ്തിത്വത്തിൻ്റെ ആഴത്തിൽ അവൾക്ക് വിശ്വാസമുണ്ട്. തന്നെക്കുറിച്ച് സഹജമായ ധാരണയുണ്ട്. ജാഗ്രതയുണ്ട്. അതില്ലെങ്കിൽ പലപ്പോഴും വ്യാജ നാണയങ്ങളേയും പൊയ്മുഖങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. അവളുടെ പ്രവർത്തന ശൈലിക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. അവളിപ്പോൾ ലോകത്തെ നിരീക്ഷിക്കുകയാണ്.

നാം കാണുന്നതെല്ലാം യഥാർത്ഥ കാഴ്ചകളല്ല, പ്രിയപ്പെട്ടരേ.
യഥാർത്ഥ ജീവിതം ഒരു നിഗൂഢതയാണ്.അത് രഹസ്യാത്മകമാണ്.

കെ.പി.സുധീര

Leave a Reply

Your email address will not be published. Required fields are marked *