പൊള്ളിക്കാം നിങ്ങള്‍ തന്നാത്മാവിനെ

posted in: blog | 0

എന്നെ അടയാളപ്പെടുത്തി
കടന്നു പൊകണമെനിക്ക്‌.
ചോരയിലെഴുതിയ വാക്കുകളാൽ നിന്റെ
ആത്മാവിനെ പൊള്ളിക്കണമെനിക്ക്‌.
അങ്ങനെ നിന്നെ ഉണർത്തണമെനിക്ക്‌.

ചങ്ങലകളെ ആഭരണമാക്കുന്നവർക്കായി,
വളർത്തുമൃഗങ്ങളെപ്പോൽ
അഴികൾക്കപ്പുറത്ത്‌ കഴിയുന്നവർക്കായി,
ഇതാ ഒരു ഗീതം.
എന്റെ തോട്ടത്തിൽ നിന്നകന്നു പോയ്‌
പക്ഷികൾ,പൂമ്പാറ്റകളും..
കരിഞ്ഞു പോയ്‌ പൂമൊട്ടുകളെന്നാലും
ഞാൻ പാടുകയാണ്‌ നിനക്കായൊരു ഗീതകം.
ക്ഷതം പറ്റിയ ആത്മാക്കൾക്കായി,
പരാജിതകൾക്കായി
പ്രാണനെ പിളർന്ന് വരികയാണീ
സാന്ത്വന വചസ്സുകൾ.
സ്നേഹത്തിന്നായ്‌ വിശക്കുന്നവരേ,
നിങ്ങളുടെ ജ്ഞാനേന്ദ്രിയങ്ങൾക്കിതു
ലഹരിയാവട്ടെ.
നര സമൂഹത്തിന്റെ ഏകത്വവും
സമത്വവും സ്വപ്നം കാണുന്നവരേ..
നിങ്ങളുടെ ആത്മ രോദനങ്ങൾ
ഞാൻ കേൾക്കുന്നു.
കലങ്ങിയ കണ്ണുകൾ കാണുന്നു.
ചിരി മറന്ന ചുണ്ടുകളെ അറിയുന്നു.
മാംസത്തിനും മദ്യത്തിനുമിടയിൽ
അട്ടഹസിക്കുന്ന കാമക്കോമരങ്ങക്ക്‌ നേരെ
പ്രിയംകരികളേ!നിങ്ങൾ പടവാളെടുക്കുക.
എന്നാൽ പ്രണയിതാവിന്റെ ചിരന്തന പേമത്തെ
നെഞ്ചോട്‌ ചേർക്കുക.
പീഢനവും താഢനവും വേണ്ട നമുക്ക്‌
അട്ടിമറിക്കുക നാം പരമ്പരാഗത പെൺകൽപനകൾ..
വിമോചന പോരാട്ടത്തിന്റെ ഈ അവിസ്മരണീയ ദിനത്തിൽ സ്വതന്ത്രചിന്തകൾക്ക്‌ നാം ചിറകു നൽകുക.
നമ്മൾ തൻ മാന്യത,സ്വാതന്ത്ര്യം
ഇവകളെ വ്രണപ്പെടുത്താൻ അനുവ്ദിക്കായ്ക.
അറിയുക,നമ്മുടെ മഹത്വം ,അവകാശങ്ങൾ,അർഹതകൾ
വെടിയായ്ക ഒരു നാളും ആത്മാഭിമാനം.
നമ്മിൽ തന്നെ നുമ്മുടെ ഭാഗധയത്തിൻ
ഭാഗ്യജാതകം.
കളിപ്പാട്ടമല്ല നാം,ദാസിയല്ല നാം
ഉപകരണമോ യന്ത്രമോ
അല്ല തന്നെ നാം.
മൃണ്മയ സ്വപ്നത്തേക്കാൾ എത്ര സുഭഗം സുന്ദരം
ഈ വാസ്തവിക പ്രപഞ്ചം..ജീവിതം..
അപ്പൊ ൾ പ്രിയങ്കരികളേ..
നമുക്ക്‌ നമ്മെതന്നെ അടയാളപ്പെടുത്തി
കടന്നു പോകാം.

Leave a Reply

Your email address will not be published. Required fields are marked *