ജിൻസീ- നീയെവിടെ?
പ്രണയത്തിൻ്റെ ഉന്മാദവും തൃഷ്ണയുടെ തിടുക്കങ്ങളും യാഥാർത്ഥ്യത്തിൻ്റെ അയുക്തികതയുമായി ഏറ്റു മുട്ടിയപ്പോൾ _ ജീവിതം അവളെ ഏതോ നരകാഗ്നിയിലേക്ക് പിടിച്ചു താഴുത്തുകയായിരുന്നു. അവൾ – ജിൻസി.
മൂന്നാറിൻ്റെ സുന്ദരദൃശ്യങ്ങളിൽ മനം മയങ്ങിയട്ടല്ല അവൻ ജിൻസിയോടടുത്ത്. ജിൻസിയുടെ സൗന്ദര്യവുമായിരിക്കില്ല അവനെ ആകർഷിച്ചത്. ജിൻസി കഷ്ടപ്പെട്ട് പഠിച്ചാണ് നഴ്സായത്. അവൾ മാത്രമാണ് ആ കുടുംബത്തിൻ്റെ നെടും തൂൺ-
അപ്പച്ചൻ ജോലിക്കൊന്നും പോവില്ല. മദ്യപാനം ആരോഗ്യത്തെ തകർത്തു കളഞ്ഞു. അമ്മച്ചിക്കും പ്രായത്തോടൊപ്പം അസുഖങ്ങളും പെരുകി.
ആശുപത്രിയിലെ ഷിഫ്റ്റുകളും കൊടുത്തു തീർക്കാനുള്ള കടങ്ങളും അപ്പച്ചനും അമ്മച്ചിയും അവരുടെ രോഗശാന്തിയും മാത്രമേ അവളുടെ മനസ്സിലുള്ളൂ – താൻ കാണാൻ വലിയ സുന്ദരിയൊന്നുമല്ല എന്നാണ് സുന്ദരികളായ സ്നേഹിതമാരോട് ജിൻസി പറയുക. ആശുപത്രി വിട്ട് മുക്കാൽ മണിക്കൂർ ബസിലിരുന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അവൾ FB യിലൂടെ കടന്നു പോകും. ലോകമെമ്പാടുമുള്ള മനുഷ്യരെ കാണുന്നതും അവരുടെ പോസ്റ്റുകൾ വായിക്കുന്നതും ഒരു ആശ്വാസമായിരുന്നു അവൾക്ക് .
ഒരു ദിവസം സ്നേഹിതയുടെ ഒരു പോസ്റ്റിന് ലൈക്കിട്ട ഉടൻ അവളുടെ മൊബൈലിൻ്റെ വലത്തേ മൂലയിൽ ഒരു സിന്ദൂരപ്പൊട്ട് പറന്നു വന്നു.അതിൽ ഒരു സുന്ദരൻ താടിക്കാരൻ്റെ മുഖം. അവൾ ഇൻബോക്സ് തുറന്നു നോക്കി. സുന്ദരീ സുഖമാണോ എന്നൊരു ചോദ്യം. അവൾ ഗൗനിച്ചില്ല. അങ്ങനെ പലരും മെസഞ്ചറിൽ വരുന്നതല്ലേ?
പിന്നെ എപ്പോഴവൾ ഡാറ്റ ഓണാക്കുന്നുവോ അപ്പോഴൊക്കെ സുന്ദരൻ കുങ്കുമപ്പൊട്ടായി വന്നു തുടങ്ങി. സുന്ദരി വിളിയും തുടർന്നു. ഒരു ദിവസം അവൾ ബസിൽ അടുത്തിരുന്ന നഴ്സ് സ്നേഹിതയ്ക്ക് ഈ സന്ദേശങ്ങൾ കാണിച്ചു കൊടുത്തു. സുന്ദരി നീ എന്ത് ചെയ്യുന്നു? സുന്ദരി നിന്നെയോർത്ത് ഉറക്കമില്ല – ഫോൺ നമ്പർ അയക്കു . ഒരു പാട് പറയാനുണ്ട്. അങ്ങനെയങ്ങനെ .
“നീയവൻ്റെ പ്രൊഫൈൽ എടുത്ത് നോക്ക്. അനു പ്രോത്സാഹിപ്പിച്ചു. എന്നിട്ട് അവൾ ആരോടോ ചാറ്റ് ചെയ്യുന്നത് തുടർന്നു.
അവൾ നോക്കി –
അബി എന്ന് പേര്. ദുബായിൽ ഒരു കമ്പനിയുടെ എം.ഡി. കംപ്യൂട്ടറിനു മുമ്പിൽ സൂട്ടും കോട്ടുമിട്ടിരിക്കുന്ന താടി വെച്ച സുന്ദരൻ.
” അനൂ ഇത് ഫേക്കാവും.ദുബായില് വല്യ കമ്പനി നടത്തുന്ന ആള് എന്തിനാ സൗന്ദര്യമില്ലാത്ത ഈ പാവം എന്നെ പ്രേമിക്ക്ണ്?”
അവൾ ഡാറ്റ ഓഫാക്കി.
“നീ സുന്ദരിയല്ലെന്നാരു പറഞ്ഞു? മോളേ – പുതുതായി വന്ന ആ ഡോ. ചെറുക്കൻ നിന്നെ കണ്ണി മയക്കാതെ നോക്കി നിൽക്കുന്നത് ഞാൻ കാണുന്നതല്ലേ? ഇതൊക്കെ നമ്മുടെ വരണ്ട ജീവിതത്തിന് ഒരാശ്വാസമല്ലേ ജിൻസി ?എൻ്റെ റെജി യുടെ കാര്യം – അവൻ ഇത് പോലെ വലിയ പണക്കാരനൊന്നുമല്ല. നേരിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. dpയിലുള്ള ആളേയല്ല. കറുത്തു കുറുകിയ രൂപം – ആപ്പിൽ സുന്ദരമാക്കിയതാണ്. .എന്നാലവൻ്റ രൂപത്തെയല്ലല്ലോ ഞാൻ പ്രേമിച്ചത്? ആദ്യം കുറേ നിരാശ തോന്നി. പിന്നെ ആ ഹൃദയനൈർമല്യം എൻ്റെ ഉള്ളം കവർന്നു’ “
“എന്നാലെനിക്ക് ഈ യാളോട് പ്രേമമേ തോന്നുന്നില്ല.”
ജിൻസി ഒഴിഞ്ഞു. എന്നാൽ അബി ഒഴിയാൻ കൂട്ടാക്കിയില്ല. അവളുടെ നമ്പർ ചോദിച്ചു വാങ്ങി ദുബായിൽ നാട്ടിലേക്ക് കുറഞ്ഞ ചിലവിൽ വിളിക്കാവുന്ന സ്കീമിൽ ദിവസവും നാലു നേരം വിളിക്കാൻ തുടങ്ങി.
അങ്ങനെ അവർ അടുത്തു .ജിൻസി പ്രണയരഥത്തിലേറി സഞ്ചരിക്കാൻ തുടങ്ങി. പഴുത്ത തക്കാളിപോൽ അവളുടെ കവിളുകൾ തുടുത്തു. അബി- അബി- അവൾക്ക് മറ്റൊരു ചിന്തയില്ല .
ഒരു ദിവസം അബിയുടെ ഇഴഞ്ഞ ശബ്ദം കേട്ട് അവൾ ചോദിച്ചു – “അബി കുടിക്കാറുണ്ടോ?”
“ഉണ്ടായിരുന്നു മുമ്പ് – ഇപ്പോ എന്നെ അതിൽ നിന്ന് രക്ഷിക്കാൻ സുഹൃത്തുക്കൾ എന്നോടൊപ്പം താമസിക്കാൻ വന്നപ്പോർ കുറഞ്ഞു. “
” എന്നോട് സ്നേഹമുണ്ടെങ്കിൽ അബി ഇനി കുടിക്കരുത്.” അവൾ കരഞ്ഞു.
“അയ്യോ – മോള് കരയാതെ. നിന്നാണെ സത്യം – ഞാനിനി കുടിക്കില്ല”
അങ്ങനെ ജിൻസി ക്ക് വേണ്ടി അവൻ കുടി നിർത്തി.
മറ്റൊരു ദിവസം അവൻ്റെ ശബ്ദത്തിൽ ഏതോ വേദന – “എന്താ അബി ശബ്ദത്തിനിടർച്ച? സുഖമില്ലേ?” അവൾ ആധിപ്പെട്ടു.
“ജിൻസീ- നാട്ടീന്ന് കോൾ വന്നു. അച്ഛന് പെട്ടെന്ന് ഹാർട്ട് സർജറി വേണം.നാലര ലക്ഷം കെട്ടി വെക്കണം – ബിസിനസ് അൽപം ടൈറ്റാണ്. ബയേഴ്സ് ഒന്നും പെയ്മൻറ് നടത്തുന്നില്ല. ജോലിക്കർക്ക് ഈ മാസം എങ്ങനെ ശമ്പളം കൊടുക്കുമെന്നറിയില്ല. നാല് ലക്ഷം എങ്ങനേയോ ഒപ്പിച്ചു: ഇനി അമ്പതിനായിരം എങ്ങനെ?” അവൻ്റെ ശബ്ദം നനഞ്ഞു.ജിൻസിയുടെ ഹൃദയം അലിഞ്ഞു
“വീടിൻ്റെ മുൻഭാഗം പൊളിഞ്ഞിരിക്കയാണ്. മഴ വന്നാൽ ചോരും. അത് നന്നാക്കാൻ ഞാനൊരു കുറി വിളിച്ചിട്ടുണ്ട്. നാളെ കിട്ടും. ഞാനത് തരാം? എന്ന് തിരിയെ കിട്ടും അബി?” അബി വിലക്കി- “വേണ്ട പൊന്നേ- നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല.”
ജിൻസി അല്പം സ്വരം കടുപ്പിച്ചു – ” അബീ – ഞാൻ പണക്കാരിയല്ല.എന്നാൽ നെഞ്ചലിവുണ്ട്. അക്കൗണ്ട് ഡീറ്റെയിൽസ് അയക്കു നാളെ പണമയക്കുo .”
അങ്ങനെ അവരുടെ ബന്ധം കൂടുതൽ കൂടുതൽ ദൃഢമായി. ഒരു ദിവസം അബി ജിൻസി താമസിക്കുന്ന സ്ഥലത്തെത്തി. ഹോട്ടലിൽ നിന്ന് അവൻ ജിൻസിയെ വിളിച്ചു .” ജിൻസി നീ ഇപ്പോൾ തന്നെ ലീവെടുത്ത് ഇങ്ങു വാ. നിന്നോട് പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട്.”
“അയ്യോ – അബീ ഡ്യൂട്ടിയിൽ കയറിയാൽ പിന്നെ രക്ഷയില്ല. വൈകീട്ട് ഹോസ്പിറ്റലിൽ വാ. നമുക്കൊന്നിച്ച് ചായ കുടിക്കാം. സംസാരിക്കാം.”
എങ്കിൽ ശരി. ഫോൺ കട്ടായി .വൈകീട്ട് കാണാൻ വന്ന അബിയെ അവൾ തിരിച്ചറിഞ്ഞില്ല. കുടവയർ ചാടിയ ഒരു താടിക്കാരൻ -പ്രായവും തോന്നും. വില കുറഞ്ഞ വസ്ത്രങ്ങൾ – പഴകിയ ചെരുപ്പ്.
അവൾക്ക് കരയാൻ തോന്നി. താൻ വഞ്ചിത
യായെന്നോ?”ജിൻസീ ഭയപ്പെടണ്ട – ഞാൻ തന്നെ. എൻ്റെ പഴയ ചിത്രങ്ങളാണ് ജിൻസി കണ്ടത്. ഇപ്പോ ദുബായിൽ സാമ്പത്തിക മാന്യം കൊണ്ട് എല്ലാവരും തകർന്നിരിക്കയല്ലേ? എല്ലാവരും ഇങ്ങനെ കോലം കെട്ട് – “
അവർ ക്യാൻറീനിൽ ചായ കുടിക്കാൻ കയറി. “എന്താ പറയാനുണ്ടെന്ന് പറഞ്ഞത്!”
അബി അവളുടെ കണ്ണുകളിലേക്ക് നോക്കി. “എന്തെല്ലാം പറയാനുണ്ട്! അതൊക്കെ ഇവിടെയിരുന്ന് പറയാനാവുമോ? എനിക്കാണെങ്കിൽ ഒരു തലചുറ്റൽ. ഒന്ന് കിടക്കണം.”
നമുക്ക് ഡോ.റെ. കാണിക്കാം അബി.കാഷ്വാലിറ്റിയിൽ പോവാം.”
‘അതൊന്നും വേണ്ട മോൾ- ടെൻഷൻ ഉണ്ട്. അതാ.”
എൻ്റെ പൈസ എപ്പോ തരും എന്നാണ് ആദ്യം ചോദിക്കാൻ വന്നത്.
അബി തുടരെത്തുടരെ മുഖം തുടച്ചു. ആകെ അവശനാണ്. “എങ്കിൽ ഒരു ഓട്ടോ കയറി റൂമിൽ ചെന്ന് കിടക്കൂ.”
അവർ പുറത്തിറങ്ങി.ഓട്ടോ വിൽ കയറിയപ്പോൾ അവൻ്റെ മുഖം ദയനീയമായി ചുവന്നു. വയ്യാത്തപ്പോൾ എന്നെ നീ തനിച്ചാക്കി പോവുമോ? തലകറക്കം – റൂമിൽ ആക്കി പോവൂ സുന്ദരീ- “
മനസ്സലിഞ്ഞ അവൾ കൂടെ കയറി.റൂമിൽ എത്തി ഏസി ഓണാക്കി അവനെ കട്ടിലിൽ കിടത്തി. ശരി – ഇനി ഉറങ്ങു- ഞാൻ നാളെ വരാം.കാലത്ത് 8 ന് ഡ്യൂട്ടിയിൽ കയറിയതാ. ഭയങ്കര ക്ഷീണം.” അബി കട്ടിലിൽ കിടന്ന് ക്ഷീണിതനായി പറഞ്ഞു: “നാം എത്ര അടുത്തവരാണ് ജിൻസീ- നീയും ഇവിടെ കിടന്ന് റെസ്റ്റടുത്ത് പോയാൽ മതി – “
“അത് പോരാ- ഞാൻ പോണു – റിസപ്ഷനിൽ പറഞ്ഞേൽപിക്കാം വേണ്ടിവന്നാൽ അവർ ഡോ.റെ വിളിക്കും. ഒരു മിനുട് – ഞാൻ ടോയ്ലറ്റിൽ പോയി വരാം- “അവൾ
പുറത്ത് വന്നപ്പോൾ വാതിൽ കുറ്റിയിട്ട് കൊണ്ട് അബി ചിരിച്ചു കൊണ്ട് അവളെ ചേർത്തണച്ചു.
“നാളെ പോകാം ജിൻസി- “താൻ എന്നും കൊതിച്ച നിമിഷം. സ്വപ്നത്തിൽ എത്രയോ കണ്ട ദൃശ്യം – വേണ്ട അബീ അപകടമാണ് – വേണ്ട – വിവാഹം കഴിക്കാതെ ഇതൊന്നും വേണ്ടാ – അവൾ കുതറി – അവൻ വിട്ടില്ല. ഒരു ആണിൻ്റെ കരുത്തിന് മുമ്പിൽ പെണ്ണിന് കുതറി രക്ഷപ്പെടാൻ ആവില്ല. താൻ ആയോധന കലകളൊന്നും പഠിച്ചു വെച്ചില്ല. മനസിന് കരുത്തുണ്ട്. ശരീരത്തിന് ഇല്ലാ-
അമ്മയുടെ കോൾ – അവൾ ചെരിഞ്ഞ് ബാഗിൽ നിന്ന് ഫോൺ എടുത്തു. “അമ്മേ ഒരു എമർജൻസി വന്നിട്ടുണ്ട്. നാളെ കാലത്തേ എത്തൂ.” ഈ നിലയിൽ അമ്മയ്ക്ക് മുമ്പിൽ പോകാനാവില്ല.
അവൾ പൊട്ടിക്കരഞ്ഞില്ല.. ചിലതെല്ലാം തീരുമാനിക്കാനുണ്ട്. അന്ന് രാത്രി എത്ര തവണയാണ് അവൻ്റെ ബലിഷ്ഠദേഹം തന്നെ കീഴ്പെടുത്തിയത് എന്ന് ഓർമയില്ല.
കാലത്ത് പോവുമ്പോൾ അവൾ പറഞ്ഞു: ‘ ”അബീ ഇന്നുതന്നെ വീട്ടിൽ വന്ന് വിവാഹക്കാര്യം പറയണം. വേഗം ഉറപ്പിക്കണം – ഈ സമയത്ത് എനിക്ക് pregnancy സാധ്യത കൂടുതലാണ്.”
മേൽവിലാസം ഒരു കടലാസിലെഴുതി അബിയെ ഏൽപ്പിച്ചു അവൾ യാത്രയായി. തന്നിലെ കാമുകി മരിച്ചിരിക്കുന്നു. അയാളുടെ കരുത്തുറ്റ കരങ്ങൾ പ്രണയത്തിൻ്റെ കഴുത്തു ഞെരിച്ചു. അവൾ സുദീർഘമായി നിശ്വസിച്ചു.
അന്നവൾ കാത്തു. അബി വന്നില്ല. വർഷം വന്നു വേനൽ വന്നു വസന്തം വന്നു – അബി വന്നില്ല. വന്നത് ഒരു സുന്ദരി മോളാണ്. ആശുപത്രിയിൽ സൗകര്യമുണ്ടായിട്ടും അവൾ കുട്ടിയെ നശിപ്പിച്ചില്ല. അച്ഛനും പിറകെ അമ്മയും ഈ ലോകത്ത് നിന്ന് യാത്രയായി. ജിൻസി പുതിയ ആശുപത്രിയിൽ ജോലിക്ക് ചേർന്നു. കുട്ടിയെ നോക്കാൻ വീട്ടിൽ ആളെ വെച്ചു.അബിയുടെ ഫോൺ നമ്പർ മാറി – FB മാറി. ഒരു വിവരവും ആരോടും ചോദിക്കാനില്ല. ആദ്യം സംശയിച്ചത് ശരിയായി – അവൻ ഒരു ഫേക്ക് ഐഡി. അബിയെ പിന്നെയവൾ ഓർത്തതേയില്ല. അവനെപ്പോലൊരു ആൾമാറാട്ടക്കാരനാണ് തൻ്റെ കുഞ്ഞിൻ്റെ അച്ഛൻ എന്നത് അവൾ മറക്കാൻ ശ്രമിച്ചു. എന്നാലവൻ്റെ ഒരു നേർ ചിത്രം അവൾ ഹോട്ടലിൽ വെച്ച് മൊബൈലിൽ എടുത്തിരുന്നു. അവനൊപ്പം ഒരു സെൽഫി.
ആശുപത്രിയിൽ ഒരു രോഗിക്കൊപ്പം വന്ന ആളെ കണ്ട് ജിൻസി അമ്പരന്നു. തൻ്റെ ക്ലാസ് മേറ്റ് ജിനു !
“ജിനു – നീ ഗൾഫിലെ ഏതോ ഹോസ്പിറ്റലിൽ ആയിരുന്നല്ലോ. കോൺട്രാക്ട് തീർന്നോ.” അവൾ സന്തോഷത്തോടെ അവൻ്റെ കരം ഗ്രഹിച്ചു. “അതൊക്കെ ഒരു കഥയാണ് ജിൻസി – വിചാരിച്ച പോലെ വലിയ സമ്പാദ്യമൊന്നുമുണ്ടായില്ല. നീ ഇവിടെയാണല്ലോ.’
“ഇവിടേം മെച്ചമൊന്നുമില്ല ജിനു. പക്ഷേ – എൻ്റെ മോളെ വളർത്തിയെടുക്കണ്ടേ?”
“ഓ- നിൻ്റെ കല്യാണമൊക്കെ കഴിഞ്ഞോ? അറിയിച്ചില്ലല്ലാ.”
“കല്യാണം കഴിക്കാതെ അമ്മയായിക്കൂടേ?”: “ജിൻസി – നീ പറ .എന്താണുണ്ടായത്?”
മുഴുവൻ കേട്ടപ്പോൾ അവൻ ഒരു ഫോട്ടോ മൊബൈലിൽ നിന്ന് തിരഞ്ഞെടുത്തു. “ഇവനാണോ?”
ജിൻസി ശരിക്കും ഞെട്ടി.” പക്ഷേ ഇവൻ അബിയല്ലാ ആൽഫിയാന്ന്. ആൽഫ്രഡ് ജോൺ. എൻ്റെ റൂം മേറ്റായിരുന്നു – ഇപ്പോ എവിടെയെന്ന് ആർക്കും അറിയില്ല. റൂം മേറ്റ്സിനൊക്കെ രണ്ടും മൂന്നും ലക്ഷം ഇന്ത്യൻ കറൻസി കൊടുക്കാനുണ്ട്. എനിക്ക് മൂന്ന് ലക്ഷം. നാട് നിറയെ കാമുകിമാർ. എല്ലാവരേയും FB യിലെ ഫേക്ക് ചിത്രം കാണിച്ച് പറ്റിച്ചതാണ്. ഓഫീസിലെ ഒരു പെൺകുട്ടിക്കൊപ്പം എല്ലാമാസവും നാലാം തിയ്യതി മമെടുക്കും. എല്ലാ ദിവസവും മൂക്കറ്റം മദ്യപിക്കും. ഓരോ കാമുകിയോട്ടം പറയും, നിനക്ക് വേണ്ടി കുടി നിർത്തി എന്ന് .ഓരോ കാമുകിയിൽ നിന്നും പണം കടം വാങ്ങും- പ്രേമലഹരിയും എന്ത് വില കൊടുത്തും അവർ അവൻ്റെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കും.ഇത്തരമൊരു ചതിയൻ കുഴിച്ച കുഴിയിൽ നീയും വീണല്ലോ ജിൻസി. ശരിക്കും സങ്കടമുണ്ട്.ഞങ്ങൾ അവൻ്റെ വീട്ടുകാരെ ചെന്നു കണ്ട് പണം തിരിയെ തരാൻ പറഞ്ഞിട്ടുണ്ട്. അച്ഛന് ഹാർട്ട് സർജറി എന്ന് പറഞ്ഞ് പലരോടും കടം വാങ്ങിയിട്ടുണ്ട് – അച്ഛന് ഇന്ന് വരെ ഹൃദയത്തിന് ഒരു തകരാറും വന്നിട്ടില്ല.”ജിനു പൊട്ടിച്ചിരിച്ചു.
“അതെ – തകരാറ് ഞങ്ങളിൽ ചില പെൺകുട്ടികൾക്കായിരുന്നു – നോക്കട്ടെ എൻ്റെ മോളെ എങ്ങനെ സ്ട്രോങ്ങായി വളർത്താൻ സാധിക്കുമെന്ന് – അവളിലൂടെയാണ് ഞാനീ വഞ്ചനയ്ക്കുള്ള മറുപടി കൊടുക്കാൻ പോണത്. “
ജിൻസി കീഴ്ത്താടി മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ആശുപത്രി വരാന്തയിലൂടെ നടന്നു പോയി.
അവളുടെ പ്രണയ ജ്വാല ആളിക്കത്തി ജീവിതം ഒരു പിടി ചാരമായി എന്ന് പറയാനാവുമോ പ്രിയരെ? ആ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നവരെ എന്ത് വിളിക്കും?
(ഇതൊരു ജീവിത സംഭവമാണ്.കാൽപനിക കഥയല്ല. FB യിലൂടെ വഞ്ചിതരാവുന്ന ആണും പെണ്ണും ജാഗ്രതൈ- നേരിൽ കണ്ടറിയാതെ ആരെയും പ്രേമിക്കാൻ തുനിയരുത്. )
Leave a Reply