On Dr Lalitha my friend

posted in: blog | 0

(ഡോ. പി. എ. ലളിതയുടെ വേർപാടിൽ മനം നൊന്ത് എഴുതിയത്.)

മറ്റൊരു ലോകത്തിനി സന്ധിക്കാം –

പ്രിയപ്പെട്ടവളെ,
എനിക്കറിയാം ഒന്നുമറിയാത്തവളെപ്പോലെ കണ്ണുകളടച്ചു കിടക്കുകയാണെന്ന്. സ്നേഹിച്ചവരൊന്നും കാണാൻ വരുന്നില്ലെന്ന് പരിഭവമാണോ? ഞങ്ങളെല്ലാം അകം നൊന്ത് കരയുകയാണ് ഞങ്ങളുടെ സ്നേഹിതയെ ഒരു നോക്കു കാണാനാവാതെ ! നാടിൻ്റെ നിയമത്തെ തകർക്കാൻ ഞങ്ങൾക്കാവില്ലല്ലോ. പ്രിയങ്കരി – അങ്ങു തന്ന അനവദ്യസ്നേഹം ഞങ്ങൾ മറക്കുകയില്ല -ഉറപ്പുറ്റ ആ വ്യക്തിത്വവും മാതൃകയായ് മുമ്പിലുണ്ട്.
കർമ രംഗത്തെ മികവിന് ലഭിച്ച പുരസ്കാരങ്ങൾ, പ്രസംഗ വേദികൾ സ്ഥാനമാനങ്ങൾ, എഴുതിയ കോളങ്ങൾ, പുസ്തകങ്ങൾ എല്ലാറ്റിലുമുപരി താൻ വളർത്തി വലുതാക്കിയ ആശുപത്രി . ഇതെല്ലാം വിട്ട് എങ്ങോട്ടാണീ യാത്ര? സ്വന്തം സ്ഥാപനത്തിലെ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും സുഹൃത്തുക്കൾക്കരികിൽ എത്തുമ്പോൾ മറന്നിരുന്നുവല്ലോ. സ്വന്തം ചുമലിൽ താങ്ങാവുന്നതിലധികം ഭാരമേറ്റി തളരുമ്പോൾ എന്നരി കിൽ പരിഭവവുമായി എത്തിയിരുന്നു – എൻ്റെ അവസാനം വരെ സഹിക്കണം ഈ ടെൻഷൻ എന്ന് പറയുമ്പോൾ – ഡോ.ക്ക് അതിന് അവസാനം ഇല്ലല്ലോ എന്ന് ഞാൻ തമാശ പറഞ്ഞിരുന്നല്ലോ.
“നിങ്ങളുടെ അടുത്ത് വന്നാൽ ഞാൻ എല്ലാം മറക്കും ” എന്നാണ് തിരിച്ച് പോകാൻ കാറിൽ കയറുമ്പോൾ പറയുക.
നമുക്കിടയിൽ ഉണ്ടായിരുന്ന സ്നേഹത്തിൻ്റെ വേരുകൾ അഗാധതയിലായിരുന്നു – മറ്റാരോടും പറയാത്തതെല്ലാം നാം പരസ്പരം പങ്ക് വെച്ചിരുന്നു. എൻ്റെ അക്ഷരങ്ങളെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു പ്രിയ സ്നേഹിത.തിരിച്ചും അങ്ങനെത്തന്നെ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. സ്വന്തം ആരോഗ്യം ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുമ്പോഴും ആ മുഖം വാടിയില്ല. ഞങ്ങളോട് പഴയ പോലെ പുഞ്ചിരിച്ചു – തമാശ പറഞ്ഞു. രോഗികൾക്ക് എന്നും പ്രിയങ്കരി ആയവളേ – അവരെങ്ങനെ സഹിക്കും ഈ വേർപാട്. പൂജ്യത്തിൽ നിന്ന് തുടങ്ങി ഒരു ആശുപത്രി വികസിപ്പിച്ചെടുത്തപ്പോൾ ഒരു പാട് പേർക്ക് ജോലി കൊടുക്കാമല്ലോ എന്ന് അങ്ങ് ആശ്വസിച്ചുവല്ലോ. മലബാർ ഹോസ്പിറ്റലിലെ ഡോ.മാരും നഴ്സുമാരും മറ്റു ജോലിക്കാരും തങ്ങളുടെ പ്രിയപ്പെട്ട മാഡത്തിൻ്റെ കടന്നു പോക്ക് എങ്ങനെയാവോ സഹിക്കുക! 1978ൽ കോഴിക്കോട് വന്നത് മുതൽ വിശ്രമം എന്തെന്ന് ഈ ഡോ. അറിഞ്ഞിട്ടില്ലല്ലോ. 42 വർഷത്തെ നിരന്തര പരിശ്രമങ്ങൾ ._
മരുന്നിനേക്കാൾ ഫലം ചെയ്യും രോഗിക്ക് മന:ശക്തി എന്ന് രോഗികളെ പറഞ്ഞു പഠിപ്പിച്ച ഡോ. തന്നെ രോഗിണി ആയപ്പോൾ ആദ്യം തളർന്നു. പിന്നെ ഉയിർത്തെഴുന്നേറ്റു.ആറാഴ്ചക്കിടയിൽ അഞ്ച് സർജറി. വേദന സഹിച്ചു. രോഗികൾ കാത്തു നിൽക്കുന്നു – അവരെ സാന്ത്വനിപ്പിക്കണം.അർബുദത്തോട് പൊരുതി.ആറു തവണ കീമോ. ഒരു വശത്ത് കൂടെ കീമോ കഴിഞ്ഞ് തളർന്ന് തകരുമ്പോഴും മറുവശത്ത് ചെന്ന് രോഗികളെ നോക്കും. മനോഹരമായ മുടിയിഴകൾ പൊഴിഞ്ഞു – ശരീരം ദുർബലമായി- കാലിൻ്റെ ബലം കുറഞ്ഞു. ഒമ്പത് വർഷമായി ആ ക്രൂര ശത്രുവുമായി യുദ്ധം ചെയ്യുന്നു. ഒടുവിൽ അങ്കത്തട്ടിൽ തളർന്നു വീണു –
നാം പരിചയമായിട്ട് എത്ര വർഷമായിക്കാണും! രണ്ടര പതിറ്റാണ്ട് – അതിനിടയിൽ ഒന്നിച്ച് എത്രയെത്ര യാത്രകൾ, എത്ര വേദികൾ എത്ര വിരുന്നുകൾ – എല്ലാ ഓർമകളും തിക്കിത്തിരക്കി വന്ന് നെഞ്ചകം തകർക്കുന്നു –
എവിടേക്ക് തിരിഞ്ഞാലും സ്നേഹിത നൽകിയ പാരിതോഷിതങ്ങൾ – ഓരോ ഓണത്തിനും വിഷുവിനും കൊടുത്തയക്കുന്ന പുത്തൻ സാരികൾ – എല്ലാം ഈ വേർപാടിൻ്റെ കണ്ണീരിന് വേണ്ടി ആയിരുന്നോ? പ്രിയങ്കരീ- ഒന്നും മറന്നിട്ടില്ല. ഞങ്ങളുടെ സുഖത്തിലും ദുഃഖത്തിലും – വീട്ടിലെ ജനനത്തിലും മരണത്തിലും എല്ലാം കൂട്ടായി. സന്തോഷത്തിൽ കൂടെ ചിരിച്ചും ദുഃഖത്തിൽ കവിളത്തെ കണ്ണീർ തുടച്ചും കൂടെ നിന്നതും മറക്കില്ല. മകൾ ഡോ.മിലിയും പേരക്കുട്ടി മാൻസിയും ഭർത്താവ് ഡോ. മണിയും ഒക്കെ ഈ വേദനിക്കുന്ന വേർപാടിനെ സഹിച്ചെടുക്കട്ടെ.
എൻ്റെ ആത്മാവിൻ്റെ അയൽക്കാരിയായ പ്രിയപ്പെട്ടവളേ – യാത്ര പറയുന്നില്ല .മറ്റൊരു ലോകത്ത് സന്ധിക്കാം.
സ്നേഹത്തോടെ,
പ്രിയ സ്നേഹിത
കെ.പിസുധീര

Leave a Reply

Your email address will not be published. Required fields are marked *